സിപിഎമ്മിൽ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരിനാണെന്നും സതീശൻ പറഞ്ഞു.

 

 

വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതിരുന്ന ദുരിതബാധിതർക്ക് സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്ന് പരാതി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ബന്ധുവീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.

 

 

കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിൽ ഡാമിലെ ഒരു ഷട്ടർ തുറന്നു. പതിനൊന്ന് മണിയോടെയാണ് ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങിയത്. ചാലക്കുടി പുഴയിൽ പരമാവധി 1.50 മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

 

 

ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയമെന്നും യഥാർത്ഥ പ്രശ്നത്തിൽ നിന്നും വഴി മാറിപ്പോകരുതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്നും, വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

 

സംസ്ഥാനത്ത് പോക്സാ ഇരകളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നൽകേണ്ട ധനസഹായ വിതരണം പ്രതിസന്ധിയിൽ. ലീഗൽ സര്‍വീസസ് അതോറിറ്റി വഴി ലഭ്യമാക്കേണ്ട തുകയ്ക്കാരി രണ്ട് വര്‍ഷമായി കാത്തിരിക്കുന്നവര്‍ വരെ ഉണ്ടെന്നാണ് റിപ്പോർട്ട്. സര്‍ക്കാരിന് കാശ് കിട്ടുന്ന മുറയ്ക്ക് കൊടുക്കുമെന്നാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയവര്‍ക്ക് കിട്ടിയ മറുപടി.

 

 

 

കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു.

 

 

 

മലപ്പുറം എസ് പി എസ് ശശിധരന്‍റെ ക്യാമ്പ് ഓഫീസിന് മുന്നിൽ അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്.

 

 

വയനാട്ടിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

 

 

 

ജില്ലാ പൊലീസ് മേധാവിയുടെ വസതിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. മരം മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങൾ മാത്രമാണ് രണ്ടര വർഷം മുമ്പ് മുറിച്ച് മാറ്റിയതെന്നുമാണ് പൊലീസ് രേഖകളിലുളളത്. അന്ന് ഇന്നത്തെ എസ് പി എസ്.ശശിധരനായിരുന്നില്ല മലപ്പുറം എസ്.പിയെന്നും രേഖകളിലുണ്ട്.

 

 

 

ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.

ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്.

 

മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധം. മലമ്പുഴ ഉദ്യാന കവാടത്തിന് മുന്നിലാണ് സ്ത്രീ തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സമരം തുടര്‍ന്ന സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസം മുമ്പാണ് 60 കഴിഞ്ഞ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ടതായി മലമ്പുഴ ഇറിഗേഷൻ അധികൃതർ നോട്ടീസ് പതിച്ചത്.

 

 

സിനിമാ സംഘടനയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

 

എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിപിഐയെയും സിപിഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

എം. മുകേഷ് എം.എല്‍.എരാജി വയ്ക്കേണ്ടെന്ന സിപിഎം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍‌ രാജിവച്ചില്ലെന്ന ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെ നിലപാടിനാണ് വിമര്‍ശനം. അവര്‍ ചെയ്തു നമ്മളും എന്ന വാദം തെറ്റാണ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍‌ രാജിവച്ചില്ലെന്ന നിലപാടിനാണ് വിമര്‍ശനം. മുകേഷിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ബൃന്ദ വ്യക്തമാക്കി.

 

 

 

രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ എം. മുകേഷ് എംഎൽഎ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും മടങ്ങി. കൊച്ചിയിലേക്കാണ് മുകേഷ് പോകുന്നതെന്നാണ് സൂചന. എംഎൽഎ ബോർഡ് ഒഴിവാക്കിയ കാറിൽ മാധ്യമങ്ങളെ കാണാതെ പൊലീസ് സുരക്ഷയിലാണ് രാവിലെ ഏഴരയോടെ എംഎൽഎ യാത്ര തിരിച്ചത്.

 

 

 

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

 

 

 

മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ ആനന്ദ്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ് വ്യക്തമാക്കി.

