കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് തള്ളിയത്. ഹർജിക്കാരന് ദുരന്തത്തിൽ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അർജുന നൽകിയ ഹർജി പരിഗണിച്ചിട്ടില്ല.
വയനാട് ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി 260.56 കോടി രൂപ അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുൻപ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ 682.5 കോടി അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴത്തെ പുതിയ സഹായം. കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ മന്ത്രിമാർക്ക് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയോട് അലർജിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനം പ്രോജക്ട് നൽകാത്തതു കൊണ്ടാണ് പദ്ധതികൾ അനുവദിക്കാൻ കഴിയാത്തതെന്നും അവർ പറഞ്ഞു. ഫെഡറൽ സംവിധാനം നിലനിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് പദ്ധതികൾ ചാക്കിൽ കെട്ടി കൊണ്ടുവന്നു കൊടുക്കാൻ കഴിയില്ല. മന്ത്രി മുഹമ്മദ് റിയാസ് ഇതുവരെ സുരേഷ് ഗോപിയെ കണ്ടിട്ടില്ല. ഒഡീഷ മുഖ്യമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും സുരേഷ് ഗോപിയെ കണ്ടു. തമിഴ്നാട്ടിലെ ടൂറിസം മന്ത്രി നാലുതവണയാണ് സുരേഷ് ഗോപിയുമായി ചർച്ച നടത്തിയത്. കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ് ഗോപിയെ അലർജിയാണ്. പിന്നെങ്ങനെയാണ് വികസനം കൊണ്ടുവരാൻ കഴിയുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ സ്പോണ്സര്മാരില് ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്ന കണ്ടെത്തലിൽ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരനെന്നാണ് വിവരം.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ആരാണോ തട്ടിപ്പ് നടത്തിയത് ദേവസ്വം ബോർഡിൻ്റെ വിജിലൻസ് അത് കണ്ടെത്തുമെന്നും കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നടപടിക്രമങ്ങൾ ഒന്നും സുതാര്യമല്ല ശബരിമലയിലെ സ്വർണ്ണം അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് അടിച്ചുമാറ്റി, ചെന്നൈയിൽ ദ്വാരപാലക ശില്പങ്ങൾ എത്താൻ സമയമെടുത്തു, സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടി വച്ചുവെന്നും സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് ആരാണ്, ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാൻ പറ്റുന്ന സാങ്കേതികവിദ്യയിലാണ് സ്വർണം പൂശിയിരുന്നതെന്നും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും ദേവസ്വം വിജിലൻസ് മാത്രം കേസ് അന്വേഷിച്ചാൽ പോരാ എന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡൻറ് അടക്കം രാജിവച്ചു പുറത്തു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തൽ. 2019ൽ ചെന്നൈയിലെ കമ്പനിയിലെത്തിച്ചത് മുൻപൊരിക്കലും സ്വർണം പൂശിയിട്ടില്ലാത്ത ചെമ്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ ബി പ്രദീപ് വെളിപ്പെടുത്തി. അതേസമയം സ്വര്‍ണ്ണപ്പാളി തട്ടിപ്പില്‍ സമഗ്ര അന്വേഷണമാണ് വേണ്ടതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നു. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു .2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേ സമയം ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിന് എത്തിയതെന്നും തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ ഉള്ള പൂജാ നടന്നതെന്നും ജയറാം പ്രതികരിച്ചു.
ശബരിമലയിൽ സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് തന്ത്രി കുടുംബാംഗമായ കണ്ഠര് മോഹനര് പ്രതികരിച്ചു. ദ്വാരപാലക വിഗ്രഹം ഉൾപ്പെടെ എല്ലാം സ്വർണം പൂശിയതായിരുന്നു. ഒരു വർഷമെടുത്താണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. 30 കിലോ സ്വർണം വിജയ്മല്യ ഭക്തി പുരസ്ക്കരം സമർപ്പിച്ചു. സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്നും ദ്വാരപാലകശിൽപം സ്വർണമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുൻപാകെ ഹാജരാകും. സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കൽ ബോർഡ് ചേരുന്നത്.
