സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ഭാര്യക്കൊപ്പം ചുമതലയേൽക്കാനെത്തിയ അദ്ദേഹം ഇന്ന് പുലർച്ചെയാണ് ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു.
കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ചയുള്ളതായി തോന്നിയിട്ടില്ലെന്ന് ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ. ഇതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട് ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായി നടപടിയെടുക്കും ക്രൈം നടക്കുന്നുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും റവാഡ പറഞ്ഞു.കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ പരാതിക്കാരനായ ഒരു വ്യക്തി ഡിജിപിയുടെ അരികിലെത്തി തൻ്റെ പരാതിയിൽ നടപടിയാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പരാതി പരിശോധിക്കാമെന്ന് വാർത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖർ ഇദ്ദേഹത്തിന് മറുപടി നൽകി. പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരൻ വാർത്താസമ്മേളനം നടന്ന ഹാളിലേക്ക് കയറിയത്.
പൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയിൽ അന്വേഷണം. ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചു. കമ്മീഷണറുടെ അടുത്തെത്തി കയ്യിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ഇയാളെ തടഞ്ഞത്.
ഡിജിപി റവാഡയുടേത് കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പ് നിയമനം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. എന്തുകൊണ്ട് യോഗേഷ് ഗുപ്തയെയും നിതിൻ അഗർവാളിനെയും തഴഞ്ഞ് റവാടാ ചന്ദ്രശേഖരനെ ഡിജിപിയായി നിയമിച്ചു എന്ന ചോദ്യമാണ് വേണുഗോപാൽ ഉയർത്തുന്നത്. കേന്ദ്രവുമായുള്ള ഡീലാണ് ഡിജിപി നിയമനമെന്ന് ആരോപിച്ച കെ സി, സിപിഎം രക്തസാക്ഷികളെ മറന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരുമായുള്ള രണ്ടാം ഡിൽ ആണിതെന്നും വേണുഗോപാൽ ആരോപിച്ചു.
ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്നും ചട്ടപ്രകാരം ആണ് നിയമനമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം ആകും സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയതെന്നും പുതുതായി എ എസ് പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കെകെ രാഗേഷ് വ്യക്തമാക്കി.
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ജൂൺ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായി വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഡോ ഹാരിസ് ചിറക്കലിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രാജ്ഭവൻ്റെ സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പൊലീസുകാരെ കിട്ടാത്തതിൽ രാജ് ഭവന് അതൃപ്‌തി. സുരക്ഷ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് റദ്ദാക്കിയതിലാണ് അമർഷം. രാജ്‌ഭവൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ റദ്ദാക്കിയിരുന്നു. ഇത് തീർത്തും സാങ്കേതികമായ നടപടിയെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം.രാജ്ഭവൻറെ സുരക്ഷക്കായി നൽകിയ ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലം മാറ്റ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്.
സംസ്ഥാനത്തു ജൂണിൽ നാല് ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂണിൽ ശരാശരി 648.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 620.4 മിമീ മഴ. 2018 ന് ശേഷം ജൂണിൽ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഈ വർഷത്തേത്. എന്നാൽ കാലവർഷം ആരംഭിച്ച മെയ് 24 മുതൽ ഇതുവരെ യുള്ള കണക്ക് പ്രകാരം 70% അധിക മഴ ലഭിച്ചു. അതേസമയം, രാജ്യത്ത് തന്നെ ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സംസ്ഥാനങ്ങളില്‍ നാലാമതാണ് കേരളം.
ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്. ഹാജരാകണമെന്ന് കാണിച്ചു ഇന്നലെയാണ് പാലക്കാട് സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ജൂലായ് 7 ന് ഹാജരാകുമെന്ന് ശിവരാജൻ പ്രതികരിച്ചു. ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്നായിരുന്നു എൻ ശിവരാജൻ്റെ വിവാദ പ്രസ്താവന.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അതോടൊപ്പം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് അദ്ദേഹത്തെ സന്ദർശിച്ചു ശേഷം എംഎ ബേബി പറഞ്ഞു.
കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്‍റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടൻ വരുന്നുവെന്ന് ഇംഗ്ലീഷിൽ കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്.
നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ. മൂർക്കനാട് സ്വദേശി മുഹമ്മദാലി, വേങ്ങാട് സ്വദേശി ഹംസ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരിൽ നിന്ന് ഒരു നാടൻ തോക്ക്, രണ്ട് വെടിയുണ്ടകൾ, ഒരു കാലി കെയ്സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാന്‍ ഉള്ള കത്തികൾ, ഒരു ബൈക്ക് എന്നിവയും പിടികൂടി. ഇവരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
ആറന്‍മുള സദ്യയോടൊപ്പം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ഥയാത്ര’ എന്ന ടാഗ് ലൈനില്‍ യാത്ര സംഘടിപ്പിക്കുന്നത്.
ആലപ്പുഴ കുട്ടനാട് പച്ചയിലെ ഫെഡറൽ ബാങ്കിന്‍റെ ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാൻ ശ്രമം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വയനാട് സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കൊല്ലപ്പെട്ട ഹേമചന്ദ്രൻ ഉപയോഗിച്ചിരുന്നത് നിരവധി സിം കാർഡുകളാണെന്ന് കണ്ടെത്തി. രണ്ടു ഫോണുകളിൽ നിന്നായി രണ്ട് സിം കാർഡുകളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. മറ്റ് സിം കാർഡുകൾ മുഖ്യപ്രതി നൗഷാദ് മാറ്റിയെന്നാണ് പൊലീസിന്‍റെ നിഗമനം.
ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആലുവ രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നാണ് ആരോപണം. നടുവേദനയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയപ്പോൾ ഞരമ്പ് മുറിഞ്ഞതിനെ തുടർന്നാണ് എറണാകുളം ചോറ്റാനിക്കര സ്വദേശി ബിജു തോമസ് മരിച്ചതെന്ന് കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ രോഗിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നിലഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.
തെലങ്കാനയിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി എന്ന കമ്പനിയിൽ ഇന്നലെ ആണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു.
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ദില്ലിയിൽ 58.5 രൂപയും മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയുമാണ് കുറഞ്ഞത്.19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില.
കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി . വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ.പെരിയസാമിയെ മുത്തുലക്ഷ്മി കണ്ടു. വീരപ്പൻ വനത്തിന്ർറെയും വനവിഭവങ്ങളുടെയും സംരക്ഷകൻ ആയിരുന്നെന്നും മറ്റ് പലരുടെയും പേരിൽ സ്മാരകങ്ങൾ ഉള്ളപ്പോൾ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു.
ജീവനക്കാരുടെ ശമ്പളത്തിന്റെ 10–15 ശതമാനം നേരിട്ട് അവരുടെ പ്രായമായ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിർദ്ദേശിച്ചു. സർക്കാർ ജോലിക്കാരിൽ പല വ്യക്തികളും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഇത്തരമൊരു കാര്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധ കാലം മുതൽ ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന എയർ സ്ട്രിപ്പ് സ്ത്രീയും മകനും വ്യാജരേഖ ചമച്ച് വിറ്റതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. 1962, 1965, 1971 യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേന അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഭൂമിയാണ് ഇവർ 1997ൽ മറിച്ചുവിറ്റത്. പ്രതിയായ ഉഷ അൻസലിനെയും മകൻ നവീൻ ചന്ദിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ ഒന്നാണിതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാര്‍ അധികം വൈകാതെ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനും ഇടയിൽ ശക്തമായ ബന്ധമുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവയിൽ രാഷ്ട്രീയ തീരുമാനം വേണമെന്നാണ് റിപ്പോര്‍ട്ട്.
മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തുർക്കിയിൽ കാർട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ആക്ഷേപഹാസ്യ മാസികയുടെ ഓഫിസ് പ്രതിഷേധക്കാർ ആക്രമിക്കുകയും ചെയ്തു. ഡിപി എന്ന പേരിൽ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈകൾ ബന്ധിച്ച് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന വീഡിയോ ആഭ്യന്തര മന്ത്രി അലി യെർലികായ എക്സിൽ പോസ്റ്റ് ചെയ്തു.
സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച സുപ്രധാന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടം പ്രതികരിച്ചു. സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിന്‍വലിച്ചത്
2029ൽ നടക്കുന്ന അടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. 2022 ഫിഫ ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാള്‍ ആഭ്യന്ത ക്രിക്കറ്റില്‍ മുംബൈക്കൊപ്പം തുടരും. നേരത്തെ, താരം ഗോവയ്ക്ക് വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് തീരുമാനം മാറ്റിയ താരം മുംബൈക്കൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനുള്ള എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പിന്‍വലിച്ചു.
അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന് മുന്‍പ് ലിയോണല്‍ മെസി ഇന്റര്‍ മയാമി വിടുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് മറ്റൊരു ടീമിലേക്ക് മെസ്സി മാറിയേക്കുമെന്നാണ് വിവരം . 2023ല്‍ രണ്ടു വര്‍ഷകരാറിലാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. ഈവര്‍ഷം തീരുന്ന കരാര്‍ മെസ്സി പുതുക്കിയേക്കില്ല. യൂറോപ്പിലെ പ്രധാനപ്പെട്ടൊരു ടീമിലേക്ക് മാറി ലോകകപ്പിന് ഒരുങ്ങുകയാണ് മെസിയുടെ ലക്ഷ്യം.
വിംബിള്‍ഡണ്‍ ടെന്നിസിൽ രണ്ടുതവണ സെമി ഫൈനലിസ്റ്റും ഒന്‍പതാം സീഡുമായ ഡാനില്‍ മെദ്‌വദേവ് ഒന്നാം റൗണ്ടില്‍ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരമായ ബെഞ്ചമിന്‍ ബോന്‍സിയാണ് മെദ്‌വദേവിനെ അട്ടിമറിച്ചത്. നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയെ തോല്‍പിച്ചു. വനിതകളില്‍ ഒന്നാം സീഡ് അറീന സബെലന്‍കയ്ക്ക് ജയത്തുടക്കം. സബലെന്‍ക നേരിട്ടുള്ള സെറ്റുകള്‍ക്ക് കാര്‍സണ്‍ ബ്രാന്‍സ്‌റ്റൈനെ തോല്‍പിച്ചു.