കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന് തൃശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ബാങ്ക് 50 കോടി അഡ്വാന്‍സ് ചെയ്യാനും ഒരാഴ്ചയ്ക്കകം നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാനുമാണ് നീക്കം. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയായ കണ്ണന് എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനു പോകുന്നതിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതു രണ്ടാം തവണയാണ് ഇഡി കണ്ണനെ ചോദ്യം ചെയ്യുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാന്‍ സി.പി.എം ഇന്നലെ തീരുമാനിച്ചിരുന്നു. നിക്ഷേപം സമാഹരിക്കാന്‍ സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കു പണം മടക്കിത്തരുമെന്നു നേതാക്കള്‍ നേരില്‍ കണ്ട് ഉറപ്പു നല്‍കും. കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ടിംഗിലാണ് ഈ തീരുമാനം
പിജി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. അത്യാഹിത, ഐസിയു, ലേബര്‍ റൂം വിഭാഗങ്ങളില്‍ ഒഴികെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്. ഒപി പൂര്‍ണമായും ബഹിഷ്കരിച്ചു. സ്റ്റൈപന്‍ഡ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിലെ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്.
ഡോക്ടര്‍ നിയമനത്തിനു കോഴ വാങ്ങിയെന്ന ആരോപണത്തിനെതിരേ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യു നല്കിയ പരാതി അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസ് ആരോപണം ഉന്നയിച്ച ഹരിദാസന്റെ വീട്ടില്‍ ചോദ്യം ചെയ്യാനും റെയ്ഡിനുമായി എത്തി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും നല്‍കിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസ് ആരോപിച്ചത്.
ഇന്‍കല്‍ സോളാര്‍ അഴിമതി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി എംഡി കെ ഇളങ്കോവന്. പ്രത്യേക ബോര്‍ഡ് യോഗം ചേര്‍ന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന കൊല്ലം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിഐജി ആര് നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. പൂയംപ്പള്ളി സ്റ്റേഷനിലെഎസ്ഐ ബേബി മോഹന്‍, ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാല്‍ എന്നിവക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
സംസ്ഥാനത്തു മഴ തുടരും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മര്‍ദ്ദം.
വടകര മുന്‍ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ. പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. വൈകുന്നേരം നാലിന് തട്ടോളിക്കരയിലെ തറവാട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ആറുമണിക്ക് സംസ്കരിക്കും.
നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന് ഉള്‍പ്പെടെ നാലു പേരും രോഗമുക്തി നേടി. ഒന്‍പത് വയസുകാരനടക്കമള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു.
വിവാഹ ബന്ധം പരാജയമായിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയെന്ന് കേരള ഹൈക്കോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൃശൂര്‍ സ്വദേശിയുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ,് ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. 2002 ലായിരുന്നു വിവാഹം. 2011 ല്‍ പരാതിക്കാരന് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു. ഇപ്പോള്‍ പ്രായം 60 കടന്ന പരാതിക്കാരന് കേസിനു പിറകേ പത്തിലേറെ വര്‍ഷം ചെലവിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐടിയു നേതാവ് അജയന് ഹൈക്കോടതിയില്‍ മാപ്പു പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടുമാണ് മാപ്പപേക്ഷിച്ചത്.
താമരശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സഹോദരന് അറസ്റ്റിലായി. രണ്ടു വര്‍ഷത്തോളമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
നായ വളര്‍ത്തലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിന് ജോര്‍ജ്. അനന്തു പ്രസന്നന് എന്ന സുഹൃത്ത് തന്റെ വാടക വീട്ടില്‍ കഞ്ചാവ് കൊണ്ടുവന്നു വച്ചാണ് കുടുക്കിയതെന്ന് റോബിന് ജോര്‍ജ് പറഞ്ഞു. അനന്തു പ്രസന്നന് ഒളിവിലാണ്.
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന ജേഷ്ഠന് മരിച്ചു. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡെന്നിയാണ് മരിച്ചത്. 40 വയസായിരുന്നു. സഹോദരന് ഡാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ അരിമ്പൂരില്‍ തമിഴ്നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരന്‍ (22), കടലൂര്‍ ബണ്ടരുട്ടി സ്വദേശി ഷണ്മുഖന് (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തമിഴ്നാട് കടലൂര്‍ സ്വദേശി ആദിത്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വീരപ്പന് വേട്ടയുടെ പേരില്‍ ധര്‍മപുരി ജില്ലയിലെ വചാതി ഗ്രാമം വളഞ്ഞ് 1992 ജൂണ്‍ 20 ന് ഉദ്യോഗസ്ഥര്‍ നടത്തിയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി. 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി വിധിച്ചു. 18 ഗോത്രവര്‍ഗ്ഗ യുവതികളെ ബലാല്‍സഗം ചെയ്യുകയും വീടുകള്‍ക്കു തീയിടുകയും ചെയ്തെന്ന കേസില്‍ വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരാണു പ്രതികള്‍. നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരടക്കം പ്രതി പട്ടികയിലുണ്ട്. 2011 ലെ പ്രത്യേക കോടതി വിധിക്കെതിരേയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്. ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ബലാല്‍സംഗ ചെയ്ത 17 ജീവനക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കണം. അഞ്ചു ലക്ഷം രൂപ സര്‍ക്കാരും നല്‍കണം. വീരപ്പന് സംഘത്തെ സഹായിക്കുന്നെന്ന് ആരോപിച്ച് ആക്രമണം നടത്താന്‍ ഒത്താശചെയ്ത ജില്ലാ കളക്ടര്‍, എസ് പി, ഡിഎഫ്ഒ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശമുണ്ട്.
കര്‍ണാടകയില്‍ ബന്ത്. ബെഗളൂരു അടക്കമുള്ള നഗരങ്ങളില്‍ ജനജീവിതം തടസപ്പെട്ടു. ബെഗളൂരുവില്‍ നിരോധനാജ്ഞ. വിദ്യാലയങ്ങള്‍ക്ക് അവധി നല്കി. 44 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കാവേരി നദീജലം തമിഴുനാടിനു വിട്ടുകൊടുക്കണമെന്ന കോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ബന്ത്.
പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എയെ മയക്കുമരുന്നു കേസില്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അറസ്റ്റു ചെയ്തതോടെ ആം ആദ്മി പാര്‍ട്ടിയുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന് ആം ആദ്മി പാര്‍ട്ടിയുമായി പഞ്ചാബില്‍ ബന്ധമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ പറഞ്ഞു.