ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കെ കെ കൃഷ്ണന്, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ഒപ്പം മോഹനന് മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന് സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4 നാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെകെ രമ. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്നും, ഗൂഢാലോചനയിൽ ഉൾപ്പെട്ട സിപിഎം നേതാക്കളാണ് ഇരുവരും എന്നും രമചൂണ്ടിക്കാട്ടി. അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ വെട്ടിക്കൊന്നതെന്നും, കേസിൽ വെറുതെ വിട്ട പി മോഹനനെതിരെ വീണ്ടും അപ്പീൽ നൽകുമെന്നും രമ വ്യക്തമാക്കി.
ടിപി വധക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും, പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ടിപി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ പൊലീസിനെ പ്രശംസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വളരെ ആസൂത്രിതമായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകമെന്നും ഒരുദൃക്സാക്ഷി പോലുമില്ലാത്ത കേസിലെ അന്വേഷണം അഭിമാനകരമെന്നും പി.മോഹനനെ വെറുതെവിട്ടതില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പേട്ട ഓൾസെയിന്റ്സ് കോളേജിന് സമീപത്ത് നിന്നും 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഹൈദരാബാദ് സ്വദേശികളായ അമർദീപ് റബീന ദേവി ദമ്പതികളുടെ മകളായ മേരിയെ ഇന്നലെ രാത്രി 12 മണിയോടെയാണ് കാണാതായിരിക്കുന്നതെന്നാണ് മാതാപിതാക്കൾ നൽകിയിരിക്കുന്ന മൊഴി. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വയനാട്ടിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിൽ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസ് എടുത്തിരുന്നു.
വയനാട് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 9.30-ഓടെ അജീഷിന്റയും 10.15-ഓടെ പോളിന്റെയും വീടുകളിൽ ഗവർണർ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ ശരത്തിനെയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. വന്യമൃഗ ശല്യത്തിൽനിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം ഗവർണർക്ക് കൈമാറി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുനൽകുമെന്ന് ഗവർണർ ജനങ്ങൾക്ക് ഉറപ്പ് നൽകി.
വന്യജീവി ആക്രമണങ്ങളുടെയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നാളെ ബത്തേരിയില്‍ സര്‍വകക്ഷിയോഗം ചേരും. തുടര്‍ന്ന് ജനപ്രതിനിധികളുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തും. അതോടൊപ്പം വയനാട് കലക്ടറേറ്റിന് മുന്നില്‍ യുഡിഎഫ് നാളെരാപ്പകല് സമരത്തിന് ഒരുങ്ങുകയാണ്.
വയനാട്ടിലെ ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി ബി ജെ പി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധു. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായതെന്നും നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു.
നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ലെന്ന് കെ.മുരളീധരന് എംപി. കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം. കൂടാതെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അല്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും, സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം പത്താം ദിനത്തിലേക്ക് കടന്നു. ഇന്നലെ കർണാടകയിലെ നാഗർഹോള വനത്തിൽ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് നടന്നുപോയ ആന വീണ്ടും കേരള വനത്തിലേക്ക് തിരികെയെത്തി. ആനയുടെ രാവിലെയുള്ള സിഗ്നൽ ലഭിച്ചത് ബാവലി മൈസൂരു അന്തർ സംസ്ഥാന പാതയ്ക്ക് അരികിലെ കാടിനുള്ളിൽ നിന്നാണ്.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളിൽ വി സി ഇന്ന് ഗവർണ്ണർക്ക് റിപ്പോർട്ട് നൽകും. പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു യോഗത്തിന് അധ്യക്ഷം വഹിച്ചത് ചട്ട ലംഘനമാണെന്ന നിലയിലാകും റിപ്പോർട്ട് എന്നാണ് സൂചന.
കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഗവർണറെ കരിങ്കൊടി കാണിച്ചതിനു കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുവച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
തൃശൂർ മുല്ലശേരി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു. ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി.
പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഉടമ കെ.ഡി. പ്രതാപൻ ഇ.ഡി ഓഫിസില്‍ ഹാജരായി. ഹാജരായത്. ഇ.ഡി. റെയ്ഡിനു പിന്നാലെ പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ ഒളിവിലായിരുന്നു. നേരത്തെ ഇഡി രണ്ട് തവണ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ ഇഡി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
2018 ല്‍ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന പരാതിയിൻമേൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ണ് മുന്നറിയിപ്പ്. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നും, പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സ്വർണവില ഉയർന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്ന് ഒരു പവന് 200 രൂപ ഉയർന്ന് 45,960 രൂപയായി.
ചേർത്തലയില്‍ നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് പെട്രോൾ ഒഴിച്ച് ശേഷം തീ കത്തിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റതിനെ തുടർന്ന് രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങൽ കല്ലമ്പലം ആഴംകോണത്ത് വൻകഞ്ചാവ് കഞ്ചാവ് വേട്ട. തമിഴ്നാട് രജിസ്ട്രേഷൻ കാറിൽ കടത്താൻ ശ്രമിച്ച 80 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശി ശങ്കറിനെ എക്സൈസ് സംഘം പിടികൂടി.
പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിൽ സീത എന്ന പെൺസിംഹത്തെ അക്ബർ എന്ന ആൺസിംഹത്തോടൊപ്പം കൂട്ടിൽ പാർപ്പിച്ചതിനെ എതിര്‍ത്ത് ബംഗാളിലെ വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് വിഎച്ച്പി ദേശീയനേതൃത്വം. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.