പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിത സംവരണ ബില്‍. ഇന്നുതന്നെ ബില്‍ ലോക്സഭയില്‍. നാളെ ലോക്സഭ ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ ചര്‍ച്ച നടക്കും.
പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ അവസാന പ്രത്യേക സമ്മേളനത്തില്‍ വികാര നിര്‍ഭര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നല്കിയ ഇവിടെ വച്ച് നാലായിരം നിയമങ്ങള്‍ നിര്‍മ്മിച്ചു. എതിര്‍ശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മു കാഷ്മീര്‍ പുനഃസംഘടന കൊണ്ടുവന്നത്. ഇനി വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാം. മോദി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യസഭയിലെയും ലോക്സഭയിലെയും സ്പീക്കര്‍മാരുടെയും നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്. സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രി പ്രതിപക്ഷ അംഗങ്ങളോട് സംവദിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിനു തൊട്ടു മുമ്പു നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപി നര്‍ഹരി അമിന്‍ ആണ് കുഴഞ്ഞ് വീണത്.
കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ ജൂണ്‍ മാസത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് പവന് കുമാര്‍ റായിയെയാണ് പുറത്താക്കിയത്. തിരിച്ചടിച്ചുകൊണ്ട് മുതിര്‍ന്ന കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ചു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡ് അവസാനിച്ചത് ഇന്നു പുലര്‍ച്ചെ രണ്ടിന്. കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്റെ ബിനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടര്‍ന്നു. തൃശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്തു. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം.കെ കണ്ണനെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീന് ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ല. നാളെയും ഹാജരാവില്ല. ഇക്കാര്യം ഇഡിയെ എസി മൊയ്തീന് അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചത്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലൂടെ സിപിഎം നേതാക്കള്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സഹകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളില്‍ പങ്കുണ്ട്. പാര്‍ട്ടി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നല്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികള്‍ ശക്തിപ്പെടുത്തുമെന്നും വിഡി സതീശന് പറഞ്ഞു.
നിയമസഭയില്‍ ചില എംഎല്‍എമാര്‍ മോശമായി സംസാരിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പിരശീലന പരിപാടിയിലായിരുന്നു വിമര്‍ശനം. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ സഭ നടപടികള്‍ക്കു നിരക്കുന്നതാണോയെന്ന് ചിന്തിക്കണം. ചില ഘട്ടങ്ങളില്‍ മോശം പദപ്രയോഗം ഉണ്ടാകുന്നു. അസത്യവും അസംബന്ധങ്ങളും വിളിച്ചു പറയുന്നു. മനസാക്ഷിക്കു നിരക്കുന്നതാവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റ് വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടാണെന്ന് അയ്യന്തോള്‍ ബാങ്ക് പ്രസിഡന്റ് എന്‍ രവീന്ദ്രനാഥന്‍. അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായും പരിശോധിച്ചുവെന്നും എന്‍ രവീന്ദ്രനാഥന്‍ പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയ എസ്ടി ജ്വല്ലറി ഉടമയും സിപിഐ നേതാവ് സുനില്‍ കുമാറും തമ്മിലുള്ള ബന്ധമെന്താണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എസ്ടി ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് സിപിഐ, ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ അക്കരയുടെ ചോദ്യം.
തൊടുപുഴ കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി ഇടപാടുകാര്‍. സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപെട്ട് യുഡിഎഫ് സമരം തുടങ്ങി. സാമ്പത്തിക പ്രതിസന്ധി താത്കാലികമെന്നാണ് ബാങ്കിന്റെ വിശദീകരണം.
നിപ രോഗ ബാധിതരുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായി. അവസാന രോഗിയുമായി സമ്പര്‍ക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഐസൊലേഷനിലേക്ക് മാറ്റു. നിപരോഗ ബാധിതരായവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിട്ടെന്നു മന്ത്രി കെ രാധാകൃഷ്ണന് പരാമര്‍ശിച്ച കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രത്തില്‍ മന്ത്രി എത്തിയ പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട്. മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 കാരന് അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്കു താമസിക്കുന്ന ഫ്ളാറ്റിലെത്തി പീഡിപ്പിച്ചെന്നാണു കേസ്.
കൊല്ലത്ത് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും, കഞ്ചാവും സഹിതം ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കല്‍ സ്വദേശി റോബിനെ (33 ) യാണ് 250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനും കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനും എക്സൈസ് പിടികൂടിയത്.
കോഴിക്കോട് ജില്ലയില്‍ രണ്ടിടത്തായി രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയും രണ്ട് ദിവസം മുന്‍പ് കാണാതായ പൂക്കാട് സ്വദേശി സുരേഷ് കുമാറിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരിയിലെ ലോഡ്ജ് മുറിയിലാണ് കാരാടി സ്വദേശി സത്യപ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഗുരുത്വാകര്‍ണവലയം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
എല്‍ഐസി ഏജന്റുമാര്‍ക്കും ജീവനക്കാര്ക്കുമായിആനുകൂല്യങ്ങള് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഗ്രാറ്റുവിറ്റി മൂന്നു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി വര്‍ദ്ധിപ്പിക്കും. ഏജന്റുമാരുടെ ടേം ഇന്‍ഷുറന്‍സ് കവറേജ് 25,000 രൂപ മുതല്‍ 1,50,000 രൂപ വരെയാക്കി വര്‍ദ്ധിപ്പിക്കും.
എഐഎഡിഎംകെ – ബിജെപി തര്‍ക്കം പരിഹരിക്കാന്‍ സമവായനീക്കവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന് തിരുപ്പതി. സഖ്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും എഐഎഡിഎംകെ ഉന്നത നേതാക്കളുമാണെന്ന് നാരായണന് തിരുപ്പതി പറഞ്ഞു.
സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ 16 വയസുള്ള മകള്‍ മീര മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് വിവരം. ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയത്.
ബോളിവുഡ് നടി സരീന് ഖാനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം അറസ്റ്റു വാറണ്ട്. കൊല്‍ക്കത്ത പൊലീസിന്റെ കുറ്റപത്ര പ്രകാരം സരീന് ഖാനെതിരെ ക്രിമിനല്‍ വിശ്വാസ വഞ്ചന അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്.