 

 

മലയാളം സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ പരിശോധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി പരാതി നൽകി.എന്നാൽ ജോസഫ് എം പുതുശ്ശേരിയുടെ പരാതി സ്വീകരിക്കാതെ പൊലീസ് മടക്കി.

 

 

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍. കേരളമേ പോരൂ എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ്. വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്. രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീഖ് അഹമ്മദാണ് ഈ ഗാനം രചിച്ചത്.

 

 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പരമ്പരാഗത മത്സ്യതൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തി. കടല്‍സമ്പത്ത് പൂര്‍ണ്ണമായും നശിപ്പിക്കുന്ന നിരോധിത വലകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് മത്സ്യബന്ധനം തടയുക, രാത്രിയില്‍ പ്രത്യേക ലൈറ്റ് ഉപയോഗിച്ചുളള മത്സ്യബന്ധനം തടയുക, മണ്ണെണ്ണ സബ്‌സിഡി പുനസ്ഥാപിക്കുക, വര്‍ദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധിയും ലൈസന്‍സ് ഫീസും പിന്‍വലിക്കുക, കടലിലും കരയിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പരിശോധന ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്തത്.

 

 

 

മലപ്പുറം നാടുകാണി ചുരത്തിൽ ചത്ത കന്നുകാലികളുടെ ജഡം തള്ളി. വഴിക്കടവ് ആനമറി നാടുകാണി ചുരത്തിൽ ഒന്നാം വളവിന് താഴെയാണ് രണ്ട് ചത്തപോത്തുകളെ തള്ളിയ നിലയിൽ കണ്ടെത്തിയത്. എടക്കര കാലിചന്തയിൽ കാലികളെ ഇറക്കി പോവുന്ന ലോറിയിൽ നിന്നാണ് ചുരത്തിൽ ചത്ത പോത്തുകളെ തള്ളിയതെന്ന് പ്രദേശവാസികൾ പറയുന്നു.

 

 

ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെൺകുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 

 

 

ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു.

 

 

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെൻ്റ് മീറ്റിംഗിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്ഥാൻ.യോഗത്തിൽ പങ്കെടുക്കാൻ രാഷ്ട്രത്തലവന്മാർക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണമയച്ചുവെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.

 

 

 

 

 

 

 

ആന്ധ്ര പ്രദേശിലെ കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. പണം വാങ്ങി ഈ വിദ്യാർത്ഥി ദൃശ്യങ്ങൾ വിതരണം ചെയ്തെന്നും പൊലീസ് പറഞ്ഞു.

 

 

സ്വവർഗാനുരാഗികൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധമുളള വ്യക്തിയെ നോമിനിയാക്കാനും വിലക്കില്ല. കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

 

 

വെബ്സൈറ്റിന്‍റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി പാസ്പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. സെപ്തംബര്‍ രണ്ട് വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് എംബസി അറിയിച്ചു.

 

 

 

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കുന്ന ഇൻഫ്ലുവൻസർമാർക്ക് പാരിതോഷികം നൽകാൻ തീരുമാനം. ഉത്തർപ്രദേശിൽ സര്‍ക്കാരിന് അനുകൂലമായി സോഷ്യൽമീഡിയയിൽ വീഡിയോകളും റിപ്പോർട്ടുകളും പോസ്റ്റ് ചെയ്യുന്നവർക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വരെ പാരിതോഷികം നൽകുമെന്ന് വാഗ്ദാനം. അതോടൊപ്പം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നവര്‍ക്കെതിരേ നിയമനടപടി ഉറപ്പാക്കുമെന്നും നയത്തിൽ പറയുന്നു. ‌

 

 

 

ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചമ്പായ് സോറൻ ഇന്ന് ബി ജെ പിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചമ്പായ് സോറൻ പാർട്ടി അംഗത്വം എടുക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുയി ചമ്പായ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നാണ് സോറൻ ബിജെപി പ്രവേശനത്തെക്കുറിച്ച് പറയുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *