f26a7cef 9d84 477b a438 037f5a5d032f 20250913 140628 0000

ജിഎസ്ടി നിരക്കിലെ മാറ്റം നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ പ്രദേശിലെ ഇറ്റാ നഗറില്‍ എത്തി, ചെറുകിട കച്ചവടക്കാരും , വ്യാപാരികളുമായി മോദി സംവദിച്ചു. വ്യാപാരികള്‍ വലിയ പ്രതീക്ഷയിലാണെന്നും, ജിഎസ്ടി നിരക്ക് മാറ്റത്തിലൂടെ ഇരട്ടി ഐശ്വര്യമെത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം നിരക്ക് മാറ്റം ആഴത്തിലുള്ള മുറിവിലൊട്ടിച്ച ബാന്‍ഡ് എയ്ഡ് മാത്രമാണെന്ന കോണ്‍ഗ്രസ് വിമര്‍ശത്തിന് പ്രതിപക്ഷത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത പ്രഖ്യാപനമെന്ന് അമിത് ഷാ മറുപടി നല്‍കി.

 

പുതിയ ജിഎസ്ടി നിരക്ക് ഇന്നു മുതൽ പ്രാബല്യത്തില്‍ വന്നതിനെ തുടർന്ന് അഞ്ചു ശതമാനം, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപണിയിൽ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നതിനെ തുടർന്ന് നിത്യോപയോഗ സാധനങ്ങൾക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും. കാൻസർ, ഹീമോഫീലിയ, സ്‌പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേൽ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂർണമായി ഇല്ലാതായത്. അതേസമയം പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്.

 

ജിഎസ്ടി കൗണ്‍സിലിന്‍റെ തീരുമാനത്തില്‍ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. എന്നാല്‍ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്‍റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല. മാത്രമല്ല ജിഎസ്ടി പരിഷ്കരണത്തിന്‍റെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ല. 50,000 കോടി മുതല്‍ 2,00000 രൂപവരെ നഷ്ടം കേരളത്തിന് സംഭവിക്കാം എന്നുള്ള അഭിപ്രായങ്ങളുണ്ട് എന്നും മന്ത്രി പ്രതികരിച്ചു.

 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന് വീണ്ടും നിയമക്കുരുക്ക്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടത്തുന്നുവെന്ന്കാണിച്ചാണ് നോട്ടീസ്. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. എന്നാൽ മുസ്ലിം ലീഗ് നോട്ടീസിന് മറുപടി നൽകിയെന്നും, പത്തു വീടിന് നിർമ്മാണ അനുമതി കിട്ടിയിരുന്നു, സാങ്കേതിക പ്രശ്നം മാത്രമെന്നും അപേക്ഷ നൽകിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു.

 

പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാന്‍ മില്‍മ എറണാകുളം യൂണിയനില്‍ ഭരണസമിതിയുടെ നീക്കം. എംഡി നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുളള ഭരണഘടനാ ഭേദഗതി പൊതുയോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. ഭരണസമിതിയുടെ നീക്കത്തിനെതിരെ മില്‍മയിലെ സിഐടിയു യൂണിയനടക്കം സര്‍ക്കാരിനെ സമീപിച്ചു.

 

സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസിൽ പിന്തുണ ഏറുന്നു. വിഷയം രമ്യമായി പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പൊതു ചർച്ചയുടെ അടിസ്ഥാനത്തിൽ നേതാക്കൾ കൂടിയാലോചന നടത്തും. നാളെയോ മറ്റന്നാളോ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

 

എഐ, ഓട്ടോമേഷൻ ഉൾപ്പടെയുള്ള വെല്ലുവിളികൾ പാർട്ടി മനസ്സിലാക്കണമെന്ന് സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുമായി നിരന്തരം സമ്പർക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കിൽ ബ്യൂറോക്രാറ്റിക് പ്രവണത പാർട്ടിയിൽ വളരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

 

പാലിയേക്കരയിലെ ടോൾപിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്.

 

സ്ഥലം മാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ വ്യവസ്ഥകൾ പാലിക്കണമെന്ന സിഎടി ഉത്തരവ് ചോദ്യം ചെയ്തുള്ള പ്രധാന ഹർജി ഇന്ന് പരിഗണിക്കുന്നുണ്ടല്ലോ എന്നും പ്രധാന കേസ് നിലവിലുള്ളപ്പോൾ എന്തിനാണ് പുതിയ ഹർജി പരിഗണിക്കുന്നതെന്നും കോടതി ചോദിച്ചു.

 

അടിമുടി മാറ്റത്തിന്റെ പാതയിൽ കെഎസ്ആര്‍ടിസി. ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങിയ നിരവധി നൂതനമായ ആശയങ്ങളാണ് കെഎസ്ആര്‍ടിസി ഇപ്പോൾ വിജയകരമായി നടപ്പിലാക്കി വരുന്നത്. കാലാനുസൃതമായി ബസുകളിൽ വരുത്തുന്ന മാറ്റങ്ങളും നവീകരണവുമെല്ലാം യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

 

സികെ ജാനുവിന്‍റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി യുഡിഎഫുമായി സഹകരിക്കും. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാര്‍ഡുകളില്‍ മല്‍സരിക്കാനും നീക്കമുണ്ട്. എന്‍ഡിഎ വിട്ടപ്പോള്‍ തന്നെ ഒരുപാട് പാര്‍ട്ടികള്‍ സംസാരിച്ചിരുന്നുവെന്നും ജെആര്‍പിക്കൊപ്പം സഹകരിക്കാനും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും സികെ ജാനു പറഞ്ഞു.

 

പമ്പാ സംഗമത്തിലേത് എഐ അല്ല അത്ഭുത സംഭവമാണ് എന്ന് കെപി ശശികല. സിപിഎമ്മുകാർ നോക്കിയാൽ മാത്രമേ കസേരയിൽ ആളുകളെ കാണുകയുള്ളൂ, അയ്യപ്പഭക്തർ നോക്കിയാൽ കാണില്ല എന്നും ശശികല പറഞ്ഞു. പിണറായി ഭക്തനായി എന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തില്‍ ഭക്തനായാൽ നല്ലതാണ്, ഭക്തനായി അഭിനയിച്ചാൽ അതിനുള്ള പണി അയ്യപ്പൻ കൊടുത്തുകൊള്ളൂം എന്നും പറഞ്ഞു.

 

ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്. ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തിൽ രാവിലെ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും നടക്കും. മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത്.

 

പൊലീസ് യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന വനിതാ ബറ്റാലിയൻ കമാണ്ടൻറിൻെറ സർക്കു നിലനിൽക്കെ വീണ്ടും ചിത്രീകരണം. എന്നാൽ, ഇന്നലെ കളിയിക്കാവിളയിൽ നവരാത്രി ഡ്യൂട്ടിക്കിടെ എസ്ഐയും മറ്റ് പൊലീസുകാരും ചേർന്ന് റീൽസ് ചിത്രീകരിച്ച് നവമാധ്യമങ്ങളിലിട്ടു. വാർത്തക്ക് പിന്നാലെ റീൽസുകള്‍ നവമാധ്യമങ്ങളിൽ പിൻവലിച്ചു.

 

പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്‍റെ ഭാര്യയും മകനും മകളും ആണ് പ്രിയങ്ക ഗാന്ധിയെ കണ്ടത്. മണ്ഡല പര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്‍റെ കുടുംബം അറിയിച്ചു.

 

സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ വെച്ച അനധികൃത വൈദ്യുതിക്കെണിയിൽ പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചത് 24 പേർ. ഇതിൽ 10 പേർ പാലക്കാട് ജില്ലയിൽ നിന്നാണെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

 

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ആറിൽ സംഘടിപ്പിക്കുന്ന പിറവം വള്ളംകളി മത്സരം ഒക്ടോബർ നാലിന് നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പിറവം കൊള്ളിക്കൽ ഇറിഗേഷൻ വകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന യോഗം അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

 

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് ശിക്ഷാ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് റഹീം നിയമസഹായ സമിതി വ്യക്തമാക്കി. കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു.

 

കൺസ്യൂമർഫെഡ് മദ്യവില്പനശാലയിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. മലപ്പുറം മുണ്ടുപറമ്പിലെ വിദേശ മദ്യവില്പനശാലയിലാണ് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടന്നത്. പരിശോധനയിൽ ഇവിടെ നിന്നും കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.

 

താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ നിന്ന് മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ റസലിന്റെ വലയിലാണ് വിഗ്രഹങ്ങൾ കുടുങ്ങിയത്. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ലഭിച്ചത്. വിഗ്രഹങ്ങൾ ഉടൻ തന്നെ റസൽ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

 

സി.പി.എം വനിതാ നേതാവായ കെ.ജെ. ഷൈനിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസിൽ, കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. സൈബർ അധിക്ഷേപത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു

 

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ഫറോഖിലാണ് സംഭവം. എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇയാൾ. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

 

റഷ്യയിലെ സെച്ചിനോവ സര്‍വകലാശാലയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് മലപ്പുറം കിഴിശ്ശേരി സ്വദേശി ലക്ഷങ്ങൾ തട്ടിയതായി പരാതി. കിഴിശ്ശേരി സ്വദേശി അഹമ്മദ് അജ്നാസ്, പെൺ സുഹൃത്തും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ (ഫിദാമി ) എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഹമ്മദ് അജാസിനെതിരെ പൊലീസ് കേസെടുത്തു.

 

എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു, ധനീഷ് എന്നിവർക്ക് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്.

 

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതില്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. ആദ്യ ആത്മഹത്യ ശ്രമത്തിന് ശേഷം ആനന്ദിനെ ശിശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നു എന്നും ഡിഐജി വ്യക്തമാക്കി.

 

സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. 2009 ൽ ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.

 

കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം.

 

രാജ്യത്തെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറക്കുന്നു. വിശാഖപട്ടണത്താണ് ഭീമൻ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങിയിരിക്കുന്നത്. വിശാഖപട്ടണത്തേക്ക് സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 25നാണ് കാന്റിലിവർ ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുക.

 

ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീ പടർന്നത്. തീയണയ്ക്കാൻ ശ്രമം തുടരുന്നു. പോ‍ർബന്ദർ സുഭാഷ്നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തിങ്കളാഴ്ച തീ പിടിച്ചത്. ജാംനഗർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആ‍ർഎം ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

 

സൈനികഅട്ടിമറി നീക്കത്തെ തുടര്‍ന്ന് ജയിലിലായ ബ്രസീൽ മുന്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോയെ മോചിപ്പിക്കാനുള്ള പാര്‍ലമെന്‍റിന്‍റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ വൻ പ്രക്ഷോഭം. 26 സംസ്ഥാനങ്ങളിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. നിയമ നിര്‍മ്മാണ സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്‍റിന്‍റെ അധോസഭ പാസാക്കിയത്. ഇത് ബോള്‍സനാരോയുടെ ജയില്‍ മോചനം ഉറപ്പാക്കാന്‍ വേണ്ടിയെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.

 

പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടിറാ താഴ്‌വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ പാകിസ്താൻ സൈന്യം തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ആക്രമണം നടത്തിയത്. പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്

 

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു. ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വെല്ലുവിളിയും ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടുണ്ട്. യുകെയും ഓസ്ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *