mid day hd 13

 

മഴമൂലം ആളുകള്‍ തള്ളിക്കയറിയതുകൊണ്ടല്ല, അകത്തേക്കുള്ള പ്രവേശനം വൈകിയതും നിയന്ത്രണങ്ങളിലെ പാളിച്ചകളുമാണു കുസാറ്റ് ദുരന്തത്തിനു കാരണമെന്നു രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍. സംഗീതപരിപാടിക്കായി അകത്തക്കു ആളുകളെ പ്രവേശിപ്പിക്കാനുള്ള ഗേറ്റ് തുറക്കാന്‍ വൈകി. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറി. താഴോട്ടു സ്ലോപ്പായിട്ടുള്ള സ്റ്റെപ്പുകളില്‍ നിന്നവരുടേയും ഇരുന്നവരുടേയും മേലേക്ക് മുകളിലെ പടവുകളിലുണ്ടായിരുന്നവര്‍ വീണുപോയി. വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കുസാറ്റും മരിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളും കണ്ണീര്‍പാടങ്ങളായി. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയ കൂട്ടുകാര്‍ വിടവാങ്ങിയതിന്റെ തീരാവേദനയിലാണ് കുസാറ്റ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിച്ചത്. അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനുവച്ചത്. മിക്കവരുടേയും മുഖം ചവിട്ടേറ്റ് തിരിച്ചറിയാനാകാത്ത സ്ഥിതിയിലായിരുന്നു.

കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിനു കാരണം ഓഡിറ്റോറിയത്തിലേക്കു കടത്തിവിടുന്നതിലെ വീഴ്ചയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പിജി ശങ്കരന്‍. ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. തിരക്കു നിയന്ത്രിക്കാനായില്ല. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്കു വീണതോടെ ദുരന്തമായി. അദ്ദേഹം പറഞ്ഞു.

കുസാറ്റ് ദുരന്തത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിബന്ധനയും നിയമവും കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്കു സര്‍ക്കാര്‍ സൗജന്യ ചികില്‍സ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കുസാറ്റ് ദുരന്തത്തെത്തുടര്‍ന്ന് നാളെ നടക്കാനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച വിവരമറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടി തുടങ്ങുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പാണ് ദുരന്തമുണ്ടായത്. അഗാധമായ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. നിഖിത ഗാന്ധി പ്രതികരിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്‌ഐയുടെ തോക്കും തിരയും കാണാതായി. കൂടെയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പൊലീസുകാരന്‍ മൊഴി നല്‍കിയതോടെ സംഭവം വിവാദമായി.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം മാങ്ങാപ്പൊയിലില്‍ എട്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്.

നവകേരള സദസിനെതിരെ കോഴിക്കോട്ട് മുക്കത്ത് യൂത്ത് ലീഗിന്റെ പേരില്‍ പോസ്റ്ററുകള്‍. ‘ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂര്‍ത്താണെ’ന്നാണ് പോസ്റ്ററിലുളളത്.

നവകേരള സദസിനെതിരെ കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വാഴ നട്ടും പ്രതിഷേം. 21 മന്ത്രിമാര്‍ക്കെതിരേ പ്രതീകാത്മകമായി 21 വാഴകളാണ് നട്ടത്.

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസിന്റെ പ്രഭാത ഭക്ഷണ യോഗത്തില്‍ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവ് എന്‍. അബൂബക്കര്‍, ലീഗ് നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശ്ശേരിയിലെ യോഗത്തില്‍ പങ്കെടുത്തത്.

വയലനിസ്റ്റ് ബി ശശികുമാര്‍ തിരുവനന്തപുരത്തെ ജഗതിയില്‍ അന്തരിച്ചു. 74 വയസായിരുന്നു. ആകാശവാണി ആര്‍ടിസ്റ്റായിരുന്നു ബി. ശശികുമാര്‍.

റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെതിരെ മൂത്ത സഹോദരന്‍ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. ഗിരീഷ് വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുകയും സ്വത്തു തട്ടിയെടുത്തെന്നുമാണ് പരാതിയിലെ ആരോപണം.

യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കഞ്ചാവ് കേസ് പ്രതിയെന്നു ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ സഹോദരന്‍ നസീബ് സുലൈമാന്‍ ആണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാല്‍ ബന്ദികളുടെ മോചനം നീളുമെന്ന് ഹമാസ്. ഇതേസമയം, 39 പലസ്തീനികളെ കൂടി ഇസ്രയേല്‍ മോചിപ്പിച്ചു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *