വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം രാവിലെ സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിച്ചു. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം ഉണ്ടാകും. ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതോടൊപ്പം നാളെ നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.
ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകനാണ് വി എസ് അച്യുതാനന്ദൻ എന്ന് മന്ത്രി എം ബി രാജേഷ്. കാടും മലയും കടന്ന് എവിടെയും അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾക്കു വേണ്ടി എത്തുകയും സമരം നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് വ്യവസായി എം എ യൂസഫലി. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി മാധ്യമങ്ങളോട് പ്രതികരിച്ചു.
കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും നടൻ ജോയ് മാത്യു ഫേസ് ബുക്കിൽ കുറിച്ചു. അതോടൊപ്പം വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ന് കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.
കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേരളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ എഫ്-35ബി എന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് നേവിയുടെ വിമാന വാഹിനി കപ്പൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ പറന്നത്. യുകെയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികൾ ചെയ്ത ശേഷമാണ് മടക്കം.
ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ശ്രീലക്ഷ്മി കോടതിമുറ്റത്തു നിന്നും ആശുപത്രിയിലെത്തി ആൺകുഞ്ഞിന് ജന്മം നൽകി.ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസിൽ മൊഴി നൽകാനാണ് ശ്രീലക്ഷ്മി കോടതിയിൽ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസിൽ മൊഴി നൽകിയ ശേഷം മാത്രം പ്രസവ അവധി എടുക്കാമെന്ന് ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. പൊലീസുദ്യോഗസ്ഥ കാണിച്ച കൃത്യനിർവ്വഹണത്തോടുള്ള ആത്മാർത്ഥയെ സിറ്റി പൊലീസ് കമ്മീഷണർ അടക്കം അഭിനന്ദിച്ചു.
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ് നടപടികൾ പൂര്‍ത്തിയായി. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് അയക്കും.കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വായ്പ തട്ടിപ്പ് കേസില്‍ മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാർ കുറ്റക്കാരിയാണെന്ന് അപ്പീൽ ട്രൈബ്യൂണൽ. വീഡിയോകോൺ ഗ്രൂപ്പിന് 300 കോടി രൂപ വായ്പ അനുവദിക്കുന്നതിന് പകരമായി 64 കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഉത്തരവ്. ചന്ദ കൊച്ചാറിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ മോചിപ്പിക്കാനുള്ള 2020 നവംബറിലെ വിധിനിർണ്ണയ അതോറിറ്റിയുടെ തീരുമാനത്തെ അപ്പീൽ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്‍റേയും ധൻകറിന്‍റേയും കാര്യമെന്ന് മല്ലികാർജ്ജുൻ ഖർഗെ. ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. പശ്ചിമബംഗാൾ ഗവർണറായിരിക്കെയാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി. ഉപരാഷ്ട്രപതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് നേരത്തെ പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷൻ തള്ളിക്കളഞ്ഞിരുന്നു.
പാകിസ്ഥാനിൽ ദമ്പതികളെ മരുഭൂമിയിൽ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മരുഭൂമിയിൽ വെച്ചാണ് ക്രൂര കൊലപാതകം നയന്നത്. ഒരു വാഹനത്തിൽ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തത്.
പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച പാൻ 2.0 കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകൾ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി പരാമർശിച്ച കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ പ്രതികരിച്ചിരുന്നു.
എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള AI2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു.
ഭൂമിയിൽ നിന്നും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില ലേലത്തില്‍ 5.3 മില്യൺ ഡോളറിന് വിറ്റു. ന്യൂയോർക്കിൽ നടന്ന അപൂർവവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് NWA 16788 എന്ന് പേരിട്ടിരുന്ന ചൊവ്വ ഉൽക്കാശില വൻ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉൽക്കാശിലയ്ക്ക് ലേലത്തിൽ ലഭിക്കുന്ന പുതിയ റെക്കോർഡ് വിലയാണിത് എന്നാണ് റിപ്പോർട്ടുകൾ.
സ്‌റ്റെൽത്ത് ബോംബർ ആക്രമണത്തിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി.നാശനഷ്ടങ്ങൾ ഗുരുതരമാണ് ആണവ സമ്പുഷ്ടീകരണ പദ്ധതി നിർത്തിവച്ചിരിക്കുകയാണ് എന്നാൽ, ഞങ്ങളുടെ ദേശീയ അഭിമാനത്തിന്റെ പ്രശ്‌നമായതിനാൽ ആണവ സമ്പുഷ്ടീകരണം തുടരുകതന്നെ ചെയ്യുമെന്ന് അറാഖ്ചി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
റഷ്യയിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത പ്രസ്താവനയുമായി യുഎസ് സെനറ്റർ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന തീരുവ ചുമത്തുമെന്ന് യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നൽകി.