ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കുടിശ്ശിക തീർക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു. 50 കോടി രൂപയാണ് കെഎംഎസ്‍സിഎല്ലിന് അനുവദിച്ചത്. എന്നാൽ, 2024 ഫെബ്രുവരി മുതൽ 25 മാർച്ച് വരെയുള്ള തുക ലഭിക്കാതെ സമരം നിർത്തില്ലെന്നാണ് വിതരണക്കാരുടെ നിലപാട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് ഗുരുതര പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് ഡോക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. മഹസർ രേഖകൾ കോടതി പരിശോധിച്ചു 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. സ്വർണ്ണപാളി കേസിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ വ്യക്തമാക്കി. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019ലാണ് ചെമ്പുപാളികൾക്ക് സ്വർണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല എന്നും സ്പോൺസർ പറയുന്നു.
അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയ ചർച്ച സഭയിൽ തുടരുന്നു. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു.സഭ നടപടികൾ നിർത്തിവച്ചാണ് ചർച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു.
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ പ്രതിപക്ഷ എംഎൽഎ എൻ ഷംസുദ്ദീൻ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. രോഗബാധയിൽ ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. രോഗം പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും ഇരുട്ടിൽ തപ്പുകയാണെന്നും എൻ ഷംസുദ്ദീൻ വിമര്‍ശിച്ചു.
തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധികന്‍റെ നിവേദനം നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം അത് നടക്കില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാമെന്നും വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് ആവര്‍ത്തിച്ച് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്നും സംഗമങ്ങള്‍ നടക്കുന്നത് നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പ സംഗമത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതിപക്ഷ നിലപാടിനെയും വെള്ളാപ്പള്ളി പരിഹസിച്ചു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതലെല്ലാം കുറ്റമെന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം.
കെ.ടി. ജലീൽ ഒളിച്ചോടിയെന്ന ഫേസ്ബുക്ക് പോസ്റ്റുമായി പി കെ ഫിറോസ്.
മലയാളം സർവകലാശാല ഭൂമി തട്ടിപ്പിൽ ഇടപെട്ട രേഖകൾ പുറത്ത് വിട്ടത്തോടെ ജലീൽ മുങ്ങി ,ജലീലിന് മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്‍റെ പകയും നിരാശയും ആണ്. പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കും എന്നും അദ്ദേഹം പരിഹസിച്ചു.
ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തിൽ വെച്ച് സിപിഎമ്മിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി. വീട് പണിയാൻ ഇറങ്ങിയവര്‍ കരുവന്നൂരില്‍ പണം കൊടുക്കാൻ കൗണ്ടര്‍ തുടങ്ങട്ടെയെന്ന് സുരേഷ്‍ഗോപി പറഞ്ഞു. കൊച്ചു വേലായുധന് വീട് നിര്‍മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സിപിഎം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരിൽ ഒരു കൗണ്ടര്‍ തുടങ്ങട്ടെയെന്നും സുരേഷ്‍ഗോപി വെല്ലുവിളിച്ചു.
മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസ് നടത്തും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
കണ്ണൂർ കോർപ്പറേഷനിൽ സൈറണിൻ്റെ ശബ്ദം കുറയ്ക്കുകയോ പകരം സംവിധാനമേർപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ സൈറണ്‍ കണ്ടുകെട്ടുമെന്ന് കളക്ടർ. എന്നാൽ സൈറണ്‍ ആചാരമെന്നും ഒരു വിട്ടു വീഴ്ച്ചയ്ക്കില്ലെന്നുമാണ് കോർപ്പറേഷൻ കൗണ്‍സിൽ തീരുമാനം. അതിരാവിലെ മുഴങ്ങുന്ന സൈറൺ തന്റെ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ആദ്യം നൽകിയ പരാതി.പരാതി കൗൺസിൽ ഐകകണ്ഠ്യേന തള്ളിയിരുന്നു.
ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരിൽ സൈബർ അക്രമണം നേരിടുന്ന ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. പലസ്തീൻ എന്ന നാട് ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയാൻ ഇസ്രയേൽ ശ്രമിക്കുമ്പോൾ, അവിടെ അവസാനിക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണെന്ന് ശിവപ്രസാദ് കുറിച്ചു. ‘ഗാസയിൽ കുഞ്ഞുങ്ങൾ വിശന്നിരിക്കുമ്പോൾ എന്‍റെ തൊണ്ടയിൽ എങ്ങനെ ചോറ് ഇറങ്ങും’ എന്നാണ് ലീലാവതി ടീച്ചർ ചോദിച്ചത്.
വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കണ്ണൂരിൽ ബാറിൽ വച്ച് ഓടക്കുഴലിന്‍റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വെച്ചിട്ടുള്ള ചിത്രമാണ് അടിക്കുറുപ്പോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലായിരുന്നു സംഭവം.
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖിൽ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്. നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖിൽ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ മേലുദ്യോഗസ്ഥർ പരിശോധിച്ച ശേഷവും അതിൽ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മണ്ണാർമലയില്‍ റോഡ് ഉപരോധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെട്ടത്തൂര്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് അടക്കം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പുലി ഭീതി അകറ്റണമെന്നാവശ്യപെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് മേലാറ്റൂര്‍ പൊലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നെന്നും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും മാര്‍ഗ തടസമുണ്ടാക്കിയെന്നുമാണ് കേസ്.
കൊച്ചിയിൽ ഷെയർ ട്രേഡിംഗിൽ കോടികളുടെ ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി 26 കോടി രൂപ തട്ടിയ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം അഞ്ചൽ സ്വദേശിനിയായ സുജിതയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കൊച്ചിയിലെ വ്യവസായി വ്യാജ ഷെയർ ട്രേഡിങ് ആപ്പിലെ നിർദ്ദേശപ്രകാരം പണം കൈമാറിയ അക്കൗണ്ടുകളിൽ ഒന്ന് സുജിതയുടെതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി മർദനമേറ്റ വെള്ളയ്യൻ. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ചിറ്റൂർ ഡിവൈഎസ്പിക്കെതിരെയാണ് വെള്ളയ്യൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൊഴിയെടുക്കാനെന്ന വ്യാജേന വിളിപ്പിച്ച ശേഷം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് വെള്ളയ്യൻ പറയുന്നത്.
ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രത്തിലെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം(33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.50ഓടെയാണ് അപകടമുണ്ടായത്.
ഇടുക്കി മുതലക്കോടം പള്ളിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റര്‍. വിവാദമായതോടെ പോസ്റ്റര്‍ നിഷേധിച്ച് ഇടവക വികാരി രംഗത്തെത്തി.പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും ഇടവക വികാരി വിശദീകരിച്ചു.ബുധനാഴ്ച രാവിലെയാണ് പോസ്റ്റര്‍ പുറത്തുവരുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ചാ വിഭാഗമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രിയ സുഹൃത്ത് നരേന്ദ്ര എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ആശംസ. മോദി ഇന്ത്യക്കായി പല നേട്ടങ്ങളും കൈവരിച്ചുവെന്നും ഇന്ത്യയും ഇസ്രായേൽ സൗഹൃദത്തിലും ഒരുപാട് മുന്നോട്ട് പോയിയെന്നും നെതന്യാഹു പുകഴ്ത്തി. ഒരുപാട് ലോക നേതാക്കളും സിനിമ കായികരംഗത്തെ പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു.
പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അദ്ദേഹം വാനോളം പുകഴ്ത്തി. ഇന്ത്യന്‍ സൈനികരുടെ ധീരതയേയും അദ്ദേഹം പ്രശംസിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിന് പട്‌ന ഹൈക്കോടതിയുടെ നിര്‍ദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് പിബി ബജന്ത്രിയുടേതാണ് നടപടി. എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വൈക്കോല്‍ കത്തിക്കുന്നതിലൂടെ രൂക്ഷമായ വായു മലിനീകരണത്തിന് കാരണക്കാരാകുന്ന കര്‍ഷകരില്‍ ചിലരെ ജയിലടയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്ന് സുപ്രീം കോടതി. എല്ലാ കൊല്ലവും ഒക്ടോബറില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വായു മലിനീകണം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി അഭിപ്രായം പങ്കുവെച്ചത്.
ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദോഹയിൽ ചേർന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനവും ഖത്തറിന് പൂർണപിന്തുണയും പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങൾ. പലസ്തീനുള്ള പിന്തുണക്കും ഉച്ചകോടി വേദിയായി. സഖ്യ രാഷ്ട്രങ്ങളിൽ ഏതു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണവും അറബ് – മുസ്ലിം രാഷ്ട്രങ്ങൾക്ക് നേരെയുള്ള ആക്രമണമായി കരുതുമെന്നും ഉച്ചകോടി വ്യക്തമാക്കി.
തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതായി മൂന്ന് കോൺഗ്രസ് എംപിമാർ സമ്മതിച്ചതായി ഭാരത് രാഷ്ട്ര സമിതി എംഎൽഎ പാഡി കൗശിക് റെഡ്ഡി ആരോപിച്ചു. ഒരു പത്രസമ്മേളനം നടത്തി എല്ലാവരോടും ഇക്കാര്യം വെളിപ്പെടുത്താൻ പോലും അവർ എന്നോട് ആവശ്യപ്പെട്ടുവെന്നും കൗശിക് റെഡ്ഡി അവകാശപ്പെട്ടു.
അസം ബിജെപി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വിവാദത്തിൽ. എഐ വീഡിയോ ആണ് എക്സ് ഹാൻഡിലിൽ പങ്കുവെച്ചത്. ബിജെപിയില്ലാത്ത അസം എന്ന പേരിലാണ് മുസ്ലീങ്ങളെ മോശമായി ചിത്രകരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയരുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് അസമിൽ ബിജെപി ഇല്ലെങ്കിൽ എന്തൊക്കെ സംഭവിക്കും എന്ന തലക്കെട്ടോട് കൂടി വീഡിയോ ബിജെപി നേതാക്കൾ പങ്കുവെച്ചത്.
ചാർളി കിർക്ക് കൊലപാതകത്തിലെ പ്രതി ടൈലർ റോബിൻസണിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, നിയമ സംവിധാനത്തെ തടസ്സപ്പെടുത്തൽ അടക്കം ഏഴ് കുറ്റങ്ങൾ ആണ് 22കാരനായ ടൈലർ റോബിൻസണിനെതിരെ ചുമത്തിയിട്ടുള്ളത്. ടൈലറിന് വധശിക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ചാർളി കിർക്കിന്റെ വിദ്വേഷ പരാമർശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ ടെക്സ്റ്റ് സന്ദേശങ്ങൾ പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിലെ കൺസർവേഷൻ ലാബിൽ സൂക്ഷിച്ചിരുന്ന അമൂല്യ സ്വർണ ബ്രേസ്‍ലെറ്റ് കാണാതായി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.21-ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്ന ഫറവോ സൈസെനസ് ഒന്നാമന്റേതാണ് ഈ അപൂർവ ബ്രേസ്‍ലൈറ്റ്. വരാനിരിക്കുന്ന ‘ട്രഷർ ഓഫ് ഫറവോസ്’ പ്രദർശനത്തിനായി ഇത് റോമിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നുവെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു.
രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും. ട്രംപിന്റെ സന്ദർശനത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറും. ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്.
പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ പരാമർശത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജിക്കാരനോട് നിങ്ങളുടെ ഭഗവാനോട് പറയൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വിനീത് ജിൻഡാല്‍ ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖലിസ്ഥാനി സംഘടനയുടെ ഭീഷണി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന ഖലിസ്ഥാനി സംഘടനയാണ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച കാനഡയിലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ 12 മണിക്കൂർ ഉപരോധം പ്രഖ്യാപിച്ചതായും റിപ്പോർട്ട് പുറത്തുവന്നു. സെപ്റ്റംബർ 18 ന് കോൺസുലേറ്റ് സന്ദർശിക്കരുതെന്ന് ഇന്തോ-കനേഡിയൻ പൗരന്മാരോട് സംഘടന മുന്നറിയിപ്പ് നൽകി.
പലസ്തീനിൽ യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം. ഒഴിഞ്ഞു പോകാൻ ഇസ്രയേൽ അനുവദിച്ച അൽ റഷീദ് പാതയിൽ നടന്ന് നീങ്ങാൻ പോലും സാധ്യമാവാത്തത്ര തിരക്കാണെന്നാണ് വിവരം. നഗരം പിടിച്ചെടുക്കാൻ ഒടുവിൽ ഇസ്രയേൽ കരയുദ്ധം കൂടി തുടങ്ങിയതോടെ ഗാസ കത്തുകയാണ്.