വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാട്ടിലെ യുഡ‍ിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാടിനെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വയനാടിന്‍റെ കുടുംബമായത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നുവെന്നും വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മല്ലികാര്‍ജുൻ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കളും കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.

 

 

 

രാജ്യത്ത് തന്നെ പാര്‍ലമെന്‍റിൽ രണ്ട് ജനപ്രതിനിധികളുണ്ടാകുന്ന ഒരേ ഒരു സ്ഥലമായിരിക്കും വയനാടെന്നും താനും ഈ നാടിന്‍റെ അനൗദ്യോഗിക പ്രതിനിധിയായി എപ്പോഴും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി എംപി പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

ബംഗ്ലാദേശിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് സംബന്ധിച്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധമുയർന്നത്. രോഷാകുലരായ പ്രതിഷേധക്കാർ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുകയും അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാരിക്കേഡുകളും മറ്റും വച്ച് ബംഗ ഭബനിലേക്കു കടക്കാതെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. കഴിഞ്ഞയാഴ്ച ബംഗ്ലദേശ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയത്. ഷെയ്ഖ് ഹസീന രാജ്യം വിട്ടപ്പോൾ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്നായിരുന്നു പ്രസ്താവന.

 

 

 

 

വയനാട് ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്നും എന്നാല്‍ ചില വ്യക്തികളുടെ പ്രശ്നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും അതിനാൽ ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. സജി മോന്‍ സാറയില്‍ നല്‍കിയ ഹര്‍ജി നവംബർ 19 നാണ് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം.

 

 

 

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്‍റെ വിഷയത്തില്‍ ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

 

 

 

വെടിക്കെട്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഉത്തരവ് നടപ്പിലാക്കിയാൽ തൃശ്ശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വി എൻ വാസവൻ കേന്ദ്രത്തിന് കത്തയച്ചു. പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും , കേന്ദ്രമന്ത്രിയായ തൃശ്ശൂർ എം പി വിഷയത്തിൽ ഇടപെടണമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

 

 

 

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. രാവിലെ ആനയ്ക്ക് വെള്ളവുമായി അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

 

 

 

 

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എലത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മറ്റൊരു സ്കൂളിന്റെ മൈതാനത്ത് കൊണ്ടുപോയി മർദിക്കുകയായിരുന്നു. മര്‍ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലീസ് സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.

 

 

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി.സരിന്റെ അഭിപ്രായം ആവര്‍ത്തിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. സരിന്‍ പറഞ്ഞതില്‍ ഒരു അപകടവുമില്ലെന്നും സി.പി.എമ്മിന്റെയോ എല്‍.ഡി.എഫ്. ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങള്‍ക്കുണ്ട്. ആ വോട്ടിന്റെ ഒരു ഭാഗം കോണ്‍ഗ്രസിലേക്ക് പോയി. ബി.ജെ.പി. ജയിക്കാന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ.കെ. ബാലന്‍ പറഞ്ഞു.

 

 

ബസിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പൊലീസിൻ്റെ പിടിയിലായി. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവർണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളിൽ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗിൽ നിന്ന് പഴ്സും പണവും കവരുന്നതാണ് ഇവരുടെ രീതി.

 

 

 

കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നാലു ദിവസമായി ആശുപതിയിൽ ചികിത്സയിലായിരുന്നു. മുൻഷി എന്ന പരിപാടിയില്‍ മുൻഷിയായി ശ്രദ്ധ നേടിയിരുന്നു.

 

 

 

എറണാകുളം അങ്കമാലിയിലെ ബാറിൽ അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിഖ് മനോഹരനാണ് കഴിഞ്ഞയാഴ്ച കുത്തേറ്റ് മരിച്ചത്. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക്ക് മരിക്കുകയായിരുന്നു.

 

 

 

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

 

 

 

 

തൃശൂരിൽ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കൊടുങ്ങല്ലൂരിൽ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസിൽ സൂപ്പർവൈസറായ കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.

 

 

 

50 പൈസ തിരികെ കൊടുക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നൽകാൻ പോസ്റ്റ് ഓഫിസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തമിഴ്നാട്ടിലെ ഗെരുഗംപാക്കത്താണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊളിച്ചാലൂർ പോസ്റ്റ് ഓഫീസിൽ രജിസ്റ്റർ ചെയ്ത കത്ത് അയക്കാൻ എത്തിയപ്പോഴായിരുന്നു തർക്കമുണ്ടായത്.

 

 

 

ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കൊല്‍ക്കത്തയുള്‍പ്പടെയുള്ള ഇടങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ വിവിധ ഭാഗങ്ങളിലായി 85 സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളുൾപ്പെടെ 152 ട്രെയിനുകൾ റദ്ദാക്കി.

 

 

 

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രംഗോലിക്ക് ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാക്കിയ രംഗോലി ചിലര്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയതും സംഘര്‍ഷമുണ്ടായതും.

 

 

 

വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാൾ ഗുജറാത്തിൽ അറസ്റ്റിലായി. അഹമ്മദാബാദിൽ അധികൃതരുടെ മൂക്കിൻ തുമ്പിലാണ് വ്യാജ കോടതി നടത്തി നാട്ടുകാരെ പറ്റിച്ചുവന്ന ജഡ്‌ജിയും ഗുമസ്‌തൻമാരും അറസ്‌റ്റിലായത്. ഭൂമിത്തര്‍ക്ക കേസുകളിൽ കോടതി നിയോഗിച്ച മധ്യസ്ഥനെന്ന് പറഞ്ഞാണ് ഇയാൾ ആർബിട്രറി കോടതി സ്ഥാപിച്ച് ജീവനക്കാരെ നിയമിച്ച് കേസുകളിൽ തീർപ്പ് കൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെയടക്കം കേസുകൾ ഇയാൾ കൈകാര്യം ചെയ്തിരുന്നതായാണ് വിവരം.

 

 

 

ഹോട്ടൽ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ അധോലോക നായകൻ ഛോട്ടാ രാജന്‍റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി. ഈ കേസിൽ ഛോട്ടാ രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. എന്നാൽ മറ്റ് ക്രിമിനൽ കേസുകൾ ഉള്ളതിനാൽ ഛോട്ടാ രാജന് ഇപ്പോൾ പുറത്തിറങ്ങാനാവില്ല.

 

 

 

കത്തി ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വർധിച്ചതോടെ ജപ്പാനിലെ കൻസായി മേഖലയിൽ കത്തിക്കുത്തിനെ പ്രതിരോധിക്കാനുള്ള കുടകൾ വരുന്നുവെന്ന് റിപ്പോർട്ട്. ബുള്ളറ്റ് പ്രൂഫ് എന്നൊക്കെ പറയുംപോലെ ബ്ലേഡ് പ്രൂഫ് കുടകളാണ് ഇതുവഴിയുള്ള ട്രെയിനുകളിലേക്ക് ജെആർ വെസ്റ്റ് എന്ന കമ്പനി നൽകുന്നതെന്നാണ് വിവരം.

 

 

 

ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ കുടുംബത്തിൽ സ്വത്തിനെച്ചൊല്ലി ഭിന്നത രൂക്ഷം. സ്വത്ത്‌ തർക്കത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരെ വൈഎസ്ആറിന്‍റെ മകനും മുൻ മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഢി ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ചു. സഹോദരി വൈ എസ് ശർമിളയ്ക്കും അമ്മ വൈ എസ് വിജയമ്മയ്ക്കും എതിരെയാണ് ജഗൻമോഹന്‍റെ ഹർജി.

 

 

 

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും രാജ്യത്തിന്റെ പര്‍വ്വത പ്രദേശങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

 

 

 

ഹസൻ നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ബെയ്‌റൂട്ടിൽ വ്യോമാക്രമണത്തിൽ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തൽ. നേതൃത്വം ഒന്നാകെ കൊല്ലപ്പെട്ടതോടെ പ്രത്യാക്രമണ ശേഷി തകർന്ന നിലയിലാണ് ഹിസ്ബുല്ലയെന്നാണ് റിപ്പോർട്ടുകൾ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *