മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ പരീക്ഷണ ദൗത്യം വിജയം. ഒമ്പതു മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു.
വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടറുട വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെയും അതുപോലുള്ള സംഘടനകളുടെയും പ്രവര്‍ത്തിനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു. ബോര്‍ഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയില്‍ ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചു.
വാഗമണ്ണില്‍ 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചുവിറ്റ കേസിന്റെ അന്വേഷണം വിജിലന്‍സിനു കൈമാറി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളാണ്. പൂപ്പാറയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറാന്‍ തിരിമറി നടത്തിയ സംഭവത്തിലും വിജിലന്‍സ് കേസെടുത്തു.
വയനാട് സുല്‍ത്താന്‍ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്നു മരിച്ച നിലയില്‍. തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് പുറത്തൂര്‍ സ്വദേശി സ്വാലിഹാണു മരിച്ചത്. കാലുകളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കൊലപാതകമെന്നു പോലീസ്.
പെരുമ്പാവൂരില്‍ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം. പ്രതികളും ആസാം സ്വദേശികളുമായ സജാലാല്‍ ഉബൈദുള്ള എന്നിവരെ പോലീസ് പിടികൂടി. ബലാല്‍സംഗം, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിനുനേരെയാണ് ലൈംഗികാതിക്രമമുണ്ടായത്.
കാനഡയുടെ 41 നയതന്ത്രപ്രതിനിധികളെ ഇന്ത്യയില്‍നിന്നു തിരിച്ചുവിളച്ച സംഭവത്തില്‍ ഇന്ത്യക്കെതിരേ അമേരിക്കയും ബ്രിട്ടനും. ഇന്ത്യ വിയന്ന കണ്‍വന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന ജസ്റ്റിന്‍ ട്രൂഡോയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കോണ്‍സുലേറ്റുകളിലെ പ്രവര്‍ത്തനം കുറക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടില്ലെന്നും നിജ്ജറുടെ കൊലപാതകത്തില്‍ കാനഡ തെളിവു നല്‍കിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.