mid day hd 11

 

ഗാസയില്‍ തുടരുന്നവരെ ഹാമാസ് ഭികരരായി കണ്ട് ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസാ മുനമ്പിലെ എല്ലാവരും ഒഴിഞ്ഞു പോകണമെന്നും ഉടനേ ബോംബാക്രമണം നടത്തുമെന്നു ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം വിവരമറിയുമെന്ന് ലബനോന്‍ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചു. ഇതേസമയം, ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്ത അറബ് ഉച്ചകോടി പ്രധാന തീരുമാനമൊന്നും ഇല്ലാതെ പിരിഞ്ഞു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ ഒന്നും ചെയ്യുന്നില്ലെന്ന് സൗദി പ്രതികരിച്ചു. സമ്മര്‍ദത്തിലൂടെ ഗാസയില്‍നിന്നു ലക്ഷക്കണക്കിനു ജനങ്ങളെ ഒഴിപ്പിക്കുന്ന ഇസ്രയേലിന്റെ നീക്കത്തില്‍ അറബ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ മാസപ്പടി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ മാപ്പു പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. കരിമണല്‍ കമ്പനി എക്‌സാലോജികിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്‍കിയതാണ്. ആദായനികുതി വകുപ്പ് വീണയുടെ ഭാഗം കേള്‍ക്കാതെയാണു റിപ്പോര്‍ട്ടു തയാറാക്കിയത്. വീണയ്ക്കു കരിമണല്‍ കമ്പനി പണം നല്‍കിയതില്‍ ഇന്‍കം ടാക്‌സിനും ജിഎസ്ടി വകുപ്പിനും പരാതിയില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

മാസപ്പടിക്കു ജിഎസ്ടി നല്‍കിയോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എത്ര തുകയാണു ജിഎസ്ടി അടച്ചതെന്ന് അധികൃതര്‍ പുറത്തുവിടുന്നില്ല. മാപ്പു പറയണോയെന്നു പിന്നീടു തീരുമാനിക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

ജെഡിഎസ് സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച. എന്‍ഡിഎയില്‍ ചേര്‍ന്ന ദേശീയ ഘടകവുമായി ബന്ധം വേണ്ടെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ദേവഗൗഡയെ തള്ളിപറഞ്ഞു കേരളത്തില്‍ എല്‍ഡിഎഫില്‍ തുടരാനാണു മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും നീക്കം. എന്നാല്‍ പാര്‍ട്ടി വിടണമെന്നാണ് സികെ നാണു പക്ഷത്തിന്റെ ആവശ്യം.

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി ഈ മാസാവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും മണ്ഡലകാലത്തോടെ മേല്‍പ്പാലം തുറന്നു നല്‍കുമെന്നും എന്‍ കെ അക്ബര്‍ എംഎല്‍എ. റെയില്‍വേ മേല്‍പ്പാല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലത്തിനു താഴെ ഓപ്പണ്‍ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ ഒരുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ പുറത്തൂര്‍ സ്വദേശി സ്വാലിഹ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് അറസ്റ്റിലായി. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒളിവിലുള്ള മറ്റു പ്രതികളെ ഉടനേ പിടിക്കുമെന്നു പൊലീസ്.

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന പലസ്തീന് സഹായവുമായി ഇന്ത്യ. ആറര ടണ്‍ വൈദ്യസഹായ സാമഗ്രികളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായുള്ള വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ അടി. സീറ്റ് കിട്ടാത്ത പ്രാദേശിക നേതാക്കള്‍ ജബല്‍പൂരില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. ഇന്നലെ ബിജെപി 92 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ പരാതി നല്‍കിയതിനു ജീവനു ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ ജയ് ആനന്ദ് ഡല്‍ഹി പോലീസിലും ലോക്പാലിലും പരാതി നല്‍കി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നും ഇയാള്‍ ആരോപിച്ചു.

താന്‍ ദുര്‍ഗാപൂജയുമായി തിരക്കിലാണെന്നും വീട്ടിലെ ചെരുപ്പുകളുടെ എണ്ണമെടുക്കാന്‍ സിബിഐക്കു വരാമെന്നും മഹുവ മൊയ്ത്ര എംപി. തനിക്കെതിരേ കേസെടുക്കുന്നതിനു മുമ്പ്, കല്‍ക്കരി ഇടപാടിലൂടെ 13,000 കോടി രൂപ തട്ടിയെടുത്ത അദാനിക്കെതിരേ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കാാന്‍ കൊണ്ടുവന്ന ബുള്‍ഡോസര്‍ നശിപ്പിച്ചതിന് തമിഴ്നാട് ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ചെന്നൈയിലെ വസതിക്കു പുറത്ത് സ്ഥാപിച്ച കൊടിമരം നീക്കാന്‍ കൊണ്ടുവന്ന ജെസിബിയാണ് അമര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ തകര്‍ത്തത്.

ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ നൃത്തത്തിനിടെ പലയിടങ്ങളിലായി 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. മരിച്ചവരില്‍ 13 വയസുകാരനും 17 വയസുകാരനും പ്രായമുള്ളവരുമുണ്ടെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടു ചെയ്തു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *