നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി പതിനാല് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. കോടതിക്ക് ഭരണഘടന വ്യവസ്ഥകള്‍ പുനര്‍ നിര്‍വചിക്കാന്‍ വിശേഷാല്‍ അധികാരമുണ്ടോയെന്നും രാഷ്ട്രപതി ചോദിച്ചു.
രാഷ്ട്രപതിയുടെ റഫറൻസിലൂടെയുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിൽ സുപ്രീം കോടതിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതായി എം കെ സ്റ്റാലിൻ വിമര്‍ശിച്ചു. ഗവർണർമാരെ ഉപയോഗിച്ച് സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള നീക്കമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ അധികാരത്തെയും മഹത്വത്തെയും കേന്ദ്രം നേരിട്ട് വെല്ലുവിളിക്കുന്നു എന്ന് കുറ്റപ്പെടുത്തിയ സ്റ്റാലിന്‍, ബിജെപി ഇതര പാർട്ടികൾ തമിഴ്നാടിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശ്രീനഗറിലെത്തി സൈനികരെ കണ്ടു. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. കശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത്. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും. എന്നാൽ സമിതിയെ നിയോഗിച്ചതിനെതിരെ വിപി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സർക്കാർ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വിപി സുഹ്റ ചോദിച്ചു.
തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി. അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി.
ശശി തരൂരിന് പിന്തുണയുമായി ബിജെപി. രാജ്യതാല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്നതിന് ലക്ഷ്മണ രേഖ എന്തിനാണെന്ന് ബിജെപി ചോദിച്ചു. പാര്‍ട്ടി ലൈനില്‍ നിന്ന് മാറി നിരന്തരം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ ശശി തരൂരിന് ഹൈക്കമാന്‍ഡ് താക്കീത് നല്‍കിയത്. വ്യക്തിപരമായ അഭിപ്രായങ്ങളെന്നും, രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ള നിലപാടെന്നുമൊക്കെ നിരന്തരം ജാമ്യമെടുത്തിരുന്ന തരൂരിനോട് ഇനി അത് വേണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ. തന്‍റേത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നും മാറ്റിയ രീതിയോട് വിയോജിപ്പുണ്ടെന്നും വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. തനിക്കൊപ്പം പ്രവര്‍ത്തകരുണ്ടെന്നും ജീവൻ പോലും തരാൻ തയ്യാറായ നിരവധി അണികള്‍ തന്‍റെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മുസ്ലീം ലീഗ് ദേശീയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റ് ആയും പികെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയായും തുടരാനാണ് തീരുമാനം. ഇടി മുഹമ്മദ് ബഷീർ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ആയി തുടരും. കെപിഎ മജീദ്, മുനവറലി തങ്ങൾ, ഹാരിസ് ബീരാൻ തുടങ്ങിയ നേതാക്കളാണ് ദേശീയ നേതൃനിരയിലുള്ളത്.
കാളികാവ് അടക്കാക്കുണ്ടിൽ ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഗഫൂറിനെ പുലി കഴുത്തിൽ പിടിച്ചു കൊണ്ടുപോയെന്ന് കണ്ടുവെന്ന് മറ്റൊരു തൊഴിലാളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റർ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
കാളികാവ് അടക്കാക്കുണ്ടിൽ എപി അനിൽകുമാർ എംഎൽഎ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഇത് നടക്കൂവെന്നും എംഎൽഎ പറഞ്ഞു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പ്രതിയുമായ ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച് കോടതി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ബാക്കി കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ആനന്ദകുമാർ ജയിലിൽ തുടരും.
ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ. താൻ മുൻപും ഇത്തരം പരാമർശങ്ങൾ കേട്ടിട്ടുണ്ടെന്ന് വേടൻ പറഞ്ഞു. താൻ വിശ്വസിക്കുന്നത് അബേദ്‌കർ രാഷ്ട്രീയത്തിലാണെന്നും അദ്ദേഹത്തിന് അഭിപ്രായം പറയാമെന്നും വേടൻ പ്രതികരിച്ചു. ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻആർ മധുവാണ് വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന് പ്രസംഗിച്ചത്.
വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് . അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം.
നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ബീഹാർ സ്വദേശി മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്. തുറവൂർ സ്വദേശി ഐവിൻ ജിജയാനാണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. എൽഎസ്എസ് പരീക്ഷയിൽ 30380 കുട്ടികളും യുഎസ്എസിന് 38782 കുട്ടികളും സ്കോളർഷിപ്പിന് യോഗ്യത നേടി. 2025 ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. കേസെടുത്തതിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. മന്ത്രിക്കെതിരെ മധപ്രദേശിലെ മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്
പാകിസ്ഥാനിൽ എവിടെ നിന്നും ആണവച്ചോർച്ചയുടെ വിവരങ്ങളില്ലെന്ന് ആഗോള ആണവ നിരീക്ഷണ സമിതിയായ ഇൻ്റർനാഷ്ണൽ അറ്റോമിക് എനർജി ഏജൻസി (IAEA). പാകിസ്ഥാന്‍റെ ആണവായുധ സ്റ്റോറേജ് എന്ന് കരുതപ്പെടുന്ന കിരാന ഹിൽസിൽ ആക്രമണം നടത്തിയിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ എവിടെയെങ്കിലും നിന്ന് ആണവ വികിരണമുണ്ടായതായി റിപ്പോർട്ടില്ലെന്നും ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി അറിയിച്ചു.
പഹൽഗാമിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണങ്ങളിൽ നിന്ന് പട്ടിയെ പോലെ വാലും ചുരുട്ടി പാകിസ്ഥാൻ ഓടിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ. പാക് പ്രതിരോധം തവിടുപൊടിയായെന്നും, എല്ലാ പാക് പ്രകോപനങ്ങളുടെയും മുനയൊടിക്കുന്ന പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയതെന്നും മൈക്കിൾ റൂബി പറഞ്ഞു.
ലാവോസിലെ സയാബുരിയിൽ കനത്ത മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകൾ കൊണ്ടുള്ള വിഭവം കഴിച്ച് ആറ് പേർ മരിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. മേഖലയിൽ വിഷക്കൂൺ കഴിച്ച് ആറ് പേർ മരിക്കുകയും നിരവധിപ്പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് പൊതുജനത്തിന് മുന്നറിയിപ്പ് നിർദ്ദേശം നൽകി.
ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഖത്തറിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മെക്സിക്കോയിലെ പ്യൂബ്ലയിൽ ദേശീയ പാതയിൽ ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ ബസ് ഇടിച്ച് തെറിപ്പിച്ച് വാനിൽ ഇടിച്ച് കയറി സിമന്റ് ട്രെക്ക്. 21 പേർ കൊല്ലപ്പെട്ടു. 18 പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായും മൂന്ന് പേർ ആശുപത്രിയിൽ വച്ച് മരിച്ചതായുമാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായാണ് അധികൃതർ വിശദമാക്കുന്നത്.
ഇസ്താബൂളിലെ സമാധാന ചര്‍ച്ചയ്ക്ക് പുടിനില്ലെന്ന് വ്യക്തമാക്കി ക്രെംലിൻ. വ്ലാഡ്മിർ സെലൻസ്കിയുമായി ഇസ്താബൂളിൽ വച്ച് മുഖാമുഖം കണ്ടുള്ള സമാധാന ചർച്ച നടത്താമെന്ന ക്ഷണമാണ് പുടിൻ നിരസിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് തുർക്കിയിൽ വച്ച് നടക്കാനിരുന്ന സമാധാന ചർച്ചയിൽ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ വിശദമാക്കിയത്. വ്ലാദിമിൻ മെഡിൻസ്കിയാവും സമാധാന ചർച്ചയ്ക്കുള്ള സംഘത്തെ നയിക്കുക.