മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജി പ്രജിത്തിനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഗണേഷ്‌കുമാര്‍ ഇടതു മുന്നണി കണ്‍വീനര്‍ക്കു കത്തു നല്‍കി.
പുതുപ്പള്ളിയിലെ വോട്ടെടുപ്പില്‍ അതിവേഗ പുരോഗതി. ഉച്ചയ്ക്കു 12 ന് ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 40 ശതമാനമായി. വൈകുന്നേരം അഞ്ചുവരെയാണു പോളിംഗ്.
ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട രണ്ടു ലക്ഷം രേഖകള്‍ വ്യാജമായി നിര്‍മിച്ചു വിറ്റ സംഘത്തിലെ രണ്ടു പേരെ ഗുജറാത്ത് പൊലീസ് പിടികൂടി. രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റമാണു പ്രതികള്‍ ചെയ്തത്. രണ്ട് ലക്ഷം വ്യാജ രേഖകള്‍ നിര്‍മിച്ച് 15 രൂപ മുതല്‍ 200 രൂപക്ക് വരെ വില്‍പന നടത്തിയെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ രാജസ്ഥാന്‍ ഗംഗാനഗര്‍ സ്വദേശിയായായ സോംനാഥ് പ്രമോദ്കുമാറും മറ്റെയാള്‍ ഉത്തര്‍പ്രദേശ് ഉന്നാവോ സ്വദേശിയായായ പരംവീന്‍ സിന്‍ഹ് താക്കൂറുമാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറിയാണ് ഇവര്‍ വ്യാജരേഖകള്‍ നിര്‍മിച്ചത്.
20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുകയാണെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടി ആരോഗ്യസ്ഥിതിയെയും രോഗ ചികില്‍സയെയും കുറിച്ച് ഡയറിയില്‍ എഴുതിയിരുന്നു. അതില്‍ താന്‍ മുന്‍കൈയെടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി ചികില്‍സിച്ചതടക്കമുള്ള കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സൈബര്‍ ആക്രമണ പരാതിയില്‍ പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫാന്റം പൈലി എന്ന എഫ്ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് മണര്‍കാട് പോലീസ് കേസെടുത്തത്.
ബിഷപ് ധര്‍മരാജ് റസാലത്തിനെ സിഎസ്‌ഐ സഭാ മോഡറേറ്റര്‍ പദവിയില്‍നിന്ന് ധര്‍മരാജ് റസാലത്തിനെ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി. മോഡറേറ്റര്‍ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി. ഉയര്‍ന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഇല്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകര്‍ത്തു. സ്ഥലത്തെത്തിയ താമരശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനു വെട്ടേറ്റു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകര്‍ത്തത്.
കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരി മാഫിയാ സംഘത്തിലേക്ക് തിരികെ എത്തണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമിനെതിരെ യുവതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ പി. അനൂപിനെ ആക്രമിച്ച കേസിലാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹമാനെ അറസ്റ്റു ചെയ്തത്.
വിഴിഞ്ഞം സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കൊണ്ടുപോയയാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റു ചെയ്തു. മോഷണ പരമ്പരകള്‍ നടത്തിയിരുന്ന തക്കല സ്വദേശി മെര്‍ലിനെയാണ് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹത്തിന് കോടികളുടെ വായ്പാ തട്ടിപ്പുകാരന്‍ ലളിത് മോദിയും. ഒരു രാജ്യം ഒറ്റ വോട്ടെടുപ്പിനായുള്ള ഉന്നത തല സമിതിയിലെ അംഗമാണ് ഹരീഷ് സാല്‍വെ. ഞായറാഴ്ച നടന്ന വിവാഹത്തില്‍ നിത അംബാനി, ലക്ഷ്മി മിത്തല്‍, ലളിത് മോദി, ഉജ്ജ്വല റൗത്ത് അടക്കം പ്രമുഖര്‍ പങ്കെടുത്തു. തട്ടിപ്പുകാരുടെ കൂട്ടാളികള്‍ ആരെല്ലാമെന്നു വ്യക്തമാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം.
സനാതന ധര്‍മ പരാമര്‍ശം നടത്തിയതിനു തലവെട്ടുമെന്ന് അയോധ്യ സന്യാസി ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വീട്ടിലും ഓഫീസിലും കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചു.
തന്റെ തലവെട്ടുന്നവര്‍ക്കു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസി യഥാര്‍ത്ഥത്തില്‍ സന്യാസിയോ കൊലയാളിയോയെ കൊള്ളത്തലവനോയെന്നു പരിഹസിച്ച് ഉദയനിധി. സന്യാസിയുടെ കൈയില്‍ 10 കോടി രൂപ എങ്ങനെ ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു. തന്റെ തലയ്ക്കു 10 കോടി രൂപയൊന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നും ഉദയനിധി പ്രതികരിച്ചു.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ ബംഗളൂരു കോടതിയുടെ അറസ്റ്റ് വാറണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയവേ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് വാറണ്ട്. തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല.
രാഷ്ട്രീയ എതിരാളികളിലും അധ്യാപകരെ കാണുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവരുടെ പെരുമാറ്റത്തിലൂടെയും കള്ളത്തരത്തിലൂടെയും വാക്കുകളിലൂടെയും താന്‍ സ്വീകരിച്ച വഴി തന്നെയാണ് ശരിയെന്ന് അവര്‍ തന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്ക് ആശംസയേകിയുള്ള സന്ദേശത്തിലാണ് ഈ പരാമര്‍ശം.
സൂററ്റില്‍ തോക്കു ചൂണ്ടി അഞ്ചര കോടി രൂപ വിലയുള്ള വജ്രാഭാരണങ്ങള്‍ കവര്‍ന്ന അഞ്ചംഗ കൊള്ളസംഘം പിടിയില്‍. അങ്കാഡിയമാരില്‍ വാനില്‍ കയറ്റുന്നതിനിടെയാണ് വജ്രങ്ങള്‍ അപഹരിച്ചത്. അയല്‍ജില്ലയായ വല്‍സാദിലേക്കു കടന്ന കൊള്ള സംഘത്തെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി
ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തെന്ന പരാതില്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഹസന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്‍വാലിലാണ് സംഭവം.
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് കൊവിഡ്. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നു വൈറ്റ് ഹൗസ് അറിയിച്ചു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ജോ ബൈഡന്‍ വരാനിരിക്കെയാണ് 72 കാരിയായ ഭാര്യ ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചത്.