തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. പൂരം റിപ്പോർട്ടിന്മേലുള്ള തുടർനടപടി വേണമെന്ന് സിപിഐ മന്ത്രിമാരടക്കം കാബിനറ്റിൽ ആവശ്യപ്പെട്ടു. എഡിജിപിയെ പൂർണ്ണമായും സംശയനിഴലിൽ നിർത്തിയുള്ള ഡിജിപിയുടെ ശുപാർശയിലാണ് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ എന്ത് ചെയ്തുവെന്നും, എന്ത് കൊണ്ട് റിപ്പോർട്ട് നൽകാൻ അഞ്ച് മാസമെടുത്തു എന്നീ ചോദ്യങ്ങളാണ് ഡിജിപി ഉന്നയിച്ചത്.
തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി കെ രാജൻ. പൂരം കലക്കൽ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാൾ കൂടിയെന്നും എഡിജിപിക്കും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തൃശൂർ പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന വീഡിയോ പുറത്ത് വന്നു. തിരുവമ്പാടിയിലെക്കാണ് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി വന്നിറങ്ങിയത്. ആംബുലൻസില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആ ഘട്ടത്തില്‍ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. ഈ ആരോപണങ്ങൾക്ക് ബലം പകരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പൂരത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നും പ്രത്യക്ഷപ്പെടാതെയിരുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി സേവാഭാരതി ആംബുലൻസില്‍ ആ സമയം വന്നുവെന്നുള്ളത് ദുരൂഹമാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും പറഞ്ഞു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനരോഷം കാരണമാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് കള്ളനും പൊലീസും കളിയാണെന്നും. അന്വേഷണത്തിൽ ഒന്നും സംഭവിക്കില്ല. എഡിജിപി -ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട് തന്നെയാണെന്നും അദ്ദേഹപറഞ്ഞു. തൃശ്ശൂരും തിരുവനന്തപുരവും ആയിരുന്നു ധാരണയെന്നും. പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
എഡിജിപി എം ആർ അജിത്ത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. അതോടൊപ്പം
താൻ കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ ചെയ്തത്. ബിജെപിയും സിപിഎമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ ലഹരിക്കടത്ത് കേസ് ആരോപണത്തിൽ സുജിത് ദാസിന് ആശ്വാസം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലഹരിക്കേസ് പ്രതിയുടെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിനുള്ള കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാരിക്ക് ആയില്ലെന്ന് ഹൈക്കോടതി പറയുന്നു. നിലവിലെ അന്വേഷണത്തിൽ അപാകതയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് സർക്കാരും പറഞ്ഞു.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ തുടർന്ന് നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ. അദ്ദേഹത്തെ സർവീസിൽ നിന്നും പുറത്താക്കണം. സസ്പെൻഡ് ച ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാർ. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്നും എം.എൽ.എ. പറഞ്ഞു.
സിപിഎം നേതാവ് എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന് അദ്ദേഹത്തിൻ്റെ മകൾ ആശ ലോറൻസ് കൊച്ചി കമ്മീഷണർക്ക് ആശ പരാതി നൽകി. വനിതകൾ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാരാണ് മർദ്ദിച്ച തെന്നും, സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎൽ സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നു. പരാതി കൊച്ചി നോർത്ത് പൊലീസിന് കൈമാറിയെന്നും ഉടൻ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു.
ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
ബലാത്സംഗക്കേസിൽ എം.മുകേഷ് എംഎൽഎയെ പിന്തുണയ്ക്കാതെ പി.കെ ശ്രീമതി. എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് മുകേഷാണെന്നും ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി.കെ ശ്രീമതി പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണ പരാതിയിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സർവീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണെന്ന് അമ്മ ഷീബ പറഞ്ഞു. സർക്കാരിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ഷീബ ഗവർണറെ വീണ്ടും കാണുമെന്നും വ്യക്തമാക്കി. ഡീനും അസിസ്റ്റന്റ് വാർഡനും തിരികെ സർവീസിൽ പ്രവേശിച്ചതിനെതിരെയാണ് അമ്മ ഷീബ പ്രതിഷേധം അറിയിച്ചത്.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും അറിയിക്കാനായി ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക അറിയിച്ചു. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും.
മൂന്നാറിലെ കല്ലാറിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ശുചീകരണ തൊഴിലാളികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. എം ജ കോളനി സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖർ എന്നിവർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് സർക്കാർ സ്‌കൂൾ തവനൂർ കെ എം ജി വി എച്ച് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി. hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. സ്കൂൾ പ്രിൻസിപ്പാളിന്‍റെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തിരിക്കുന്നത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു. കോഴിക്കോട് ജില്ലയിലെ പേരാമ്പ മുളിയങ്ങളിലാണ് സംഭവം. ഇന്ന് രാവിലെ വിദ്യാർത്ഥി സ്കൂളിലേക്ക് പോകാൻ ബസിൽ കയറുകയായിരുന്നു. എന്നാൽ നല്ല തിരക്കുണ്ടായിരുന്ന ബസിൽ വിദ്യാർത്ഥി സുരക്ഷിതമായി നിൽക്കുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു. ബസിൽ നിന്ന് തെറിച്ച് പുറമിടിച്ച് തറയിൽ വീണ വിദ്യാർത്ഥിക്ക് ചുമലിൽ സ്കൂൾ ബാഗുണ്ടായിരുന്നതിനാൽ രക്ഷയായി.
പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ – ജയന്തി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കും 12 നും ഇടയിൽ കുട്ടിയുടെ റൂമിൽ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നാണ് വിവരം.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ മരിച്ചു. ഉത്തർപ്രദേശിലെ വിഭൂതിഖണ്ഡ് ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് സദഫ് ഫാത്തിമ (45) ആണ് മരിച്ചത്. ജോലി സമ്മർദ്ദമാണ് മരണ കാരണമെന്ന് സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് വിഭൂതിഖണ്ഡ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
ട്രെയിൻ അപകടങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനത്തിന്‍റെ നവീകരിച്ച രൂപം കവച് 4.O ഇന്ത്യയിലാദ്യമായി രാജസ്ഥാനിലെ സവായ് മധോപുരിൽ. റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. സവായ് മധോപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ദർഗഡ് റെയിൽവേ സ്റ്റേഷനിലേക്ക് 45 മിനിറ്റ് യാത്ര ചെയ്താണ് മന്ത്രി പുതിയ കവച് സംവിധാനം പരിശോധിച്ചത്.
വായ്പ എടുത്ത 1.2 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എജ്യൂടെക് കമ്പനിയായ ബൈജൂസിനെതിരായ നിയമനടപടി യുഎസിലെ ഡെലവെയര്‍ കോടതി ശരിവച്ചു. ഇതോടെ ഈടായി ഉപയോഗിച്ചിരുന്ന ബൈജൂസിന്‍റെ യുഎസ് അനുബന്ധ സ്ഥാപനമായ ബൈജൂസ് ആല്‍ഫ ഇങ്കിന്‍റെ നിയന്ത്രണം ബൈജൂസിന് വായ്പ നല്‍കിയവര്‍ക്ക് ഏറ്റെടുക്കാനും ഇത് വഴി സാധിച്ചേക്കും.
ദില്ലിയിലെ രജീന്ദര്‍ നഗറിൽ രാസവസ്തുക്കൾ കലർത്തി മാതള ജ്യൂസ് വിൽപന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കടയിൽ വിൽക്കുന്ന ജ്യൂസിൽ രാസവസ്തു കലർത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയിൽ നിറച്ച രാസവസ്തു കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കർണാടക ഹൈക്കോടതി ജഡ്ജിയുടെ പാകിസ്ഥാൻ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഇന്ത്യയുടെ ഒരു ഭാഗത്തെയും നിങ്ങൾക്ക് പാകിസ്ഥാൻ എന്ന് വിളിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു. അടിസ്ഥാനപരമായി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് എതിരായതും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ ജഡ്ജിമാർ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.
കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിൻവലിച്ച് നടിയും എംപിയുമായ കങ്കണ റണൌട്ട്. തന്റെ വാക്കുകൾ നിരവധിയാളുകളെ നിരാശപ്പെടുത്തിയതായി മനസിലായെന്നും പറഞ്ഞത് പിൻവലിക്കുകയായണെന്നും കങ്കണ വ്യക്തമാക്കി.
ഗുജറാത്തിലെ ട്രെയിൻ അട്ടിമറി പ്രശസ്തിക്ക് വേണ്ടി മൂന്ന് റെയിൽവെ ജീവനക്കാർ തന്നെ നടത്തിയ നീക്കമാണെന്ന് വ്യക്തമായി. പാളങ്ങളെ ബന്ധിപ്പിക്കുന്ന ലോഹഭാഗം നീക്കം ചെയ്ത ശേഷം അട്ടിമറി നീക്കമെന്ന് പറഞ്ഞ് ഇവർ തന്നെ അതു കണ്ടെത്തി കയ്യടി നേടുകയായിരുന്നു. അംഗീകാരവും പാരിതോഷികവും നൈറ്റ് ഡ്യൂട്ടി ലഭിക്കലുമായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
നെറ്റ്ഫ്ളിക്സിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 2020 ല്‍ കമ്പനി വിട്ട നെറ്റ്ഫ്ലിക്സ് മുന്‍ എക്സിക്യൂട്ടീവ് നന്ദിനി മേത്തയ്ക്കാണ് കേന്ദ്രത്തിന്‍റെ ഇ-മെയില്‍ പോയിരിക്കുന്നത്. കമ്പനിയുടെ പെരുമാറ്റം, വിസ ലംഘനങ്ങള്‍, നികുതി വെട്ടിപ്പ്, വംശീയ വിവേചനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച് തങ്ങള്‍ക്ക് ചില വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ദീപക് യാദവ് വ്യക്തമാക്കി. കമ്പനിയുടെ മുന്‍ നിയമ എക്സിക്യൂട്ടീവായതിനാലാണ് വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ട് നന്ദിനി മേത്തയ്ക്ക് അധികൃതര്‍ സന്ദേശമയച്ചിരിക്കുന്നത്.
ഇസ്രായേൽ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ മിസൈൽ, റോക്കറ്റ് നെറ്റ്വർക്കിന്റെ കമാൻഡറെയാണ് വധിച്ചതെന്ന് ഇസ്രായേൽ അറിയിച്ചു. ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുല്ല സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.