നിയമസഭയിൽ ഇന്ന് അടിയന്തിര പ്രമേയ അവതരണത്തിനിടെ സ്പീക്കർ തൻ്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീർ ആരോപണം നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ കലുഷിതമായി. പിന്നീട് നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
എസ്‌സി – എസ്‌ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകൾക്കുമായുള്ള പദ്ധതി വിഹിതവും സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് പ്രതിപക്ഷാംഗം എപി അനിൽകുമാർ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി. സർക്കാരിൻ്റെ മുൻഗണന ലിസ്റ്റിൽ പിന്നാക്ക വിഭാഗങ്ങൾ ഇല്ലെന്നും ഇടതു സർക്കാർ ദളിത് ആദിവാസി വിരുദ്ധ സർക്കാരാണെന്നും അനിൽകുമാർ കുറ്റപ്പെടുത്തി. എന്നാൽ ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി കേളുവിൻ്റെ വിശദീകരണം. വരുമാന പരിധി നോക്കാതെയാണ് കുട്ടിക്കൾക്ക് ആനുകൂല്യം നൽകുന്നതെന്നും ബില്ല് വരുന്നത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാലും വിമർശിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് സംസ്ഥാനം മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ലെന്നും അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്നും എ കെ ശശീന്ദ്രൻ. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണെന്നും പി സി ചാക്കോയുടെ രാജി, ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ് പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണമെന്നും കാൽനടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നതെന്നും മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു.
വന്യജീവി സംഘർഷം സംബന്ധിച്ച താമരശേരി ബിഷപ്പിന്റെയും മറ്റും വിമർശനങ്ങളെ വനംമന്ത്രി എ കെ ശശീന്ദ്രൻ പരിഹസിച്ചു. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്നും രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ് എന്നാൽ ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ കെ ശശീന്ദ്രൻ ചോദിച്ചു.
പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍റെ പങ്കിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. മധ്യകേരളത്തിലെ അറിയപ്പെടുന്ന എന്‍ജിഒ പ്രവര്‍ത്തകരിലൊരാളാണ് ബീന സെബാസ്റ്റ്യന്‍.
വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങിയതിന് പിന്നാലെ ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷം ഉണ്ടായി. പൊലീസ് അകാരണമായി പ്രകോപനമുണ്ടാക്കിയെന്നും വയനാടൻ ജനതയ്ക്ക് വേണ്ടി മറ്റെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും കോൺഗ്രസ് പ്രവർത്തകൻ ചോദിച്ചു.
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായി റിപ്പോർട്. കേസിലെ 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്.സഭയിൽ തിരുവഞ്ചൂരിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.
പിസി ചാക്കോ രാജിവെച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎൽഎ. പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡൻ്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ടെന്നും പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ലെന്നും ചാക്കോ പാർട്ടി വിടില്ലെന്നും പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും തോമസ് പറഞ്ഞു.
ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരം നടന്ന ഇന്ന് പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് 2023 മെയ് 10 ന് ഡോ.വന്ദനദാസിൻ്റെ ജീവനെടുത്തത്.
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകി കേന്ദ്ര മന്ത്രി. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും ചെറുക്കാൻ ഊർജ്ജസ്വലരായി പ്രവർത്തിക്കണമെന്ന് വിജിലൻസ് ഡയറക്ടർ വിജിലൻസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അഴിമതിക്കാരെ കൈയോടെ പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തി കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് ഇൻ്റലിജൻസ് വിഭാഗം തയ്യാറാക്കി.
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി നടത്തിയ വെളിപ്പെടുത്തലിൽ ബാലരാമപുരം പൊലീസ് കേസെടുത്തു. ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പൊലീസുകാരൻ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.
റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു.
കോഴിക്കോട് പറമ്പിൽ കടവ് പാലത്തു എ ടിഎം കുത്തി തുറന്നു മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്.
സിപിഎമ്മിൽ ചേർന്ന ഒരാളെ കൂടി പത്തനംതിട്ട ജില്ലയിൽ നിന്ന് പൊലീസ് നാടുകടത്തി. പ്രമാടം സ്വദേശി പുക എന്നു വിളിക്കുന്ന അരുണിനെയാണ് നാടുകടത്തിയത്. ഡിസംബർ 27ന് സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. സിപിഎമ്മിൽ ചേർന്ന ഇഡ്ഡലി എന്ന ശരൺചന്ദ്രനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു.
ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം നൽകി. നാടൻ ബോംബ്പൊട്ടി കണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോനാണ് അംഗത്വം നൽകിയത്. ആലപ്പുഴ ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത് ബി ബ്രാഞ്ചിലാണ് സജിമോന് അംഗത്വം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി പങ്കെടുത്ത സ്ക്രൂട്ടിനിയിലാണ് സജിമോന് അംഗത്വം നൽകാൻ തീരുമാനിച്ചത്.
പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിൽ 22-ാം വാർഡിലെ മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുപ്പിച്ച പണവുമായി നാട്ടുകാരൻ മുങ്ങിയതായി ആരോപണം. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) എന്നയാൾ പറ്റിച്ചതായാണ് വിവരം. പ്രദേശവാസികൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.
കാലക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു. യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അറബിക് ഡിപ്പാർട്ട്‌മെന്റിൽ പഠിക്കുന്ന പി.ജി വിദ്യാർഥിനികളിൽ നാലു പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തി. വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിലെത്തിയ മോദിക്ക് ഉഷ്മള വരവേല്‍പ്പ് ലഭിച്ചു.സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസില്‍ തങ്ങുന്ന മോദി നാളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്.
ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി ചെയ്ത ബെംഗളൂരുവിലെ ഐ ടി ജീവനക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയും ബെംഗളൂരു നോർത്ത് പൊലീസ് ഈടാക്കി. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോഗിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ജോലി സമ്മർദ്ദമാണ് നിയമ ലംഘനത്തിലേക്ക് നയിച്ചതെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു. 5301
ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നടന്നത് വന്‍ മനുഷ്യാവകാശ ലംഘനമായിരുന്നുവെന്ന് യു.എന്‍. 45 ദിവസത്തിനിടെ 1400 പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ പീഡിപ്പിക്കപ്പെട്ടുവെന്നും പ്രതികാര മനോഭാവത്തോടെയുള്ള നടപടിയായിരുന്നു ഹസീന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.