Untitled design 20250128 140330 0000

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങി. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്‌ മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്നും ഇന്ത്യ ഉടൻ ലോകത്തെ മൂന്നാം സമ്പദ് ശക്തിയാകുമെന്നും മധ്യവർഗത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

 

 

 

വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റെന്നും യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സർക്കാരിന്‍റെ ദൗത്യമാണ്, കൂടാതെ സ്ത്രീ ശാക്തീകരണത്തിനും സർക്കാർ എന്നും പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതികൾ നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചുവെന്നും ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നുവെന്നും പോലീസ് പറയുന്നു. ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു.

 

 

 

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി കേസിൽ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറൽ എസ്‌പി കെ.എസ് സുദ‍ർശൻ. ഫോൺ രേഖകളും സാഹചര്യ തെളിവുകളും പരിശോധിക്കുമെന്നും ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും വാട്സ്ആപ്പ് സന്ദേശങ്ങളേകുറിച്ച് അന്വേഷിക്കുമെന്നും എസ്‌പി വ്യക്തമാക്കി. പ്രതി ഹരികുമാർ പറഞ്ഞ കാര്യങ്ങൾ പൂർണമായി പുറത്ത് പറയുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും എസ്‌പി പറഞ്ഞു.

 

 

 

 

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്.

 

 

 

 

തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക ശാരീരിക പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ കടുത്ത ശിക്ഷ വിധിച്ചുവെന്നും ആഴ്ചകളോളം സ്കൂളിൽ ഒറ്റപ്പെടുത്തിയെന്നും കുടുംബം പറയുന്നു. കൂടാതെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളിൽ നിന്ന് കിട്ടിയ വിവരമെന്നും പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.

 

 

 

പാലക്കാട്, പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയേയും അഖിലയേയും കുഴല്‍മന്ദം ചിതലിയില്‍ വലിയമ്മയുടെ വീട്ടിലെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. നഴ്‌സിങ്ങ് കഴിഞ്ഞ മൂത്ത മകള്‍ക്ക് എന്‍എച്ച്എം ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കണമെന്നും ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജിനോട് അദ്ദേഹം ഫോണില്‍ സംസാരിച്ചു.

 

 

 

 

 

 

ചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവ‍ർണറെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ ഒരു മന്ത്രിയാണെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

 

 

 

എം മെഹബൂബിനെ കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 13 പേരെ പുതുതായി ഉൾപ്പെടുത്തി. ലിന്റോ ജോസഫ്, ഓ എം ഭരദ്വാജ്, എൽജി ലിജീഷ്, പി സി ഷൈജു, പി ഷൈജു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ. രതീഷ്, പികെ വിനോദ്, എംകെ രാമചന്ദ്രൻ എന്നിവരാണ് പുതിയ അംഗങ്ങൾ. ക്ഷണിതാവായിരുന്ന കെപി അനിൽകുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 

 

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ബോംബ് ഭീഷണി. വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. ചെന്നൈ യുഎസ് കോൺസുലേറ്റിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ വാർഷിക ദിനത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. നിവേദിത എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡും പൊലീസും കോളേജിൽ പരിശോധന നടത്തുകയാണ്.

 

 

 

 

മുനമ്പത്ത് നിന്ന് ബംഗ്ലാദേശ് പൗരന്മാരായ 27 പേർ പിടിയിൽ. അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം.

 

 

 

 

നടി ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണമെന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

 

 

പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന. തൊടുപുഴ പുറപ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.പി സ്‌കൂളിന് സമീപമാണ് സംഭവം. കാരകുന്നേല്‍ അനുരാജിന്റെ പോത്താണ് പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു.

 

 

 

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതിൽ 7 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

 

 

 

പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. സോനു ബാബുവിന്‍റെ മരണം അടക്കം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏഴു പേരാണ് മുങ്ങി മരിച്ചത്. തുടര്‍ച്ചയായുള്ള മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഫയര്‍ഫോഴ്സ് രംഗത്തെത്തി.

 

 

 

പുനെയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗനമം.

 

 

 

 

കുംഭമേളയിലെ സമൂഹ വിരുന്നിൽ ഭസ്മം കലർത്തിയ പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് സരോൺ പൊലീസ് സ്റ്റേഷനിലെ, സ്റ്റേഷൻ ഹൗസ് ഓഫീസറായ ബ്രിജേഷ് കുമാർ തിവാരിയെന്ന പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത്. മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് നൽകുന്ന സമൂഹ വിരുന്നിലാണ് പൊലീസുകാരൻ ഭസ്മം കലർത്തിയത്.

 

 

 

 

പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ മഹാകുംഭമേള നഗരിയിൽ വിഐപി പ്രോട്ടോക്കോളിന് നിരോധനം. ത്രിവേണി സംഗമത്തിൽ പ്രധാന സ്നാനങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് നിരോധനം.

 

 

 

 

പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മുപ്പത് പേർ മരിച്ച സംഭവത്തിൽ യുപി സർക്കാരിനെ പിന്തുണച്ച് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് രവീന്ദർ പുരി മഹരാജ്. എല്ലാവരും ഒരു ഘാട്ടിലേക്ക് എത്തിയതാണ് അപകട കാരണമെന്നും ഇനിമുതൽ എല്ലാവരും ഒരു ഘാട്ടിൽ സ്നാനം നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും മഹന്ത് രവീന്ദർ പുരി മഹരാജ് പറഞ്ഞു.

 

 

 

നോർത്തേൺ സമ്മർ 2025 സീസണിലെ ലണ്ടൻ ഫ്ലൈറ്റ് ഷെഡ്യൂളിൽ മാറ്റങ്ങളുമായി എയർ ഇന്ത്യ. കൊച്ചി ലണ്ടൻ സർവീസ് താൽക്കാലികമായി നിർത്തിവെയ്ക്കുന്നു എന്നാണ് വിവരം. നിലവിൽ ആഴ്ചയിൽ മൂന്ന് തവണയാണ് എയർ ഇന്ത്യ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. 2025 മാർച്ച് 30ന് ശേഷമാകും മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

 

 

 

യുജിസി നെറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ ചോദ്യപേപ്പർ ചോർന്നതായി തെളിവില്ലെന്ന് സിബിഐ ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ വർഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നെന്നായിരുന്നു ആരോപണം. സാമ്പത്തിക ലാഭമുണ്ടാക്കാൻ ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്‌ക്രീൻഷോട്ടാണെന്ന് സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തി.

 

 

 

ബിഹാറിലെ കോൺഗ്രസ് എംപി ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ എംപി മനോജ് കുമാറിന് ഗുരുതര പരിക്കേറ്റു. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി. പിഎ അടക്കം പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ആക്രമണം.

 

 

 

 

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും തമിഴ്‌നാട് സർക്കാരിന് കൈമാറാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. ജയലളിതയുടെ സ്വത്തുക്കളിൽ അവകാശവാദമുന്നയിച്ച ജയലളിതയുടെ മരുമകളും ജെ ദീപയും ജെ ദീപക്കും നൽകിയ ഹർജി ജനുവരി 13ന് കർണാടക ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് തീരുമാനം.

 

 

 

 

അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിൽ ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ശുഭാൻഷു ശുക്ലയുടെ യാത്ര ഈ വർഷം ജൂണിൽ നടക്കും. ദൗത്യത്തിന്‍റെ മിഷന്‍ പൈലറ്റാണ് ശുഭാൻഷു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാൻഷു അടക്കം നാല് പേരെയാണ് ആക്സിയം-4 ദൗത്യത്തിന്‍റെ ഭാഗമായി കൊണ്ടുപോകുന്നത്.

 

 

 

ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് ലൈംഗീക പീഡന ആരോപണത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞു. സ്വകാര്യ ചാനലിലുടെ യുവതി നടത്തിയ വെളിപ്പെടുത്തലിനെ പിന്നാലെ സഭയുടെ നിർദേശ പ്രകാരമാണ് രാജി. അതേസമയം ആരോപണങ്ങള്‍ ജോണ്‍ പെരുമ്പളത്ത് നിഷേധിച്ചു.

 

 

 

ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബ്രിക്സ് രാജ്യങ്ങൾ പ്രത്യേക കറൻസി കൊണ്ടുവന്നാല്‍ നൂറു ശതമാനം തീരുവ നേരിടാൻ തയ്യാറാവണമെന്നും അന്താരാഷ്ട്ര വ്യാപാരത്തിലെ പ്രബലമായ കറൻസിയായി യുഎസ് ഡോളറിനെ മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചാൽ അവരുടെ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.

 

 

 

സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെൻട്രൽ മോസ്‌കിന് പുറത്ത് ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ച സാൽവാൻ മോമിക വെടിയേറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 38 കാരനായ സാൽവാൻ മോമിക ബുധനാഴ്ച വൈകുന്നേരം സ്റ്റോക്ക്‌ഹോമിലെ സോഡെർതാൽജെ ഏരിയയിലെ അപ്പാർട്ട്‌മെൻ്റിൽ വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

 

 

 

 

അമേരിക്കയില്‍ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മോദി ജിവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

 

 

 

 

അമേരിക്കയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച സംഭവത്തില്‍ ഒബാമയെയും ബൈഡനേയും കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്‍പ്പെടെ ഇവര്‍ കൊണ്ടുവന്ന വംശീയ വൈവിധ്യമാണ് അപകടത്തിന് കാരണമെന്നും അപകട സമയത്ത് പൈലറ്റിന് കൃത്യമായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് 67 പേര്‍ മരിക്കാനിടയായ അപകടം നടന്നത്.

 

 

 

നെതര്‍ലന്‍ഡ്സിലെ വിക് ആന്‍ സീയില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റിനിടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. വൈശാലിക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചതില്‍ ക്ഷമാപണം നടത്തി ഉസ്ബെക്കിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ്. സഹോദരന്‍ പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കുമൊപ്പമെത്തിയ വൈശാലിക്ക് യാകുബ്ബോവ് പൂക്കളും ചോക്ലേറ്റും സമ്മാനമായി നല്‍കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *