Screenshot 20240928 1401072

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതിയുടെ നടപടികൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടരും.

 

 

 

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കുറേ ഉത്തരവാദിത്വങ്ങൾ ഉള്ള പൊതു പ്രവർത്തകയാണ് ദിവ്യയെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ആരോപണം ഉയർന്നപ്പോൾ തന്നെ സ്ഥാനം രാജിവച്ചുവെന്നും അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയതെന്നും നിരവധി പുരസ്കാരങ്ങൾ കിട്ടിയ പൊതു പ്രവർത്തകയാണ് പിപി ദിവ്യ സാധാരണക്കാർക്കും പ്രാപ്യമായ നേതാവാണെന്നും വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് കെകെ രമ എംഎൽഎ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. എന്നാൽഅന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമർശിച്ചു.

 

 

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന കണ്ടെത്തലുമായി ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്. പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയപ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും, പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി.

 

 

 

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കുറ്റവാളികളെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാരിന് പറ്റില്ല എന്നാൽ ശിക്ഷിക്കപ്പെടുമെന്നത് എൽഡിഎഫ് കാഴ്ചപ്പാടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

 

 

 

പാലക്കാട്‌ യു ഡി എഫ് സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തിൽ കെ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണെന്ന് എ കെ ബാലൻ. കരുണാകരന്‍റെ സ്മൃതി മണ്ഡപം സന്ദർശിക്കാൻ രാഹുൽ തയായറായിട്ടില്ലെന്നും സരിൻ സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് സ്മൃതി മണ്ഡപം സന്ദർശിച്ചത് അദ്ദേഹം താല്പര്യം പറഞ്ഞപ്പോൾ പാർട്ടി എതിർത്തില്ലെന്നും ബാലൻ പറഞ്ഞു. കരുണാകരനെ വേട്ടയാടിയവരാണ് കോൺഗ്രസുകാർ ,കോൺഗ്രസ്സിൽ പൊട്ടിത്തെറി ഇനിയും ഉണ്ടാകുമെന്നും ബാലൻ കൂട്ടിച്ചേർത്തു.

 

 

അമേഠിയിൽ രാഹുൽഗാന്ധി തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിഹസിച്ചു. ആളും ആരവുമായി ഇന്നലെ വന്നു റോഡ് ഷോ കഴിഞ്ഞു എല്ലാവരും ടാറ്റാ ബൈബൈ പറഞ്ഞു പോയി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നോ രണ്ടോ തവണ കൂടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കോൺഗ്രസ് റോഡ് ഷോയിൽ വയനാട്ടുകാർ കുറവായിരുന്നു.കോഴിക്കോട് നിന്നും കോയമ്പത്തൂരിൽ നിന്നും ആളുകളെ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍ പി സരിന്‍ കരുണാകരന്‍റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചു. മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നത് എന്നാൽതാൻ ഒറ്റയ്ക്കാണ് വന്നതെന്നും സരിൻ പറഞ്ഞു. ക്യാമറയ്ക്ക് മുൻപിൽ ഉമ്മൻചാണ്ടിയെ പോയി കണ്ടിട്ടില്ല എന്നേയുള്ളൂ.ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമുള്ള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ചകളിൽ കേരളത്തോട് രാഷ്ട്രീയം പറഞ്ഞതെന്നും സരിൻ പറഞ്ഞു.

 

 

ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അഞ്ചു വർഷം പൂഴ്ത്തിയെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാണ് സുപ്രീംകോടതിയിലെത്തിയ റിട്ട് ഹർജി ആവശ്യപ്പെടുന്നത്.അഭിഭാഷക അജീഷ് കളത്തിലാണ് ഹർജി നൽകിയിരിക്കുന്നത്.

 

 

 

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്ന വാഗ്ദാനം നൽകിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളിൽ കയറുന്നത് ആസൂത്രിതമായിട്ടാണ്. കോൺഗ്രസിന്റെ ഇത്തരം നാട്യങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എന്നാൽ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്നയാൾ എന്നാണ്. എനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ല. പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ വിമര്‍ശിച്ചു.

 

 

 

പാലക്കാട് മണ്ഡലത്തിൽ ഫലം പ്രവചനാതീതമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക നിലപാടില്ല വയനാട്ടിൽ പ്രിയങ്ക ഗാന്ധി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇപ്പോൾ മുന്നിലുള്ളതെന്നും എന്നാൽ പി.വി.അൻവറിനെ വിലകുറച്ച് കാണേണ്ട. പ്രചാരണത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളും സീനിയർ ആ‌ർട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

കോൺഗ്രസിന് ഒറ്റ ശത്രുവേയുള്ളൂവെന്നും അത് ഇടതുപക്ഷമാണെന്നും സിപിഎം പിബി അംഗം എ.വിജയരാഘവൻ. വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾ തമ്മിൽ അല്ല രാഷ്ട്രീയ നിലപാടുകൾ തമ്മിലാണ് മത്സരം നടക്കുന്നതെന്നും തൃശ്ശൂരിൽ എൽഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ് പറയുന്നു കളവ് പറയുന്നതിനും ഒരു മാന്യത വേണ്ടേ എന്നും വിജയരാഘവൻ പറഞ്ഞു.

 

 

 

 

മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി. നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

 

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡായ ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന് പേരിട്ട പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. അഞ്ച് കൊല്ലത്ത നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

 

 

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ നിന്ന് രസവും അച്ചാറും പുറത്ത്. നിർദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനൊപ്പം രണ്ട് കറികൾ നൽകണം. പച്ചക്കറിയും പയർ വർഗങ്ങളും ഉൾപ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉൾപ്പെടുത്താമെന്നും ഉത്തരവിലുണ്ട്.

 

 

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തോൽക്കുമെന്ന് കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന എകെ ഷാനിബ്. എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തോൽക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും എൽഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരം ഇടതിന് വോട്ട് ചെയ്യാൻ മനസില്ലാത്ത കോൺഗ്രസിലെ അസംതൃപ്തർ തനിക്ക് വോട്ട് ചെയ്യുമെന്നും ഷാനിബ് പറഞ്ഞു.

 

 

 

ഇടുക്കിയിലെ കുമളിയിൽ മാധ്യമ പ്രവത്തകനും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ആളെ പഞ്ചായത്ത് മെമ്പർ മർദ്ദിച്ചതായി പരാതി. റോസാപ്പൂക്കണ്ടം വാർഡ് മെംബർ എ. കബീർ, ദേശാഭിമാനി ലേഖകൻ കെ.എ. അബ്ദുൽ റസാഖിനെ മർദിച്ചതായാണ് പരാതി. ഓട നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിലെത്തിയത്

 

 

 

 

 

കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈൽ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. കേസിൽ പിടിയിലാകാനുള്ള രണ്ട് പേർ മുംബൈയിലും രണ്ട് പേർ ഉത്തർപ്രദേശിലും ഒളിവിൽ കഴിയുകയാണ്. മൊബൈൽ മോഷണം ആസൂത്രണം ചെയ്തതും മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വിൽപ്പന നടത്തുന്നതും ഇയാൾ തന്നെയാണെന്നാണ് വിവരം. പ്രമോദ് യാദവ് ഇപ്പോൾ യുപിയിലാണ് ഉള്ളതെന്നും പ്രത്യേക അന്വേഷണസംഘം വീണ്ടും ഇവിടെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

 

 

പള്ളിതർക്കത്തിൽ സഭയ്ക്ക് സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ്. ഒരു വിഭാഗത്തിന് വേണ്ടി മാത്രം സർക്കാർ നിലപാട് എടുക്കുന്നുവെന്നും സർക്കാർ നിലപാട് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മാർ ദിയസ്കോറോസ് ചൂണ്ടിക്കാട്ടി.സഭയ്ക്ക് ചില നയങ്ങളുണ്ടെന്നും, ജനത്തിന്റെ മനസിൽ സ‍ർക്കാരിനെതിരെ ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

പുതിയ സാമ്പത്തിക വർഷം തുടങ്ങി 7 മാസം പിന്നിട്ടിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ. മദ്യനയത്തിന് എൽഡിഫ് അംഗീകാരം നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നില്ല. പെരുമാറ്റച്ചട്ടം മാറിയ ശേഷമേ ഇനി നയമുള്ളൂവെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

 

 

യുഎൻ ദിനമായ ഇന്ന് ലോക സമാധാനത്തിനായി ശാന്തി സന്ദേശ യാത്ര നടക്കും. തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും പോത്തൻകോട് ശാന്തിഗിരിയിലേക്ക് ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ശാന്തി സന്ദേശ യാത്രയിൽ നൂറിൽ അധികം സൂപ്പർ ബൈക്കുകൾ പങ്കെടുക്കും.

 

 

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിൽ പറയുന്നു.

 

 

 

സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കിയ നിലയിൽ. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.

 

 

ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി. കെട്ടിടത്തിൻ്റെ പാർക്കിംഗ് സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുരുഷൻ്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

 

 

ഭിന്നശേഷിക്കാരന്‍ നടത്തുന്ന വഴിയോര തട്ടുകടയില്‍ ചത്ത ആടിന്റെ മാംസം തള്ളി സാമൂഹ്യ വിരുദ്ധര്‍. ഭിന്നശേഷിക്കാരനായ കോലഴി സ്വപ്നഭൂമി നിവാസിയായ ചാരചട്ടി മനോജി (44) ന്റേതാണ് തട്ടുകട. വിയ്യൂര്‍ ജയില്‍ പടിക്കും പൂവണിക്കും ഇടയിലുള്ള റോഡരികില്‍ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തട്ടുകടയിലാണ് സാമൂഹ്യ വിരുദ്ധര്‍ മാംസ മാലിന്യങ്ങള്‍ എറിഞ്ഞ് ക്രൂരത കാട്ടിയത്.

 

 

പൊട്ടിക്കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു. ഇന്നലത്തെ കാറ്റിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

 

ഹെറോയിൻ വിൽക്കാനുള്ള ശ്രമത്തിനിടെ മുൻ വനിതാ എംഎൽഎയെ പിടികൂടി നാർക്കോട്ടിക് വിരുദ്ധ സേന. പഞ്ചാബ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് മുൻ കോൺഗ്രസ് എംഎൽഎയും നിലവിലെ ബിജെപി നേതാവുമായ സത്കർ കൌർ ഗെഹ്രിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കാർ ഡ്രൈവർ കൂടിയായ ബന്ധുവിനൊപ്പമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

 

 

നടൻ സല്‍മാൻ ഖാന് എതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹസനാണ് (24) അറസ്റ്റില്‍ ആയത്. തനിക്ക് വൈകാതെ അഞ്ച് കോടി നൽകിയില്ലെങ്കിൽ താരത്തെ അപായപ്പെടുത്തും എന്ന ഭീഷണി മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‍സ്ആപ്പ് നമ്പറിലേക്കാണ് അയച്ചത്. എന്നാൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ തനിക്ക് ബിഷ്ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും കാണിച്ച് മറ്റൊരു സന്ദേശം ഇയാൾ പൊലീസിന് അയച്ചിരുന്നു.

 

 

തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന സർക്കാർ ബസിന് തീപിടിച്ചു. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ബസിന് ആണ് ഒറ്റക്കൽമണ്ഡപത്തിൽ വച്ച് തീപിടിച്ചത്. 50 യാത്രക്കാരുമായി ഉക്കടം ബസ് സ്റ്റാൻഡിലേക്ക് വരുമ്പോൾ ബസിന്റെ മുൻവശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു.

 

 

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ നടത്തുന്ന മേഖല പര്യടനത്തിന്റെ ഭാഗമായി റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അൽ യമാമ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു.

 

 

 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലനില്‍പ് പരുങ്ങലിലെന്ന് റിപ്പോർട്ട് . ഒക്ടോബര്‍ 28 നകം ട്രൂഡോ രാജിവെക്കണമെന്ന് ലിബറല്‍ പാര്‍ട്ടിയിലെ വിമത എം.പിമാര്‍ അന്ത്യശാസനം നല്‍കി. ലിബറല്‍ എം.പിമാര്‍ പാര്‍ലമെന്റ് ഹില്ലില്‍ യോഗം ചേര്‍ന്നതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തളെ പുഞ്ചിരികൊണ്ട് നേരിട്ട ട്രൂഡോ പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്നുമാത്രം പ്രതികരിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *