പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കള്‍ മരിച്ചതു പാടത്ത് പന്നികളെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണെന്ന് സ്ഥലമുടമയുടെ മൊഴി. രാവിലെ മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ കുഴിച്ചിട്ടെന്നും സ്ഥലമുടമ മൊഴി നല്കി. കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്കാരമായ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ടൊവിനോ തോമസിന്. മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് 2018 എന്ന സിനിമയിലെ അഭിനയത്തിലൂടെ ടൊവിനോ സ്വന്തമാക്കിയത്. കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ സിനിമയിലെ അഭിനയമാണ് ടൊവിനോയ്ക്കു രാജ്യാന്തര പുരസ്കാരം നേടിക്കൊടുത്തത്.
ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. സ്റ്റാഫംഗമായ അഖില്‍ മാത്യുവിനെതിരേയാണ് പരാതി. ഇടനിലക്കാരന് സിഐറ്റിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും പണം വാങ്ങിയെന്നു പരാതിയില്‍ പറയുണ്ട്. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്കു കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അഞ്ചു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നാണ് ഹരിദാസന്റെ പരാതി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനസദസ് പരിപാടിയോടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം സജ്ജമാക്കിയ കെഎസ്ആര്‍ടിസി ബസില്‍ കയറുന്നതിനു മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇല്ലെങ്കില്‍ അവര്‍ എല്ലാവരേയും വഴിയില്‍ ഉപേക്ഷിക്കുമെന്ന് സതീശന് പരിഹസിച്ചു.
അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് പേടിപ്പിച്ചാല്‍ പേടിക്കില്ലെന്നും സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്. അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അക്കൗണ്ടുമില്ലെന്നും കണ്ണന് പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിലെ വന്മരങ്ങള്ക്കു കാറ്റു പിടിച്ചുതുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സി.പി.എം നേതൃത്വം അങ്കലാപ്പിലും വെപ്രാളത്തിലുമാണ്. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പണം മടക്കി നല്‍കിയില്ലെന്ന് സതീശന് പറഞ്ഞു.
അറസ്റ്റിലായ അരവിന്ദാക്ഷനൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ അരവിന്ദാക്ഷന് അറസ്റ്റിലായതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു വര്‍ഗീസ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് ഇഡിയുടെ ശ്രമമെന്നും വര്‍ഗീസ് ആരോപിച്ചു.
നികുതി വെട്ടിക്കാന്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര ബൈക്ക് എറണാകുളം പെരുമ്പാവൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. 33 ലക്ഷം രൂപ വില വരുന്ന അമേരിക്കന്‍ പ്രീമിയം ബ്രാന്‍ഡായ ഇന്ത്യന്റെ റോഡ്മാസ്റ്റര് എന്ന സൂപ്പര്‍ ബൈക്കാണ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശി ദീപു പൗലോസിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. മേല്‍വിലാസ രേഖകള്‍ വ്യാജമായതിനാല്‍ ഹിമാചല്‍ പ്രദേശ് ആര്.ടി.ഓ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ വിളിക്കാന്‍ തടവുകാരെ സഹായിച്ച ജയില്‍ ഉദ്യോഗസ്ഥന് സന്തോഷിനെതിരേ കൂടുതല്‍ നടപടികള്‍ വരും. ഫോണ്‍ വിളിക്കാന്‍ സഹായിച്ചതിന് ഇയാള്‍ തടവുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കള്‍ 69000 രൂപ നിക്ഷേപിച്ചെന്നാണു റിപ്പോര്‍ട്ട്. സന്തോഷിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്..
ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച് ജീവനക്കാരി ആലപിച്ച കവിത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചെങ്ങന്നൂര്് കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി ഗീത രാമചന്ദ്രന് എഴുതിയ കവിത ആലപിച്ചത്.
മലപ്പുറത്ത് യുവതിയെ മര്‍ദിച്ച് അവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുളിക്കല്‍ വലിയപറമ്പിനു സമീപം ഉണ്യത്തിപറമ്പില്‍ പി.എന്‍. അര്‍ഷാദിന്റെ ഭാര്യ മനീഷ പര്‍വിനെ(27) യാണ് മോഷ്ടാവ് മര്‍ദിച്ച് അവശയാക്കി മാലയും പാദസരവും കവര്‍ന്നത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുവന്നതിനു പിറകേ, ബൈക്കില്‍ പിന്തുടര്ന്ന് വീട്ടിലെത്തി മര്‍ദിച്ച് അവശയാക്കി മാലയും പാദസരവും കവരുകയുമായിരുന്നു.
വീടിനു മുന്നില്‍ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവര്‍ന്ന രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വിതുര മേമല കമല നിവാസില്‍ ശശിധരന് മകന് അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്മല്‍ മന്‍സിലില്‍ അജീറിന്റെ മകന് മുഹമ്മദ് ആഷിക്ക് (19) എന്നിവരെയാണ് പിടികൂടിയത്.
പ്രായമായ അമ്മ ഭക്ഷണം നല്കാന് വൈകിയതിന് മദ്യലഹരിയില്‍ ഫ്ളാറ്റിനു തീയിട്ട യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ ജുബിന്‍ എന്നയാളെയാണ് പിടികൂടിയത്.
കോഴിക്കോട് നാദാപുരം- തലശേരി സംസ്ഥാന പാതയില്‍ കാര്‍ മതിലില്‍ ഇടിച്ചുകയറി വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്.
മക്കയില്‍നിന്ന് മദീന സന്ദര്‍ശിക്കാന്‍ എത്തിയ മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുന്നുംപുറം കൊടക്കല്ല് കൊടുവാപറമ്പില്‍ കോതേരി അബ്ദുല്‍ അസീസാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് പരാതി നല്‍കാനായി എത്തിയ ദളിത് യുവതിയെ പോലീസ് ഉദ്യോഗസ്ഥന് ബലാത്സംഗം ചെയ്തു. യുവാക്കള്‍ ശല്യപ്പെടുത്തുന്നുണ്ടെന്നു പരാതി നല്കാന് എത്തിയതായിരുന്നു യുവതി. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന് ബലാത്സംഗം ചെയ്തത്. ഒളിവിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബലാത്സംഗത്തിന് ഇരയായ 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞതിന്റെ വീഡിയോ പുറത്ത്. സഹായത്തിനായി മുട്ടിവിളിച്ച വീട്ടുകാരെല്ലാം അവളെ ആട്ടിയോടിച്ചു. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനടുത്ത ബദ്നഗര്‍ റോഡിലാണ് സംഭവം.
മറ്റു രാജ്യങ്ങളില്‍ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തില്‍ ഒരു പങ്കുമില്ല. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കാനഡ നല്‍കണം. തെളിവ് പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തില്‍ പൊട്ടിച്ച പടക്കത്തില്‍നിന്നു തീ ആളിക്കത്തി നൂറിലേറം പേര് മരിച്ചു. 150 ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തിലാണ് ദുരന്തമുണ്ടായത്.