സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. പൊലീസ് അനുമതി നൽകാത്തതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറും 15 മിനുട്ടും അതിര്‍ത്തിയിൽ കാത്തുനിന്നശേഷം രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കള്‍ അതിര്‍ത്തിയിൽ നിന്ന് മടങ്ങി. പ്രതിപക്ഷ നേതാവിന്‍റെ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് രാഹുൽ ഗാന്ധിയും രാഹുലിന്‍റെ ഭരണഘടനാ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി. സ്ഥലത്ത് നിന്ന് മടങ്ങുകയാണെന്ന് കെസി വേണുഗോപാലും വ്യക്തമാക്കി.
കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്‍റെ സഹകരണം കുറവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത് എന്നാൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ലെന്നും എംപിമാരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്സഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടുകളിൽ നാല് നോമിനികൾ വരെ ഉണ്ടായിരിക്കാൻ അനുവദിക്കുന്ന ബാങ്കിംഗ് നിയമ ബിൽ, ലോക്‌സഭ പാസാക്കി. ധനമന്ത്രി നിർമല സീതാരാമൻ പൈലറ്റായി അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി, നിക്ഷേപകർക്ക് തുടർച്ചയായി അല്ലെങ്കിൽ ഒരേസമയം നാല് നോമിനികൾ വരെ നാമനിർദ്ദേശം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു. രാഹുൽ ആദ്യമായും യുആര്‍ പ്രദീപ് രണ്ടാം തവണയുമാണ് എംഎല്‍എയാകുന്നത്.
മധു മുല്ല ശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അംഗത്വം നല്‍കി. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്നും പി എഫ് ഐ നിരോധനത്തിന് ശേഷം സി പി എം , പി എഫ് ഐ ക്കാരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്നും പിണറായി വിജയന്‍റെ കാലത്ത് തന്നെ ഉദകക്രിയ നടക്കുമെന്നും പല ജില്ലകളിൽ നിന്നായി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കുറ്റം തെളിയാതിരിക്കാൻ ആയമാർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചുവെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ നഖം വെട്ടിയാണ് മൂന്ന് ആയമാരും ഹാജരായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും അവർ പറഞ്ഞു. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് പത്രപരസ്യത്തിൽ സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രിമുത്തുക്കോയ തങ്ങൾ. നവംബർ 19ന്പത്രത്തിൽ വന്ന പരസ്യം സുപ്രഭാതത്തിന്‍റെ നയനിലപാടുകൾക്ക് നിരാക്കാത്തതാണ്. ജീവനക്കാർക്ക് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്റെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സർക്കാർ എഴുതിതള്ളി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
എഡിജിപി എംആർ അജിത് കുമാറിനെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിജിലൻസ്. വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും.
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട്. പിതാവ് ഷാജിയുടെ കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ സംസ്കാരചടങ്ങുകൾ നടന്നു. അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദന്‍റെ സംസ്കാരം കോട്ടയം മറ്റക്കരയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഓട്ടോറിക്ഷ ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം. കേസിൽ സഹോദരങ്ങളായ പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിട്ടുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ വർഷം നവംബർ 20 വരെയുള്ള 324 ദിവസങ്ങളിൽ ജില്ലയിൽ 722 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
യുവതിയെ തടഞ്ഞുനിര്‍ത്തി അശ്ലീലം പറഞ്ഞെന്നും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്. സി.പി.എം. ഇടുക്കി പോത്തിന്‍കണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരേയാണ് വണ്ടന്മേട് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ ബിജുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതായി സി.പി.എം. അറിയിച്ചു.
അച്ചടക്കലംഘനത്തിന്റെ പേരില്‍ എടത്വ സെയ്ന്റ് അലോഷ്യസ് കോളേജില്‍നിന്ന് പുറത്താക്കിയ എസ്.എഫ്.ഐ.നേതാവ് ശ്രീജിത്ത് സുഭാഷിന് ബി.എസ്സി. ബിരുദകോഴ്‌സിന്റെ അഞ്ചും ആറും സെമസ്റ്ററിന്റെ ഇന്റേണല്‍ പരീക്ഷ നടത്താനും പ്രോജക്ട് വൈവയ്ക്ക് അവസരം നല്‍കാനും എം.ജി. വൈസ് ചാന്‍സലറുടെ ഉത്തരവ്. കോളേജില്‍നിന്ന് നിര്‍ബന്ധ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്താക്കിയ വിദ്യാര്‍ഥിയെ സര്‍വകലാശാല റെഗുലേഷന്‍പ്രകാരം പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യാന്‍ അനുവദിക്കാനാകില്ലെന്ന് യൂണിവേഴ്‌സിറ്റിയെ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു.
എം.സി റോഡിൽ ചടയമംഗലത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേൽ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഫഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ നടക്കും.നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
പ്രളjയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്നാട് മന്ത്രി പൊന്മുടിക്ക് നേരേ ചെളിയെറിഞ്ഞത് വിഴുപ്പുറത്തെ ബിജെപി പ്രവർത്തകരായ വിജയറാണിയും രാമകൃഷ്ണനുമാണെന്ന് പൊലീസ് പറഞ്ഞു . എന്നാൽ ഇവർക്കെതിരെ കേസെടുത്ത് വിഷയം വഷളാക്കേണ്ടെന്നാണ് ഡിഎംകെയിലെ അഭിപ്രായം .
ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്ക് എതിരെ രൂക്ഷവിമർശനം. ചെന്നൈയിലെ ദുരന്തബാധിതരെ പാർട്ടി ഓഫീസിലെത്തിച്ച് സഹായം നൽകിയ സംഭവത്തിലാണ് ഡിഎംകെ-ബിജെപി സൈബർ ഹാൻഡിലുകൾ വിജയ്ക്ക് എതിരെ വിമർശനം ശക്തമായിരിക്കുന്നത്. എന്നാൽ, ആളുകളുടെ സൗകര്യം പരിഗണിച്ചാണ് പാർട്ടി ഓഫീസിൽ പരിപാടി നടത്തിയതെന്ന് ടിവികെ അറിയിച്ചു. 300 കുടുംബങ്ങൾക്കാണ് വിജയ് കിറ്റ് നൽകിയത്.
ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേനയുള്ള തട്ടിപ്പുകളടക്കം എല്ലാത്തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകള്‍ക്കെതിരെയും കര്‍ശന നടപടിയുമായി കേന്ദ്രം. ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം അറിയിച്ചു. 1700 സ്കൈപ്പ് അക്കൗണ്ടുകള്‍ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നവംബര്‍ 15വരെ തട്ടിപ്പിൽ ഏര്‍പ്പെട്ട 6.69 ലക്ഷം മൊബൈല്‍ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഇരട്ട സാറ്റ്‌ലൈറ്റ് ദൗത്യമായ പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.08നാണ് പിഎസ്എല്‍വി-സി59 റോക്കറ്റില്‍ പ്രോബ-3 വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനല്‍ വഴി തത്സമയം പ്രോബ-3 ലോഞ്ച് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കാണാം.
മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അറബിയില്‍ സലാത് അല്‍ ഇസ്തിസ്ഖ എന്ന് അറിയപ്പെടുന്ന മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്കാണ് പ്രാര്‍ത്ഥന നടത്തുക.
തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അലിഖാൻ തുഗ്ലഖ് ലഹരിക്കേസിൽ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
.
ആറ് വനിതാ സിവിൽ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം. വനിതാ സിവിൽ ജഡ്ജിമാർ കേസ് തീർപ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ചു പിരിച്ചുവിട്ടതിനെ രൂക്ഷഭാഷയിൽ കോടതി വിമർശിച്ചു. അതിലൊരാൾ ഗർഭം അലസിയതിനെ തുടർന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെ മധ്യപ്രദേശ് കോടതി അവഗണിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ച് രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്.