സോളര്‍ പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ കേസുമായി മുന്നോട്ടു പോകണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍നടപടികള്‍ക്കെതിരേ ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേര്‍ സമരത്തില്‍ അണിനിരക്കും. മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണെന്നും വര്‍ഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണ് ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്, ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി.
ചെന്നൈ – ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയതുമൂലം യാത്രക്കാരനുണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയില്‍വേ അര ക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കോടതി ചെലവിനു പതിനായിരം രൂപ വേറെയും നല്‍കണം. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കണ്ണൂര്‍ മാടായി പഞ്ചായത്ത് മൈതാനത്ത് ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കിയതിനെതിരേ സിപിഎം. മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് ആര്‍എസ്എസ് പരിപാടിക്ക് അനുമതി കൊടുത്തത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്നാണ് സിപിഎം ആരോപണം. നിരോധനമില്ലാത്ത ആര്‍എസ്എസിന് ഗ്രൗണ്ട് വിട്ടുനല്‍കിയതില്‍ തെറ്റെന്തെന്നാണ് പഞ്ചായത്തു പ്രസിഡന്റിന്റെ ചോദ്യം.
ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ ജവാന്മാര്‍ക്കു നേരെ വെടിയുതിര്‍ത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അര്‍ണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ഒരു ഇന്ത്യന്‍ സൈനികനു പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യ സഖ്യത്തെ ശക്തപ്പെടുത്തുമെന്നും ശക്തിപ്പെടുത്താന്‍ ഏകോപന സമിതി ഭാരവാഹിയാകേണ്ടതില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമിതികളില്‍ കാര്യമില്ല. ഉന്നത നേതാക്കള്‍ ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഗാസയില്‍ ആക്രമണം നടത്തി ഇസ്രയേലിന്റെ യുദ്ധടാങ്കുകള്‍. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. യുദ്ധം നിര്‍ത്തിവച്ച് ഗാസയില്‍ സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നു.
വിശ്വാസികള്‍ വര്‍ധിച്ചെങ്കിലും വൈദികരും സന്യസ്തരും കുറെഞ്ഞന്ന് വത്തിക്കാന്‍ റിപ്പോര്‍ട്ട്. വത്തിക്കാനിലെ ഫിദസ് ഏജന്‍സിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. യൂറോപ്പില്‍ വിശ്വാസികള്‍ വന്‍തോതില്‍ കുറഞ്ഞെങ്കിലും ആഫ്രിക്കയില്‍ വന്‍ വര്‍ധനവുണ്ടായി. 2020 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.62 കോടി വിശ്വാസികള്‍ വര്‍ധിച്ചു. മൂന്നു വര്‍ഷത്തിനിടെ 2,347 വൈദികരുടെ കുറവാണുണ്ടായത്. ആഗോളതലത്തില്‍ 4,07,872 വൈദികരാണുള്ളത്.