മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ അന്ത്യ വിശ്രമം. യമുനാതീരത്തെ നിഗംബോധ്ഘാട്ടില്‍ സേന അവസാന ആദരവ് നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളുമടക്കം പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. രാവിലെ ഒന്‍പതുമണിയോടെ ഭൗതികശരീരം വസതിയില്‍ നിന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിച്ചു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി , കെ.സി വേണുഗോപാല്‍ , പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മന്‍മോഹന്‍ സിങ് മരിക്കുന്നില്ലെന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പുറത്ത് തടിച്ചുകൂടി. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് സംസ്കാര ചടങ്ങുകള്‍ നടന്ന നിഗംബോധ്ഘട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോയത്.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി വിധി പറഞ്ഞു. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി.
എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ശരത്‌ലാലിന്റെ അമ്മയും കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും കൃപേഷിന്റെ അമ്മയും പറഞ്ഞു.
പെരിയ ഇരട്ടക്കൊല കേസിലെ വിധിക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കേസ് തേച്ചുമാച്ച് കളയാൻ സർക്കാർ പരമാവധി ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും രാജ്മോഹൻ ഉണ്ണിത്താനും, സംഘർഷത്തിനിടയിൽ ഉണ്ടായ കൊലപാതകമല്ല പെരിയയിലേതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ നികുതി പണം ഉൾപ്പെടെ എടുത്താണ് സർക്കാർ സിബിഐ അന്വേഷണം ഒഴിവാക്കാൻ വാദിച്ചതെന്നും ഷാഫി പറമ്പിലും പ്രതികരിച്ചു. പെരിയ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിൻ്റെ ഉന്നത നേതൃത്വമാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് ടി സിദ്ധിഖ് എംഎൽഎയും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊല കേസിൽ നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തിൽ അപ്പീൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രതികരിച്ചു. സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍. അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ തനിക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കൊലപാതകത്തിൽ പങ്കില്ലെന്നും തനിക്ക് ജീവിക്കണ്ടെന്നും ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും തൂക്കി കൊല്ലാൻ വിധിക്കണമെന്നും എ സുരേന്ദ്രൻ കോടതിയിൽ പറഞ്ഞു.
ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന് ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ സി.പി.എമ്മും കോൺഗ്രസുമായി ഒത്തുതീർപ്പുണ്ടായതിനാലാണ് 10 പ്രതികളെ വെറുതെവിട്ടതെന്നും കേരളാ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിൽ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ മേയർ എംകെ വർഗീസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനിൽകുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണെന്നും മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ കേക്ക് വിവാദത്തിൽ വിഎസ് സുനിൽകുമാറിൻ്റേത് അനാവശ്യ പ്രതികരണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂർ മേയറെ മാത്രമല്ല തങ്ങൾ കണ്ടതെന്നും തൃശ്ശൂരിലെ തോൽവിയുടെ കാരണം പരിശോധിച്ച് തിരുത്തുകയാണ് സുനിൽകുമാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുനിൽകുമാറിന്റെ പ്രതികരണത്തിൽ നിന്ന് അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നത് ജനം അത് അംഗീകരിക്കാത്തത് കൊണ്ടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു.ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം.
തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിന്‍റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നൽകി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കാരള്‍ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ എസ്ഐയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്.
ആലപ്പുഴയിൽ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയിൽ തീരുമാനം വൈകുന്നതിനാൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ. കുഞ്ഞിന് നിലവിൽ നൽകുന്ന ചികിത്സകൾ സൗജന്യമായി നൽകണമെന്ന് സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് കുടുംബം പറഞ്ഞു.
2021-ലെ വിഷുബംബർ ഭാഗ്യക്കുറിയിൽനിന്ന് ലഭിച്ച ലാഭം ഉപയോഗിച്ച് പിന്നാക്കാവസ്ഥയിലുള്ള ഭാഗ്യക്കുറി ഏജൻറുമാർക്കും വിൽപ്പനക്കാർക്കുമുള്ള വീടുനിർമാണത്തിന് അനുമതി. 9.48 കോടി രൂപ ആദ്യഘട്ട നിർമാണത്തിനായി വിനിയോഗിക്കാൻ നികുതിവകുപ്പ് അനുമതി നൽകി.സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിബോർഡിൽ അംഗങ്ങളായ വീടില്ലാത്തവരെയുമാണ് പരിഗണിക്കുക.
കണ്ണൂര്‍ എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിൽ വായ്പ തട്ടിപ്പെന്ന് പരാതി. ഇടപാടുകാരായ അംഗങ്ങളുടെ പേരിൽ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ എടുത്തതായാണ് കണ്ടെത്തൽ. സഹകരണവകുപ്പിന്‍റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവന്നത്. എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഓഡിറ്റ് വിഭാഗത്തിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് ഇക്കാര്യം ഇടപാടുകാര്‍ അറിയുന്നത്. എടുത്ത വായ്പകൾ ഗഡുക്കളായി അടക്കണമെന്നാണ് നിർദേശം.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ. തൃശ്ശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് തന്നെയാണ് വേല വെടിക്കെട്ടും നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് വേല വെടിക്കെട്ടിന് തൃശ്ശൂർ ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്.
2023-24 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ ലാഭത്തിലാണെന്ന് കെഎംആർഎൽ. 2023-24 വാർഷിക റിപ്പോർട്ട് അനുസരിച്ച്, പ്രവർത്തന വരുമാനം 151.30 കോടി രൂപയും പ്രവർത്തന ചെലവ് 205.59 കോടി രൂപയുമാണ്. എന്നാൽ, 60.31 കോടി രൂപ നോൺ-മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ചെലവ് പ്രവർത്തന ചെലവിൽ നിന്ന് ഒഴിവാക്കിയെന്നും യഥാർത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെഎംആർഎൽ വ്യക്തമാക്കി.
ചെങ്ങന്നൂരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിലായി. ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ബുധുനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്.
കോഴിക്കോട് വടകരയിൽ കാരവാനിൽ യുവാക്കള്‍ മരിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് എന്‍ഐടി സംഘം കാരവൻ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരുക്കേറ്റു.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലിൽ മഞ്ഞിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി. കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും കുളു പോലീസ് എക്‌സിൽ കുറിച്ചു.
രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സമായി കനത്ത മഴ. അച്ഛന്‍റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരിയാണ് കുഴൽക്കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 150 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്.
ബോക്സിങ് ഡേ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ മറികടക്കാന്‍ പൊരുതുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡി (105)യും മുഹമ്മദ് സിറാജും (2) ആണ്നിലവില്‍ ക്രീസിലുള്ളത്. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ മറികടക്കാന്‍ ഇനി 116 കൂടിവേണം.