കെ ഫോൺ പദ്ധതിയിൽ ഇന്ത്യൻ നിർമിത ഉൽപന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച് ഉപയോഗിച്ചത് ചൈനീസ് കേബിൾ. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു. എൽഎസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമിതമെന്ന പേരിൽ നൽകിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്.
സംസ്ഥാനത്തെ ഇരുപതിനായിരത്തിൽ പരം തദ്ദേശ സ്ഥാപന ജന പ്രതിനിധികളോട് ഈ മാസം 20 നകം അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സമർപ്പിക്കണമന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. കൂടുതലായി സ്വത്ത് ആർജിച്ചാലോ കയ്യൊഴിഞ്ഞാലോ ബാധ്യതപ്പെടുത്തിയാലോ അക്കാര്യം മൂന്നു മാസത്തിനകം വീണ്ടും അറിയിക്കണം.
ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസർകോട്ടെ കരിന്തളം കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയാണോയെന്നു പരിശോധിക്കാൻ മഹാരാജാസ് കോളേജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കു ശേഷമേ കേസ് അഗളി പൊലീസിനു കൈമാറൂ.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളേജ് ആര്‍ക്കിയോളജി വിഭാഗം കോ ഓര്‍ഡിനേറ്റര്‍ക്കെതിരെ നടപടി. കോ ഓര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റും. ആര്‍ഷോയുടെ പരാതിയില്‍ പരാതി പരിഹാര സെല്ലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ചെന്നൈ സ്വദേശികളായ മൂന്നംഗ കുടുംബം തൃശൂരിലെ ഹോട്ടൽമുറിയിൽ ജീവനൊടുക്കി. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണു തൂങ്ങി മരിച്ചത്. സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.
സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് അന്വേഷിച്ചതെന്ന് മുൻ ഡിജിപി എ ഹേമചന്ദ്രൻ. സോളാര്‍ കേസ് അന്വേഷണ സംഘ തലവൻ എ ഹേമചന്ദ്രൻ ‘നീതി എവിടെ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് ഇങ്ങനെ പറഞ്ഞത്.
ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന് സി ഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. സി ഐ പ്രേമനന്ദ കൃഷ്ണനെ മർദ്ദിച്ച സിവിൽ പൊലീസ് ഓഫീസർ സി പി ഒ ടി. മഹേഷിനെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായിരുന്നു മഹേഷ്.
വൈദ്യുതി മോഷണത്തിനു കെഎസ്ഇബി 43 കോടിയില്‍പ്പരം രൂപയുടെ പിഴ ചുമത്തി. 2022 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ നടത്തിയ 37,372 പരിശോധനകളിലാണ് ഇത്രയും ക്രമക്കേടു കണ്ടത്.
ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണ ഫണ്ട് തിരിമറിയിൽ സിപിഎം നേതാവ് പി കെ ശശിയോട് പാർട്ടി വിശദീകരണം തേടും. ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകൾ ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ചർച്ചയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല.
കുടിശ്ശിക കിട്ടിയില്ലെങ്കിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ ആരോഗ്യവകുപ്പിന് കത്തു നൽകി. ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾക്ക് സർക്കാരിൽനിന്നു കിട്ടാനുള്ളത് കോടികളാണ്.
അമൽജ്യോതിയിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പിൽ ആരേയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോട്ടയം എസ്പി കെ കാർത്തിക്. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയിൽ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.
റോഡിൽ കാട്ടാന പ്രസവിച്ചു. കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം രാത്രിയിയോടെയാണ് സംഭവം. ആനക്കുട്ടം സുരക്ഷ ഒരുക്കി റോഡിൽ നിന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊടുമൺ സ്വദേശിയാണ്. സംസ്കാരം നാളെ.
കാറിടിച്ച് പരുക്കേറ്റ് 20 മിനിറ്റോളം ചോരവാര്‍ന്ന് റോഡരികില്‍ കിടന്ന യുവാവ് മരിച്ചു. ആലപ്പുഴ കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ പരമേശ്വരന്റെ മകന് ധനീഷാണ് (29) ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് ദേശീയപാതയില്‍ കോടംതുരുത്ത് ഗവ. എല്‍പി സ്കൂളിനു മുന്നില്‍ അപകടത്തില്‍ മരിച്ചത്.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ പിടികൂടി. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി (38), പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് (26) എന്നിവരാണ് പിടിയിലായത്.
മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്മെന്റിൽ 56 കാരൻ ലിവ്-ഇൻ പങ്കാളിയായ 36 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങൾ കുക്കറിൽ പാകം ചെയ്തെന്നു പൊലീസ്.