സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. പിന്നീട് പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.
കേരളത്തിലെ പാർട്ടി എന്നും മുൻനിരയിലാണെന്ന് പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തിൽ നിന്നാണെന്നും ബദൽ നയരൂപീകരണതിതിൽ പിണറായി വിജയനും ഇടത് സർക്കാറും പ്രശംസ അർഹിക്കുന്നുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ഐടിബിയിൽ ടൂറിസം മേഖലയിലെ ഓസ്കാർ എന്ന് അറിയപ്പെടുന്ന ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 കേരളം സ്വന്തമാക്കി. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കേരളാ ടൂറിസം നടപ്പിലാക്കിയ കം ടുഗതർ ഇൻ കേരളയ്ക്ക് നൂതനമായ മാർക്കറ്റിംഗ് ക്യാമ്പയിനുള്ള സിൽവർ അവാർഡും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാമ്പയിന് എക്സലൻ്റ് അവാർഡും ലഭിച്ചു.
കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന തൊഴിൽ,വരുമാനക്കുറവ് പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കൊണ്ടു മാത്രം പരിഹരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കിൽ വലിയ അപകടത്തിലേയ്ക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാൻ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നും യുവാക്കള്‍ക്ക് ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ലെന്നും യുവാക്കള്‍ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപര്‍വതം പോലെയാണെന്നും എകെ ആന്റണി പറഞ്ഞു.
എസ്ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലും ഒപ്പം മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്നൗ, ജയ്പുർ എന്നിവിടങ്ങളിലും ആന്ധ്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
ഹവാല ഇടപാടുകളിലൂടെയും സംഭാവനയുടെയും രൂപത്തിൽ പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും പണം ശേഖരിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും ഇഡി അറിയിച്ചു. അതോടൊപ്പം എസ്ഡിപിഐയ്ക്കും പിഎഫ്ഐയ്ക്കും ഒരേ നേതൃത്വവും അണികളുമാണുള്ളതെന്നും എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടാണെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വയലൻസ് രംഗങ്ങൾ ചിലതെങ്കിലും ഒഴിവാക്കാൻ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ നിലപാടെടുക്കുന്നതിൽ എന്ത് പ്രസക്തിയെന്നും പരിശുദ്ധ കാതോലിക്കാബാവാ ചോദിച്ചു.
ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കീഴടങ്ങല്‍. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി ഹരി (38) പിടിയിലായി. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായാണ് ഇരുമ്പ് റാഡ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവിനെ ലഭിച്ചു. രണ്ടു മാസത്തിനുള്ളിൽ ഇവിടെ ലഭിച്ചത് പത്തിലധികം അച്ചിണി സ്രാവുകളെയാണ്. വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധത്തിന് പോയ തോമസ് എന്നയാളിൻ്റെ വള്ളത്തിലാണ് സ്രാവിനെ എത്തിച്ചത്. 85100 രൂപയ്ക്കാണ് ഇത് ലേലത്തിൽ പോയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.
ഉത്സവ പറമ്പിൽ മാരകായുധങ്ങളുമായെത്തിയ യുവാവ് പിടിയില്‍. വടക്കനാര്യാട് സ്വദേശി ആദവത്ത് (20) നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പടയണിമേളത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇയാള്‍ പിടിയിലായത്.
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്റെ ആണ് സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്.
ബൈക്ക് യാത്രികനെ അക്രമിച്ച് ഒളിവില്‍ പോയ സംഘത്തിലെ രണ്ട് പേര് പിടിയില്‍. വെള്ളാര്‍ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നൂര്‍ക്കോണം സ്വദേശിയായ ബെന്സിഗറിനെയാണ് പ്രതികള്‍ അക്രമിച്ചത്. പ്രധാന പ്രതി സമ്പത്ത് എന്ന അനീഷ് ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച പത്താം ക്ലാസുകാരന്റെ പരിക്ക് ഗുരുതരമെന്ന് കുട്ടിയുടെ അച്ഛൻ. മൂക്കിന് വലിയ പൊട്ടലുണ്ടെന്നും സർജറി വേണമെന്നും ഡോക്ടർമാർ അറിയിച്ചെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അച്ഛൻ പറഞ്ഞു. മകന് നീതി കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉടുമ്പൻചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസറും പാറത്തോട് ഗുണമണി വീട്ടിൽ ഡോ.വീരകിഷോറിന്റെ ഭാര്യയുമായ ഡോ. വിജയലക്ഷ്മിയാണ് മരിച്ചത്. 29 വയസായിരുന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാൻ നോക്കിയത്. അജ്ഞാതനായ ഒരാൾ എസ് ജയ്ശങ്കറിൻ്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ബി ജെ പിയുടെ മഹിള സമൃദ്ധി പദ്ധതി അന്താരാഷ്ട്ര മഹിളാ ദിനമായ മറ്റന്നാൾ മുതൽ നിലവിൽ വരും.ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ദില്ലി സർക്കാർ പുറത്തിറക്കി. വാർഷിക കുടുംബ വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ലഭ്യമാക്കും.
പ്രായപരിധി 18 നും 60നും ഇടയിൽ പ്രായമുള്ള 20 ലക്ഷം സ്ത്രീകൾ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക് കൂട്ടൽ
പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് അബുദാബിയിലെ മുസഫ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ചത്. ഭക്ഷ്യ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് അക്തര്‍ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൂട്ടിച്ചത്.
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ഉദയനിധി നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമെ അടുത്തിടെ ബിഹാറില്‍ കൂടി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കരുതെന്ന നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയത്.
നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ ഡോഗുകളും. തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളെയാണ് അയച്ചിട്ടുള്ളത്. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്.
വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ദക്ഷിണ കൊറിയയിൽ ബോംബ് വർഷിച്ച് ജെറ്റ് വിമാനം. വ്യാഴാഴ്ച പരിശീലന പറക്കലിന് ഇടയിലാണ് സംഭവം. നിരവധി ഗ്രാമീണർക്ക് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംകെ 82 ജനറൽ പർപസ് ബോംബുകളാണ് ഫൈറ്റർ വിമാനത്തിൽ നിന്ന് അബദ്ധത്തിൽ വർഷിക്കപ്പെട്ടത്. ബോംബ് വർഷിച്ച സംഭവത്തിൽ ദക്ഷിണകൊറിയൻ വ്യോമ സേന ക്ഷമാപണം നടത്തിയിട്ടുണ്ട്.
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതും യുഎഇ ഇന്ത്യയെ അറിയിച്ചത് വൈകിയെന്ന് സൂചന. കഴിഞ്ഞ മാസം പതിനാലിനാണ് വധശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം മകൻ വിളിച്ചറിയിച്ചതെന്ന് മലയാളികളിലൊരാളായ പിവി മുരളീധരൻറെ അച്ഛൻ കേശവൻ അറിയിച്ചു. യുഎഇയിൽ വധശിക്ഷ വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാർലമെൻറിനെ അറിയിച്ചത്.
54 ഇന്ത്യക്കാരെ വിദേശ കോടതികൾ വധശിക്ഷക്ക് വിധിച്ചതായി കേന്ദ്ര സർക്കാർ. യുഎഇയിൽ 29 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കുവൈറ്റിൽ മൂന്ന് ഇന്ത്യക്കാർ, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാർക്ക് ശിക്ഷ ഒഴിവാക്കാൻ എംബസികൾ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ബന്ദികളേയും കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടന്‍ കൈമാറണമെന്നും അല്ലാത്തപക്ഷം ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ഹമാസുമായി യു.എസ് നേരിട്ട് ചര്‍ച്ച തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഹമാസ് സഹകരിച്ചില്ലെങ്കില്‍ ഇസ്രയേലിന് തിരിച്ചടിക്കാനുള്ള സഹായം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
നാസ നേതൃത്വം നല്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായെന്നും ഐഎസ്എസ് ഉടന്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നുമുള്ള ഇലോണ്‍ മസ്കിന്റെ വാദത്തിന് മറുപടിയുമായി സുനിത വില്യംസ്. ബഹിരാകാശ നിലയം അതിന്റെ പ്രവര്‍ത്തനങ്ങളുടെ പാരമ്യതയിലാണ് ഇപ്പോഴുള്ളത്, അതിനാല്‍ ഐഎസ്എസ് പൊളിച്ചുമാറ്റണം എന്ന് പറയാന്‍ ഉചിതമായ സമയമല്ല ഇതെന്നാണ് സുനിതയുടെ മറുപടി.