ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം തുടങ്ങി. ഇന്നലെ രാത്രിയോടെ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി. ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പറഞ്ഞു. വ്യോമാക്രമണം നടത്തിയിരുന്ന ഇസ്രയേല്‍ കരയുദ്ധം തുടങ്ങുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ് ലഭിച്ച സഹകരണ രജിസ്ട്രാരാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം കരുവന്നൂര്‍ ബാങ്കില്‍ മാത്രമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സില്‍ എന്തിനാണു ചോദ്യം ചെയ്യുന്നതെന്നു പറയുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നെല്ലു സംഭരണത്തിനു സപ്ലൈക്കോയ്ക്കു പുറമേ എതാനും സഹകരണ സംഘങ്ങളെകൂടി ചുമതലപ്പെടുത്തിയെന്നു മന്ത്രി ജി ആര്‍ അനില്‍. കര്‍ഷകര്‍ക്ക് പരമാവധി വേഗത്തില്‍ പണം ലഭിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതിയില്‍. പ്രധാനാധ്യാപകര്‍ക്ക് ലഭിക്കാനുള്ള ലക്ഷങ്ങളുടെ കുടിശിക ഉടന്‍ നല്‍കണമെന്നും തുക മുന്‍കൂര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുക. നിശ്ചിതതുകയേക്കാള്‍ കൂടുതല്‍ ചെലവീാല്‍ ആരു വഹിക്കുമെന്നു വിശദീകരിക്കണമെന്നു സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന നിയമം കേന്ദ്ര നിയമമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 1994 മുതല്‍ നിലവിലുള്ള നിയമമമാണ് ഇത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് രണ്ടു മാസം സമയം നീട്ടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വം ബിജെപിക്കൊപ്പമാണെങ്കിലും കേരളത്തില്‍ ജെഡിഎസ് ഇടതു മുന്നണിയില്‍ തുടരുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി. കര്‍ണാടകയില്‍ ഗൗഡയുമായി വിയോജിച്ച നേതാക്കള്‍ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലെടുക്കാതെ കോണ്‍ഗ്രസാണ് കര്‍ണാടകയില്‍ സ്ഥിതി വഷളാക്കിയതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
സിബിഎസ്ഇ പാഠ പുസ്തകത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്നാക്കാനുള്ള കേന്ദ്ര നീക്കം പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി, ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ആര്‍എസ്എസുകാരന്റെ തിട്ടൂരംകൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് കാലത്ത് എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പു നടത്തിയെന്ന് അനില്‍ അക്കര. മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതില്‍പോലും അഴിമതി നടത്തിയെന്നും അനില്‍ അക്കര ആരോപിച്ചു.
സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്കു ചുമത്തിയ 19 പൈസ സര്‍ചാര്‍ജ് അടുത്ത മാസവും തുടരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിരക്കു വര്‍ധിപ്പിക്കുന്നതിനു പകരമായാണ് സര്‍ചാര്‍ജ് ചുമത്തിയത്.
സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ടിനെതിരേ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്റായ ശൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് 6.29 കോടി രൂപ അറ്റ ലാഭം. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാന്‍ അടുത്ത ഞായറാഴച ചേരുന്ന ബാങ്കിന്റെ പൊതുയോഗം തീരുമാനമെടുക്കുമെന്ന് കണ്ണന്‍ പറഞ്ഞു.
പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗിന്റെ മനുഷ്യാവകാശ മഹാറാലി ഇന്ന്. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വാളയാര്‍ കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിലെ ചെമ്പ് കമ്പനിയും തകിടുകളും മോഷ്ടിക്കാന്‍ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാര്‍ കമ്പനി അധികൃതര്‍ പിടികൂടിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 27 വര്‍ഷം തടവുശിക്ഷ. പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചതിനു മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), ഭാര്യാമാതാവ് മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരെയാണു പോക്‌സോ കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.
കോട്ടയം വാകത്താനത്ത് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. പൂവന്‍തുരുത്ത് സ്വദേശി എം.ജെ സാമുവേല്‍ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ബൈക്ക് ഓടിച്ച കുറിച്ചി സ്വദേശി ഷൈജു ജേക്കബിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട കുന്നന്താനത്ത് ഒരു വര്‍ഷമായി അകന്നു കഴിയുന്ന ഭാര്യയെ കുത്തക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.
എറണാകുളം കുറുപ്പുംപടിയില്‍ റോഡരികിലെ മരത്തില്‍ ലോട്ടറി വില്പനക്കാരനായ യുവാവ് തൂങ്ങി മരിച്ചു. കുറുപ്പുംപടി വട്ടപ്പറമ്പില്‍ ബാബു ആണ് മരിച്ചത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതാസ്‌റയുടെ വസതിയില്‍ റെയ്ഡ് നടത്തുന്നത്. സ്വതന്ത്ര എംഎല്‍എ ഓം പ്രകാശ് ഹുഡ്ലയുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്.
എന്‍സിഇആര്‍ടി സാമൂഹികപാഠപുസ്തകത്തില്‍ ഇന്ത്യയെ ഒഴിവാക്കി ഭാരതം എന്നാക്കാനുള്ള എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് പാനലിന്റെ ശുപാര്‍ശ വിവാദമായിരിക്കേ, അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്ന് എന്‍സിഇആര്‍ടി അദ്ധ്യക്ഷന്‍ ദിനേശ് സക്ലാനി വിശദീകരിച്ചു.
കര്‍ണ്ണാടകയില്‍ ചിക്കബെല്ലാപുരയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ടാറ്റാ സുമോ ഇടിച്ചുകയറി 12 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ മൂന്നു സ്ത്രീകളും ഒമ്പതു പുരുഷന്മാരുമാണ് മരിച്ചത്.
അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പുണ്ടായത്. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് അക്രമി. ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ മനോരോഗ കേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.