താന്‍ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും നടി റിനി ആൻ ജോർജ്. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയിൽ പങ്കെടുത്തത്. കെ ജെ ഷൈനിന് ഐക്യദാർഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ധർമ്മടം വള്ളംകളിയിൽ അഴിക്കോടൻ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. ഐപിഎൽ മാതൃകയിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ സിബിഎലിന്റെ അഞ്ചാം പതിപ്പിലെ മലബാർ മേഖലാ മത്സരത്തിൽ അഴീക്കോടൻ അച്ചാംതുരുത്തിയിലെ തുഴച്ചിൽക്കാർ വയലക്കര വെങ്ങാട്ട് ബോട്ട് ക്ലബ്ബിനെ മറികടന്നാണ് ഫിനിഷിംഗ് ലൈനിലെത്തിയത്.
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയില്‍ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളും സഹകരണ സംഘങ്ങളും കോടികള്‍ നിക്ഷേപിച്ചത് നിയമം ലംഘിച്ചെന്ന് റിപ്പോർട്ട്. നിക്ഷേപിച്ച പണം കിട്ടാതായതോടെ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകള്‍ തന്നെ ബ്രഹ്മഗിരിക്കെതിരെ നിയമനടപടി തുടങ്ങിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ബാങ്കുകളില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയോളം രൂപയാണ് എത്തിച്ചതെന്നാണ് കണക്ക്.
കണ്ണൂർ കല്യാട് വീടില് നിന്ന് സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തിൽ കർണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമായ മഞ്ജുനാഥ് അറസ്റ്റിലായി. കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു കല്ല്യാടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും ദർഷിത മോഷ്ടിച്ചത്. അടുത്ത ദിവസം ഹുൻസൂരിലെ ലോഡ്ജിൽ ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
പോക്സോ കേസിൽ സിപിഎം പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്ത്കളം എൻ ഷാജി (35) അറസ്റ്റിലായി. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കൊടുവായൂരിൽ കട നടത്തുന്നയാളാണ് പ്രതിയായ ഷാജി. കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ഇയാൾ ഉപദ്രവിച്ചത്. സംഭവത്തെ തുടർന്ന് സിപിഎം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷയും 122000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചനമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശിയായ നാടോടി പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്.
അഫ്ഗാനിസ്ഥാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ തള്ളി താലിബാൻ. പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ തേഞ്ഞുപോയെന്നും അവ മാറ്റിസ്ഥാപിക്കുകയാണെന്നും അതിനാലാണ് ഇന്റർനെറ്റ് ലഭ്യത നഷ്ടമായതെന്നും താലിബാൻ അറിയിച്ചു. വാർത്തകൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലുടനീളം ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ താലിബാനോട് യുഎൻ ആവശ്യപ്പെട്ടിരുന്നു.
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സമര നേതാവ് സോനം വാങ് ചുക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വാങ് ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അതിനിടെ, മജിസ്ട്രേറ്റ് തല അന്വേഷണം സംഘടനകൾ തള്ളി. മജിസ്ട്രേറ്റ് തല അന്വേഷണം കൊണ്ട് പ്രയോജനമില്ലെന്നും സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായി ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് സംഘടനകളുടെ വാദം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറി ശൃംഖലക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളോട് നിർദേശവുമായി ബോംബെ ഹൈക്കോടതി. യുകെയിലെ ബർമിംഗ്ഹാമിലെ പുതിയ ഷോറൂമിന്റെ പ്രചാരണത്തിനായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവാദ പാകിസ്ഥാനി സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അലിഷ്ബ ഖാലിദിനെ കമ്പനി ഏർപ്പാട് ചെയ്തതിനെ തുടർന്നാണ് മലബാർ ഗോൾഡിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രചാരണമുണ്ടായത്.
ജെഎൻയു ക്യാമ്പസിൽ എബിവിപിയും ഇടത് വിദ്യാർഥി സംഘടനകളും തമ്മിൽ സംഘർഷം. ജെഎൻയുവിലെ പൂർവ വിദ്യാർത്ഥികളായ ഷർജിൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും ചിത്രം അടങ്ങിയ രാവണന്റെ രൂപം കത്തിക്കാൻ എബിവിപി ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഉമർ ഖാലിദും ഷർജിൽ ഇമാമും നിലവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായും 2020ലെ ദില്ലി കലാപ ഗൂഢാലോചന കേസുമായും ബന്ധപ്പെട്ട് ജയിലിലാണ്.
അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇത് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഫ്ഗാൻ വിദേശ ബന്ധങ്ങൾ ശക്തിപ്പെടുത്താനും പാകിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കാനും തയ്യാറാണെന്നതിന്റെ സൂചനയാണ് മുത്തഖിയുടെ ഇന്ത്യാ സന്ദർശനമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊളംബിയയിലെ പരാമർശത്തിൽ പ്രതികരണവുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ. പാർട്ടി പരിഗണനകൾക്ക് അതീതമായി ഇന്ത്യൻ നേതാക്കൾ രാജ്യത്തിന്റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടി സംസാരിക്കണമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ റേമണ്ട് വിക്കറി ആവശ്യപ്പെട്ടു.ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് നേരെയുള്ള വ്യവസ്ഥാപിതമായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി ബുധനാഴ്ച ഇഐഎ യൂണിവേഴ്സിറ്റിയിൽ (EIA University) വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ സംസാരിച്ചിരുന്നു.
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ രക്തബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. എയിംസ് രക്തബാങ്ക് ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന്, ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഔട്ട്സോഴ്സ് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജാജ്, ഹീറോ, ടിവിഎസ് കമ്പനികളെയാണ് രാഹുൽ എടുത്തുപറഞ്ഞ് പ്രശംസിച്ചിട്ടുള്ളത്. സ്വന്തം സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് വിജയം നേടാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ജുമാ നമസ്കാരം നടത്താൻ ആളുകൾ ഒത്തുകൂടുമ്പോൾ അശാന്തി ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ വ്യാഴാഴ്ച ഉച്ച മുതൽ നിർത്തിവച്ചു. ഒക്ടോബർ 2 ന് ഉച്ചകഴിഞ്ഞ് 3 മുതൽ ഒക്ടോബർ 4 ന് ഉച്ചകഴിഞ്ഞ് 3 വരെ ബറേലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ആശങ്കയെ തുടർന്ന് ബറേലി ഡിവിഷനിലെ നാല് ജില്ലകളിലും സുരക്ഷ ശക്തമാക്കി.
റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള അമേരിക്ക നടത്തുന്ന സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി എന്റെ സുഹൃത്താണ്, മോദി ഒരിക്കലും സമ്മർദ്ദത്തിന് വഴങ്ങി റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് തനിക്ക് വിശ്വാസമുണ്ട്. റഷ്യയുടെ ഇടപെടലിലും വിശ്വാസ്യതയിലും നരേന്ദ്ര മോദിക്ക് ബോധ്യമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു.
സർക്കാരിന്റെ കടുത്ത ചെലവുചുരുക്കലിനെതിരെ ഫ്രാൻസിലെ ഇരുന്നൂറിലധികം നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ രാജ്യം സ്തംഭിച്ചു. ഈഫൽ ടവർ അടക്കമുള്ള പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങൾ വരെ അടച്ചിടേണ്ടി വന്നു. തൊഴിലാളികളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന പ്രതിഷേധക്കാർ ചെലവുചുരുക്കലിൽ പ്രതിഷേധിച്ചും സമ്പന്നർക്ക് ഉയർന്ന നികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ടും പാരിസിലെ പ്ലേസ് ഡി’ഇറ്റലിയിൽ മാർച്ച് നടത്തി.
