കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.
കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരിൽ നിന്ന് തിരിച്ചത്. ഉച്ചയക്ക് 12.30ഓടെ തൃശൂരിലെത്തി.
കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ഗോവിന്ദചാമിയുടെ മൊഴി. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദചാമി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് വിവരം. പുറത്തേക്ക് ഫോൺ വിളിക്കാൻ ജയിലിൽ സൗകര്യമുണ്ടെന്നും എല്ലാത്തിനും പണം നൽകണമെന്നും കൂടാതെ ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നും ഗോവിന്ദചാമി വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റകൈയ്യനാണെങ്കിലും രണ്ടു കൈയ്യുള്ള ആൾ ചെയ്യുന്നെതല്ലാം ചെയ്യാൻ ശാരീരിക ക്ഷമതയുള്ളയാളാണ് ഗോവിന്ദ ചാമിയെന്ന് മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം തലവൻ ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു. അതിനു വേണ്ടിയുള്ള പരിശീലനം ഗോവിന്ദ ചാമി സ്വയം നേടിയിട്ടുണ്ടെന്നും ഹിതേഷ് ശങ്കർ പറഞ്ഞു. സൗമ്യ കൊല കേസിൽ പിടിയിലായപ്പോൾ ഗോവിന്ദച്ചാമിക്ക് ശാരീരിക ക്ഷമത പരിശോധന നടത്തിയത് ഡോ. ഹിതേഷ് ശങ്കറായിരുന്നു.
കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണെന്ന് റിപ്പോർട്ട്. അംഗീകൃത പാർപ്പിട ശേഷിയെക്കാൾ ആയിരക്കണക്കിന് അധികം തടവുകാരാണ് നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്. ഇത് ജയിൽ ജീവനക്കാർക്ക് കടുത്ത ജോലി ഭാരവും സുരക്ഷാ വെല്ലുവിളികളും ഉയർത്തുന്നതാണ്.സംസ്ഥാനത്തെ ജയിലുകളുടെ ആകെ അംഗീകൃത പാർപ്പിട ശേഷി 7367 ആണെന്നിരിക്കെ, നിലവിൽ 10375 തടവുകാരാണുള്ളത്. ഇത് ശേഷിയേക്കാൾ 3000 ത്തിലധികം തടവുകാർ കൂടുതലാണ്.
കണ്ണൂരിലെ റബ്‌കോയുടെ ഉടമസ്ഥതയിലുള്ള 67.5 സെന്റ് സ്ഥലവും ഹെഡ് ഓഫീസ് കെട്ടിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയായതോടെ കോടികളുടെ നഷ്ടക്കണക്കിലായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റബ്കോ. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കൊടുക്കുന്നതിന് പോലും തടസം നേരിട്ടു. ഇതിനിടയിലാണ് നിക്ഷേപം തിരിച്ച് കിട്ടുന്നില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് വാഴയൂര്‍, മഞ്ചേശ്വരം, തൃക്കളത്തൂര്‍ സഹകരണ സംഘങ്ങളാണ് കോടതിയെ സമീപിച്ചത്.
ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് വീണ മരം നീക്കി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു. നിലവിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നാണ് നിർദേശം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.
തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.
ഗതാഗത നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ വാട്സ് ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടക്കുന്നതിൽ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്നതെന്നും അത്തരം ഫയല്‍ തുറക്കരുതെന്നും എംവിഡി മുന്നറിയിപ്പ് നൽകി.
ബഡ്സ് സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയ ഹട്ടുകൾ പൊളിച്ച് കളഞ്ഞ് തിരുനെല്ലി പഞ്ചായത്ത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ നിർമ്മിച്ച കുടിലുകളാണ് പഞ്ചായത്ത് പൊളിച്ചത്. പലതവണ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ലെന്നും തങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഹട്ടുകളാണ് പൊളിച്ചു കളഞ്ഞതെന്ന് കുട്ടികൾ പറഞ്ഞു. നേരത്തെ സ്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വന്നിരുന്നു.
നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ പർദ്ദ ധരിച്ചെത്തി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. സംഘടനയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് സാന്ദ്ര മത്സരിക്കുന്നതും പർദ്ദ ധരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയതും. നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾക്കെതിരേ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്. ഇതു മുൻനിർത്തിയാണ് പ്രതിഷേധ സൂചകമായി പർദ്ദ ധരിച്ച് എത്തിയത്.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിക്ക് 12 വര്‍ഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്.
മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്‍റൽ കോളേജിന് പുറകിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ പരിക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്.
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ.
കാർഗിൽ വിജയ ദിവസത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം നൽകിയതെന്നും ഭീകരതയെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കരസേന മേധാവി പറഞ്ഞു. കാർഗിൽ വിജയ് ദിവസത്തിന്റെ ഭാഗമായി ദ്രാസിലെ യുദ്ധസ്മാരകത്തിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി.
രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് ജലവാറിൽ സ്കൂളിലെ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണ് ഏഴ് കുട്ടികൾ മരിച്ചത്.മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന് കുട്ടികൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ, കുട്ടികളോട് ക്ലാസിൽ തന്നെ തുടരാൻ അധ്യാപകർ ആവശ്യപ്പെടുകയായിരുന്നു.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ. ഹെൻലി പാസ്പോർട്ട് സൂചികയിൽ ആഗോള തലത്തിൽ 47ാം സഥാനത്താണ് ഖത്തർ. ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. കഴിഞ്ഞവർഷം ഇത് 107 രാജ്യങ്ങളായിരുന്നു.
തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേർ പലായനം ചെയ്തു. മരണ സംഖ്യ 32 ആയി ഉയർന്നു. സംഘർഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു. അതോടൊപ്പം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി മേഖലയിലേക്ക് പോകരുതെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി.
ഗാസയിൽ മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ മരിച്ചുവീഴുന്നുവെന്ന് റിപ്പോർട്ട്. തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ ഉപരോധവും കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയിലാണ്. 122 ലധികം പേർ ഇതിനോടകം പട്ടിണിയിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 83 കുട്ടികളാണ് പോഷകാഹാരക്കുറവിൽ മരിച്ചു വീണത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ ആശുപത്രികളിൽ ഒമ്പത് പുതിയ മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍നിന്ന് 3,870 ജീവനക്കാര്‍ രാജിവെക്കുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബഹിരാകാശ ഏജന്‍സിയുടെ പുനഃസംഘടനയുടെ ഭാഗമായി 2025-ല്‍ ആരംഭിച്ച ഡെഫേഡ് റെസിഗ്‌നേഷന്‍ പ്രോഗ്രാമിന് കീഴില്‍ലാണ് ഇത്രയധികം ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിനിർത്തൽ ചർച്ചകളിൽനിന്ന് പിൻവാങ്ങിയ ശേഷം ഹമാസിനെതിരേ രൂക്ഷപ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസിനെതിരായ പോരാട്ടം പൂർത്തിയാക്കി അവരുടെ കഥ കഴിക്കാൻ ഇസ്രയേലിനോട് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് ഒറ്റക്കെട്ടല്ലെന്നും സദുദ്ദേശ്യത്തോടെയല്ല അവർ പ്രവർത്തിക്കുന്നതെന്നും ട്രംപ് വിലയിരുത്തിയതായി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.