നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതിയുടെ വിമർശനം. ഹർജിയിൽ വാദത്തിന് താൽപര്യമില്ലേയെന്നും, വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസിൽ താൽപര്യമില്ലെന്ന് മനസിലായെന്നും ഇഡിയോട് കോടതി സൂചിപ്പിച്ചു. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കഴിഞ്ഞ തവണയും ഹർജി ഇഡിയുടെ ആവശ്യപ്രകാരം മാറ്റിയിരുന്നു.

 

 

 

 

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ദില്ലിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമെന്നും മുഖ്യമന്ത്രി നടത്തുന്നത് ആര്‍എസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും വിഡി സതീശൻ വാർത്താകുറിപ്പിലൂടെ പറ‍ഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദില്ലിയിലെ സംഘ്പരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുന്നു എന്നാണ് മന്ത്രി എംബി രാജേഷിന്‍റെ വിശദീകരണം. മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ച് അല്ലെന്നും കള്ളക്കടത്ത് സ്വർണ്ണം എന്തിന് ഉപയോഗിക്കുന്നു എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുമാണ് മന്ത്രി പറയുന്നത്.

 

 

വിമാനത്താവളം മലപ്പുറത്ത് ആയതിനാലാണ് മലപ്പുറത്ത് കൂടുതൽ സ്വർണക്കടത്ത് കേസ് വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വർണം കടത്തുന്നതിൽ മറ്റുജില്ലക്കാരും പുറത്ത് നിന്നുള്ളവരും ഉണ്ടെന്നും. മലപ്പുറത്തെ മോശമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ് കൂടാതെ ബിജെപി വിരുദ്ധ മനസുകളിൽ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

എഡിജിപിയെ എന്തുകൊണ്ട് മാറ്റുന്നില്ലെന്ന് മാറ്റാത്തവരോട് ചോദിക്കണമെന്ന് മന്ത്രി കെ.രാജൻ. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തതവരുത്തേണ്ടത് അദ്ദേഹം തന്നെയാണെന്നും കെ.രാജൻ പറഞ്ഞു.

 

 

 

 

എം എൽ എ പി.വി അൻവറിന്റെ മലപ്പുറത്തെ പൊതുയോഗത്തിലെ ആൾക്കൂട്ടത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമെന്നും ഒപ്പം മുസ്ലിം ലീഗും കോൺഗ്രസുമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആകെ പത്തോ മുപ്പതോ പേരാണ് പാർട്ടി. അതിലെ രണ്ട് പ്രബല വിഭാഗങ്ങളാണ് എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും. ഇവരുടെ പിന്തുണയാണ് അൻവറിന് കിട്ടുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

 

 

 

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകൾക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ എന്ന് എംഎൽഎ പിവി അൻവർ. പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും. മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരിൽ കണ്ട് സാഹചര്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു. അതോടൊപ്പം താൻ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം സ്വരാജ് പറയണമെന്നും അൻവർ കൂട്ടിച്ചേർത്തു.

 

 

 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ. സ്വർണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുവെന്നും അൻവർ ആരോപിച്ചു. ചില കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ ഫോൺ നമ്പറുകൾ ശശി വാങ്ങുമെന്നും സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തിൽ ഇടപെടുന്നുവെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെയുള്ള പരാതിയിലുള്ളത്. എല്ലാം ഉന്നയിക്കുന്നത് ഉത്തമബോധ്യത്തിലെന്നും അൻവർ വ്യക്തമാക്കുന്നു.

 

 

 

പാർട്ടിയുമായി ആലോചിച്ച് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അൻവറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും ശശി വിശദീകരിച്ചു. അൻവർ എന്തും പുറത്ത് വിട്ടോട്ടെ, അൻവർ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല നിങ്ങൾ (മാധ്യമങ്ങൾ) എന്തിനാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെന്നായിരുന്നു ശശിയുടെ ചോദ്യം. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതൽ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേർത്തു.

 

ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം നിവിൻ പോളിയെ ചോദ്യംചെയ്തു. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. അതോടൊപ്പം കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും പരാതി നൽകിയിട്ടുണ്ട്.

 

 

 

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെയെന്ന് റിപ്പോർട്ട്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

 

 

 

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.

 

 

 

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴായിരുന്നു സംഭവം.

 

 

 

ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടി ഗതാഗത വകുപ്പ് സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസ് നിർത്തുന്നു. ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പുതിയ തീരുമാനത്തോടെ ലൈസൻസ് പ്രിന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം. ആധാർ കാർഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ രേഖകൾ ഡൗൺലോഡ് ചെയ്തെടുക്കാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി.

 

 

 

കെ.എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം. നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിപാടി ഇന്ന് തീരുമാനിച്ചിരുന്നത്. നിലമ്പൂർ മണ്ഡലം ലീഗ് കമ്മിറ്റിയാണ് സമ്മേളനം തീരുമാനിച്ചത്. എന്നാൽ നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി പിൻവാങ്ങി. പരിപാടി റദ്ദാക്കിയത് ഇടതുപക്ഷമായുള്ളഭാഗമെന്നാണ് വിമർശനമുയരുന്നത്.

 

കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് വ്യാജഡോക്ട്ടറുടെ ചികിൽസയെ തുടർന്ന് മരിച്ചത്. ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി ആര്‍എംഒ ആയി ചികിത്സ നടത്തിയ അബു അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

 

 

 

കേരള തമിഴ്നാട് അതിർത്തിയിൽ പാറശ്ശാലയ്ക്കും കളിയക്കാവിളക്കും ഇടയിൽ ട്രെയിനിനു മുന്നിൽ പെട്ട ആളിനെ ലോക്കോ പൈലറ്റ് അത്ഭുതകരമായി രക്ഷിച്ചു. തിരുവനന്തപുരം നെടുവാൻവിള സ്വദേശിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയിൽവെ ട്രാക്കിലൂടെ നടന്നുവന്നത്. തുടർന്ന് ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിൻ നിറുത്തുകയായിരുന്നു.

 

 

തിരുവനന്തപുരത്ത് പോക്സോ പ്രതി ബ്ലേഡ് വിഴുങ്ങി. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവേയാണ് പോക്സോ കേസിലെ പ്രതിയായ സുമേഷ് ബ്ലെയ്ഡ് വിഴുങ്ങിയത്. കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് സംഭവമുണ്ടായത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വ‍ർദ്ധനവ് പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർദ്ധിക്കുന്നത്. ഇന്നു മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നതായി കമ്പനികൾ പുറത്തിറക്കിയ അറിയിപ്പ് പറയുന്നു.

 

 

 

കാസർകോട് ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്‌വികയാണ് മരിച്ചത്. ഉദുമ ഗവ എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

 

 

 

തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെ കലൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ പ്രശ്നത്തിൽ ഇടപെടണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ പോലീസിനെ സമീപിച്ചിരുന്നു. തുടർന്നാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

 

 

ചെന്നൈയിൽ പട്ടിണി കിടന്ന അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി സമർഖാൻ (35) ആണ്‌ മരിച്ചത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, സംഘത്തിലെ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 12 പേർ അടങ്ങുന്ന സംഘമാണ്‌ ചെന്നൈയിൽ ജോലി അന്വേഷിച്ച് എത്തിയതെന്നാണ് വിവരം.

 

 

 

തമിഴ് നടൻ രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന.

 

 

 

ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പിൽ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളിൽ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് എട്ടുപേരാണ് പിടിയിലായിരിക്കുന്നത്.

 

 

സിസിടിവി ക്യാമറകൾ ഉൾപ്പെടെ ചൈനീസ് നിർമിത നിരീക്ഷണ ഉപകരണങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ലെബനോനിൽ നടന്ന പേജർ സ്ഫോടനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. സിസിടിവി മേഖലയിലെ ഇന്ത്യൻ കമ്പനികൾക്ക് കൂടി പ്രയോജനപ്രദമാകുന്ന തരത്തിൽ മാ‍ർഗനിർദേശങ്ങൾ രൂപീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

 

 

മഞ്ഞുമലയിൽ നിന്ന് 56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്.

 

 

 

ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചതോടെ അതിർത്തി ഒഴിപ്പിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇന്നലെ രാത്രിയുണ്ടായ ആക്രമണങ്ങളിൽ 95 പേരാണ് ലെബനോനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു. അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *