ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ദൗർഭാഗ്യകരമായിപ്പോയെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിലേക്ക് അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതൻ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ.
എ ഡി ജി പി എം ആര്‍ അജിത് കുമാർ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടർ യാത്രയെ വിമർശിച്ച് റവന്യു മന്ത്രി കെ രാജൻ. വകതിരിവ് എന്നൊരു വാക്കുണ്ടെന്നും ട്യൂഷൻ ക്‌ളാസിൽ പോയാൽ അത് പഠിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോയി. ദർശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.
ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. കുറ്റം ട്രാക്‌ടർ ഡ്രൈവറുടെ മേൽ ചുമത്തി, ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഇതിൻ്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. പമ്പ പോലീസാണ് കേസെടുത്തത്. എംആർ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല.
നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.
നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ട് ചർച്ച നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തത്. മാപ്പ് നൽകുന്നതിൽ തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യമില്ലെന്നും ആക്ഷൻ കമ്മിറ്റിയംഗം സജീവ് കുമാർ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക പ്രതികരണം ഇതുവരെയും വന്നിട്ടില്ല.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും ഓഫീസ് അറിയിച്ചു. കാന്തപുരത്തിന്റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലർ വിവാദം ആക്കുന്നത്. വാട്ടർ മാർക്ക് ഇല്ലാതെ പുറത്തുവിട്ടാൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.
നിമിഷ പ്രിയുടെ വധശിക്ഷ നീട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന കുപ്രചരണങ്ങളാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തെ ചൊടിപ്പിച്ചതെന്ന് സേവ് നിമിഷ പ്രിയ ഗ്ലോബൽ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സനും ഡിഎംസി ചെയർപേഴ്സനുമായ അഡ്വ. ദീപ ജോസഫ്. നിമിഷ പ്രിയയുടെ വിഷയത്തിൽ ക്രെഡിറ്റ് തട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടുക്കുന്നതെന്നും തലാലിന്‍റെ കുടുംബത്തിന്‍റെ കടുത്ത നിലപാടോടെ ഇനിയെന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും നിസഹായവസ്ഥയിലാണെന്നും അഡ്വ. ദീപാ ജോസഫ് പറഞ്ഞു
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയിൽ നിന്നും വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മോചനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കാന്തപുരം എപി അബൂബക്കർ മുസല്യാരെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മത പണ്ഡിതനെന്ന നിലയിൽ കാന്തപുരം നടത്തിയ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിന് വഴിവെച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദൻ വ്യക്തമാക്കി.
പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികൾക്ക് പട്ടികയിൽ തുല്യത ലഭിക്കുന്ന വിധത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. കേസ് നാലാഴ്ചയ്ക്കകം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികൾക്കും മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നോട്ടീസ് അയച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളിൽ അഴിമതിയാരോപിച്ച് യുവ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ശുചീകരണ ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് ആരോപിച്ചാണ് യുവ മോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയുമായി സിപിഎം. സിപിഎമ്മിന് പാർട്ടി പത്രവും ചാനലുമുണ്ട് എന്നാൽ അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യൽമീഡിയ സാധ്യതകളുപയോഗിച്ചേ മുന്നോട്ട് പോകാനാകു എന്ന് സിപിഎം വിലയിരുത്തിയിട്ടും അതിനുള്ള നടപടി തുടങ്ങിയിട്ടും നാളുകളായി. എന്നാൽ എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ല.
ജെഎസ്കെ സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമ ജൂലൈ 17ന് റിലീസ് ചെയ്യും.പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹർജി തീർപ്പാക്കിയത്. ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങൾക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.പേരടക്കം ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്കെ തിയറ്ററിലേക്ക് എത്തുന്നത്.
കേരള സർവകലാശാല റജിസ്ട്രാർ അനിൽകുമാറിന് അനുവദിച്ച ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള വിസിയുടെ ഉത്തരവ് നടപ്പായില്ല. റജിസ്ട്രാർ അനിൽകുമാർ ഇന്ന് തനിക്ക് സർവകലാശാല അനുവദിച്ച ഔദ്യോഗിക വാഹനത്തിൽ ജോലിക്കെത്തി. സെക്യൂരിറ്റി ഓഫീസറോട് കാർ ഗ്യാരേജിൽ സൂക്ഷിക്കാനും വാഹനത്തിൻ്റെ താക്കോൽ മിനി കാപ്പന് നൽകാനുമായിരുന്നു ഉത്തരവ്. എന്നാൽ തനിക്ക് സ്വന്തം വാഹനമില്ലെന്ന് പറഞ്ഞ റജിസ്ട്രാർ സർവകലാശാല നൽകുന്ന വാഹനത്തിലേ ജോലിക്കെത്താനാവൂ എന്ന് വ്യക്തമാക്കി.
താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നു തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
വിദ്യാഭ്യാസ വകുപ്പിനെതിരെ കുത്തിയിരിപ്പ് സമരവുമായി സിപിഎം നേതാവ് പത്തനംതിട്ട കുന്നന്താനം വടക്ക് ലോക്കൽ സെക്രട്ടറി എസ്.വി. സുബിൻ. പാലക്കൽത്തകിടി സെൻ്റ് മേരീസ് സർക്കാർ ഹൈസ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ ഇല്ലാത്തതിലാണ് സമരം. അധ്യാപകരെ ഉടൻ നിയമിക്കണമെന്നാണ് നേതാവിൻ്റെ ആവശ്യം.
പാലക്കാട് നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും സമയങ്ങളിലും ഇടപഴകിയവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശം നൽകി. നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ആലുവ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം എറണാകുളം ജില്ലാ കോഡിനേറ്റർ ഇജാസിന് എതിരെയാണ് കേസ്. 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരൻ ബാലകൃഷ്ണനെയാണ് ഇജാസ് മർദ്ദിച്ചത്.
കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ഷെറിൻ്റെ സഹ തടവുകാരി. ഷെറിൻ മന്ത്രി ഗണേഷ് കുമാറിൻ്റെ അടുപ്പക്കാരിയായിരുന്നു എന്നും ഷെറിന് കൊടുത്ത വാക്കുപാലിക്കാനായിരിക്കാം ജയിലിൽ നിന്ന് പുറത്തിറക്കുന്നതെന്നും തളിക്കുളം സ്വദേശി സുനിത പറഞ്ഞു.
ആലപ്പുഴ ജില്ലാ ജയിലിൽ തടവുകാരന് സഹ തടവുകാരുടെ ക്രൂരമർദനമേറ്റു. സഹ തടവുകാരായ അഞ്ചു പേർ ചേർന്നാണ് മറ്റൊരു തടവുകാരനെ മർദിച്ചത്. ജയിലിൽ എത്താനിടയായ കേസിനെ പറ്റി ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം പറയാത്തതിനാണ് മർദനമെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ഇന്നലെ അർധരാത്രിയാണ് സംഭവം.
കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ആ ദൗത്യത്തെക്കുറിച്ച് പുസ്തകമെഴുതുന്നു. അര്‍ജുന്‍റെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പോടെയാണ് എകെഎം അഷ്റഫ് ഇക്കാര്യം പങ്കുവെക്കുന്നത്.
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയിൽ മരിച്ചതിൽ സംശയങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ത്യൻ പൗരന് കിട്ടേണ്ട എല്ലാ നീതിയും ന്യായവും അവർക്ക് കിട്ടണം. ഷാർജയിലെ നിയമം അനുസരിച്ച് മൃതദേഹം ഭർത്താവിന് വിട്ടുകൊടുക്കും. ഇന്ത്യൻ നിയമ വ്യവസ്ഥയിലൂടെ അത് തടയാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലൻ്റ് ഹണ്ട് സീസൺ 5ന്റെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും.
ബെംഗളൂരുവിൽ ഗുണ്ടയെ വെട്ടിക്കൊന്ന സംഭവത്തിൽ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ പ്രതി ചേർത്ത് പൊലീസ്.46 കാരനായ ശിവകുമാർ ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയ തർക്കത്തെ തുടർന്ന് ബസവരാജിന്റെ ഗുണ്ടകൾ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവകുമാർ നേരത്തെ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
ഖത്തറിൽ ഗതാഗത നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ എത്തി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചെടുത്തില്ലെങ്കിൽ ലേല നടപടികളിലേക്ക് പോകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
പോസ്റ്റ് ഫ്ലൈറ്റ് റീഹാബിലിറ്റേഷനും നാസയുടെയും ഇസ്രൊയുടെയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല ഓഗസ്റ്റ് 17ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിൽ കൊടും ചൂട് തുടരുന്നു, ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ മറ്റു സ്ഥലങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രായേലി കുടിയേറ്റക്കാരുടെ കൂരമായ മർദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പലസ്തീൻ – യുഎസ് പൗരനായ സെയ്ഫ് മുസല്ലറ്റിന്‍റെ കൊലപാതകത്തെ അപലപിച്ച് ട്രംപ് ഭരണകൂടം. ലോകത്ത് എവിടെയായാലും യുഎസ് പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബി ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ അറിയിച്ചു. ലഷ്ക്കര്‍ ഭീകരന്‍ സുലൈമാന്‍ ഷായുടെ സാന്നിധ്യം വ്യക്തമായെന്നാണ് എന്‍ഐഎ പറയുന്നത്. കൂട്ടക്കുരുതിക്ക് പിന്നാലെ ആഹ്ളാദ പ്രകടനം നടത്തിയ ശേഷമാണ് ഭീകരര്‍ ബൈസരണ്‍ താഴ്വര വിട്ടതെന്ന നിര്‍ണ്ണായക മൊഴിയും എന്‍ഐഎക്ക് ലഭിച്ചു.
ഇസ്രയേലിൽ ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ. യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാർട്ടിയുടെ ആറ് അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്. മതവിദ്യാർത്ഥികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണിത്.