mid day hd 1

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്ന് മന്ത്രി സജി ചെറിയാന്‍. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു.

 

 

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ നിജ സ്ഥിതി മനസിലാക്കണമെന്നും, ചില മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സർക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികൾ എടുക്കാൻ സാധിക്കൂവെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

 

 

 

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നടി ശ്രീലേഖ മിത്ര. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. താൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും ശ്രീലേഖ വ്യക്തമാക്കി.

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കോടതി പറയുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സർക്കാരിൻ്റെ തുടർ നടപടികൾ. കോടതി പറഞ്ഞാല്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. ഇരകൾ പരാതി നല്‍കിയാല്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമ നയം ഉടന്‍ രൂപീകരിക്കുമെന്നുമാണ് സർക്കാർ നിലപാട്.

 

 

 

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ആരോപണം ഉയര്‍ന്ന അവസരത്തിൽ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയും എന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

 

 

 

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്

യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നൽകി. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേരത്തെയും പരാതി നല്‍കിയിരുന്നു.

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതകരണവുമായി നടിയും ബി ജെ പി നേതാവുമായ ഖുശ്‌ബു. ഇരകളായവർ ദുരനുഭവങ്ങൾ ധൈര്യത്തോടെ തുറന്നു പറയണമെന്നും, ഇനിയും മുഖം മറച്ചിരിക്കേണ്ട കാര്യമില്ല, ഹേമ കമ്മറ്റി റിപ്പോർട്ട് രാഷ്ട്രീയവൽക്കരിക്കാനില്ലെന്നും അവർ പറഞ്ഞു. കൂടാതെ രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

 

 

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട്‌ തേടുമെന്നും, നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണമെന്നും സതീദേവി പറഞ്ഞു.

 

 

 

രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി വീണാ ജോർജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

 

 

 

ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ് ആനിരാജ. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണമെന്നു ആനി രാജ പറഞ്ഞു.

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് എല്ലാക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് നടൻ ഇന്ദ്രൻസ്. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രൻസിന്‍റെ മറുപടി. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മലയാളത്തിലെ നടികളെ പോലും അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നയാരുന്നു ഇന്ദ്രൻസിന്‍റെ പ്രതികരണം. ‘

 

 

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണെന്ന് സാന്ദ്ര തോമസ്. രഞ്ജിത്തിനെ മഹാപ്രതിഭ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജി വയ്ക്കണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു.

 

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.

 

 

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്. കുട്ടിയുമായി നാളെ പൊലീസ് സംഘം തിരുവനന്തപുരത്തെത്തും. കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് വിശാഖപട്ടണത്തെ മലയാളികൾ പറഞ്ഞു. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കും.

 

 

 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ തൃശൂർ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. സെപ്റ്റംബർ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.കോർപ്പറേഷൻ ധനസഹായവും പുലിക്കളിസംഘങ്ങൾക്ക് നൽകും. ആറു സംഘങ്ങളാണ് ഇരുവരെ രജിസ്റ്റർ ചെയ്തത്. വരുംദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്തേക്കും.

 

 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴ് വയസുകാരൻ്റെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടിക്ക് നീക്കം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ്‌ ജീവനക്കാർ അടക്കമുള്ളവരെ ഉടൻ സ്ഥലം മാറ്റും. സംഭവത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ഡിഎംഎയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

 

 

 

സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് തന്റെ അറുപത്തി എട്ടാം വയസിൽ ഇന്ദ്രൻസ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്. മന്ത്രി വി ശിവൻകുട്ടി നടന് അഭിനന്ദനങ്ങൾ അറിയിച്ചു.

 

 

 

ചേർത്തലയിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കായംകുളം കരീലക്കുളങ്ങര സ്വദേശി ജഗതാണ് മരിച്ചത്. ഡി വൈ എഫ് ഐ കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഋഷിദേവിന് പരിക്കേറ്റു.

 

 

റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുൽ മജീദ് നിര്യാതനായി. അർബുദ ബാധിതനായി നാട്ടിൽ പോയി മലബാർ കാൻസർ സെൻററിൽ ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

 

 

പശ്ചിമ ജർമനിയിലെ സോലിങ്കൻ നഗരത്തിൽ ആഘോഷത്തിനിടെ ഉണ്ടായ കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം നഗര മധ്യത്തിൽ നടന്ന ആഘോഷത്തിനിടയിലായിരുന്നു ആക്രമണം. അജ്ഞാതനായ ഒരാൾ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്.

 

 

 

നേപ്പാളിലെ താനാഹുൻ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ്‌ മരണവിവരം സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

പാകിസ്ഥാനിൽ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവർച്ചാസംഘം നടത്തിയ ആക്രമണത്തിൽ 11 പൊലീസുകാർ കൊല്ലപ്പെട്ടു. 9 പേർക്ക് പരിക്ക്. യഹിം യാർ ഖാനിൽ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവർച്ചാ സംഘം ആക്രമണം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ കിഴക്കൻ മേഖലയിലാണ് വ്യാഴാഴ്ച പൊലീസിനെ കവർച്ചാ സംഘം ആക്രമിച്ചത്.

 

 

 

അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയുമായുള്ള സമ്പർക്കം മനുഷ്യന് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.ഭൂമിയിലെ ജീവൻ ഒരു പൊതു പൂർവികനിൽ നിന്നാണ് പരിണമിച്ചതെന്നും അന്യഗ്രഹ ജീവികൾ വ്യത്യസ്തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കാമെന്നും ഇതിന് കാരണമായി എസ് സോമനാഥ് ചൂണ്ടിക്കാണിച്ചു.

 

 

 

ഹൈദരാബാദിലെ നാരായൺഗുഡ സർക്കിളിലെ ഡെപ്യൂട്ടി കൊമേഴ്‌സ്യൽ ടാക്സ് ഓഫീസറായ ബി വസന്ത ഇന്ദിര കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. അഴിമതി വിരുദ്ധ ബ്യൂറോയാണ് 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടാക്സ് ഓഫീസറെ കയ്യോടെ പിടികൂടിയത്.

 

 

 

ഗാസ അതിര്‍ത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്ക. പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കിയിരിക്കുന്നത്. ആവശ്യം ഇസ്രയേൽ അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടാണ് ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശദമാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *