വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിലെ ക്രെയിന്‍ ഒരാഴ്ചയായിട്ടും ഇറക്കാനായില്ല. ഉചിത സ്ഥാനത്തു കപ്പല്‍ അടുപ്പിച്ച് ക്രെയിന്‍ ഇറക്കാന്‍ വിദഗ്ധരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്ത് ഇറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു കാരണം. കപ്പല്‍ എത്തി ആദ്യ മൂന്നു ദിവസം സംസ്ഥാന സര്‍ക്കാര്‍ കപ്പലിനു സ്വീകരണം നല്‍കാനായി ക്രെയിന്‍ ഇറക്കുന്നതു മാറ്റിവയ്പിച്ചിരുന്നു.
ഗോതമ്പ് ക്വിന്റലിന് 150 രൂപ വര്‍ധിപ്പിച്ചു. ഗോതമ്പ് അടക്കം ആറ് ശീതകാല വിള വിളകളുടെ താങ്ങുവിലയാണു കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഗോതമ്പിന് ഇതോടെ 2,275 രൂപയായി. ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് താങ്ങുവില വര്‍ധിപ്പിച്ചത്. വര്‍ധന പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷമേ വര്‍ധന പ്രാബല്യത്തിലാകൂ.
മൂന്നാറില്‍ ദൗത്യസംഘം കൈയേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. ചിന്നക്കലാല്‍ അഞ്ച് ഏക്കര്‍ ഏലത്തോട്ടമാണ് ആദ്യം ഒഴിപ്പിച്ചത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ജില്ലാ കളക്ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്.
കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ഷാജി പി ചാലിയെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യത മാനിച്ച് മറുപടി നല്‍കില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കിയത്.
കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെ ലോംഗ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥി കഴുത്തുകുത്തി വീണ് ഗുരുതര പരിക്കേറ്റു. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഴല്‍മന്ദം ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ തൂങ്ങി മരിച്ച നിലയില്‍. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സുനില, മകന്‍ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍ എന്നിവരാണു മരിച്ചത്.
തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പു കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടി നിര്‍ദ്ദേശിച്ചെങ്കിലും ഒളിവില്‍ പോയ പ്രീതയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് യമനിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നാറില്‍ ന്യായമായ ഭൂമി കൈവശംവച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. മൂന്നാറിലേക്കു കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയില്‍ കൈയേറ്റങ്ങള്‍ ഒഴിയാന്‍ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമെങ്കില്‍ കോടതിയില്‍ പോകണമായിരുന്നു. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെന്റില്‍ കുറവു ഭൂമിയുളള്ളവരെ ഒഴിപ്പിക്കില്ലെന്നും റവന്യു മന്ത്രി കെ രാജന്‍. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്രയെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് കെ രാജന്‍ പറഞ്ഞു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യം പൊളിച്ചത് സിപിഐ നേതൃത്വവും സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ സുരേഷ് കുമാര്‍. സിപിഐയില്‍ നിന്നാണ് വിഎസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്തു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇന്നു നൈറ്റ് മാര്‍ച്ച് നടത്തും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൈറ്റ് മാര്‍ച്ച്. വൈകിട്ട് ഏഴുമണിക്ക് ലീഗ് ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്തു നിന്നു മാര്‍ച്ച് തുടങ്ങും.
സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ ഹൃദയാഘാതംമൂലം തിരുവനന്തപുരത്ത് അന്തരിച്ചു. 47 വയസായിരുന്നു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.
ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ചു. 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്‌സോ കോടതിയിലാണ് അതിവേഗം നടപടികള്‍ പുരോഗമിക്കുന്നത്. പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്.
മുപ്പതു വര്‍ഷം മുമ്പ് 1992 ല്‍ രാമനാട്ടുകര ഖാദി സൗഭാഗ്യയില്‍ വിച്ഛേദിക്കപ്പെട്ട വൈദ്യുതി കണക്ഷന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പുനസ്ഥാപിച്ചു. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ ന്യായീകരിച്ച് ബിജെപി നേതാക്കള്‍. ഇന്ത്യ നില്‍ക്കുന്നത് ഭീകരവാദത്തിനെതിരെയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സംഖ്യം പൊളിയുന്നു. ആംആദ്മി പാര്‍ട്ടി 39 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിലാണ് പാര്‍ട്ടിക്കു പ്രതീക്ഷ. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു.
ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെ റഫ അതിര്‍ത്തി തുറക്കുമെന്ന് ഈജിപ്ത്. അവശ്യ വസ്തുക്കളുമായി എത്തുന്ന 20 ട്രക്കുകള്‍ വീതം ദിവസവും ഗാസയിലേക്കു പോകാന്‍ അനുവദിക്കും. ഇക്കാര്യത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു.