നവകേരള സദസില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതു സമയമില്ലാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകളുടെ എണ്ണം ഇരുപതാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 14,232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908, കാസര്‍ഗോഡ് 3451, ഉദുമയില്‍ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണു പരാതി ലഭിച്ചത്.
സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ലൈഫ് പദ്ധതി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കെ ഫോണ്‍ എന്നിവയ്ക്കാണു കേന്ദ്ര വിഹിതം തടഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നു പരസ്യപ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വിവിധ പദ്ധതികള്‍ക്കും ഗ്രാന്റ് ഇനത്തിലും 5632 കോടിയുടെ കുടിശികയാണ് സംസ്ഥാനത്തിനു കിട്ടാനുള്ളത്. ലൈഫ് വീടിന് കേന്ദ്രം നല്‍കുന്നത് 75,000 രൂപയാണ്. മൂലധന ചെലവില്‍ 1925 കോടി കുടിശികയുണ്ട്. നാലു ലക്ഷം രൂപയാണ് ലൈഫ് വീടിന് അനുവദിക്കുന്നത്. മൂന്നിരട്ടിയോളം തുക സംസ്ഥാന സര്‍ക്കാരാണു ചെലവാക്കുന്നത്.
എത്ര വലിയ വെല്ലുവിളികളുണ്ടായാലും ലൈഫ് പദ്ധതി വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കേണ്ടത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു. ബില്ലുകളില്‍ എന്ത്ുനിലപാടെടുത്തെന്ന് അറിയിക്കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ തടവുകാരന്റെ ശരീരത്തില്‍ ഉദ്യോഗസ്ഥര്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചെന്ന പരാതിയില്‍ കോടതി വിശദീകണം തേടി. മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ് ബുക് പോസ്റ്റിട്ടതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സനെ ഉപദ്രവിച്ചെന്നാണ് പരാതി. തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജയില്‍ സൂപ്രണ്ടിനോടാണു വിശദീകരണം തേടിയത്.
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു. ബെനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണെന്നാണ് കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് സെക്രട്ടറി സുനില്‍, മുന്‍ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇതു സംബന്ധിച്ച് നേരത്തെ മൊഴി നല്‍കിയിരുന്നു.
ജഡ്ജിമാര്‍ക്കു നല്‍കാനെന്നു പറഞ്ഞു കോഴ വാങ്ങിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അന്തിമ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പരിഗണിക്കാന്‍ വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷിച്ചാല്‍ ഹര്‍ജിക്കാരന് പകര്‍പ്പ് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നവകേരള യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരാതി സ്വീകരിക്കുന്നില്ലെന്നും യാത്ര പാഴ്വേലയാണെന്നും രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരാണ് പരാതികള്‍ വാങ്ങുന്നത്. കെ.കരുണാകരനും ഉമ്മന്‍ചാണ്ടിയും നേരിട്ടാണ് പരാതി വാങ്ങിയത്. പിണറായി രാജാ പാര്‍ട്ട് കെട്ടിയിരിക്കുന്നു. മറ്റു മന്ത്രിമാര്‍ ദാസന്മാരായി നില്‍ക്കുന്നു. യാത്രയിലെ പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്. ചെന്നിത്തല കുറ്റപ്പെടുത്തി.
റോബിന്‍ ബസ് നിയമം ലംഘിച്ചതുകൊണ്ടാണ് തമിഴ്‌നാട്ടിലും പിടികൂടിയതെന്ന് മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹന ഉടമ കോടതിയില്‍ പോയി അനുമതി നേടേണ്ടിവരുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന്‍ അന്തരിച്ചു. 17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. റോബിന്‍ ബസ് കേസിലെ ഹര്‍ജിക്കാരനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ദിനേശ് മേനോന്‍ ആണ്.
ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയതിന് തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്പന്‍ഷന്‍. ശിശു സംരക്ഷണ ഓഫീസര്‍ കെ എ ബിന്ദുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സെപ്റ്റംബര്‍ 29 നാണ് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന നടത്തിയത്.
കൊല്ലം പത്തനാപുരം മാങ്കോട് പതിനാലുകാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്. വിദ്യാര്‍ത്ഥിയുടെ വസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തില്‍ കത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. മാങ്കോട് സ്വദേശികളായ അജിത്ത്, രാജേഷ്, അഖില്‍, അനീഷ്, അജിത് എന്നിവര്‍ക്കെതിരെയാണു പത്തനാപുരം പൊലീസ് കേസെടുത്തത്.
പാലാ വള്ളിച്ചിറയ്ക്കു സമീപം സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകനെ കുത്തിയശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. വെട്ടുകാട്ടില്‍ ചെല്ലപ്പന്‍ (74) ആണ് മരിച്ചത്. പരുക്കേറ്റ മകന്‍ ശ്രീജിത്ത് ചികിത്സയിലാണ്.
വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകള്‍ കത്തിച്ചാമ്പലായി. 30 കോടി രൂപയുടെ നഷ്ടം. തീ പടരുന്നത് കണ്ട് ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത്ത് വിമാനത്താവളത്തില്‍ അജ്ഞാത ഡ്രോണ്‍ പറന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ഏതാനും വിമാനങ്ങള്‍ വൈകി. വ്യോമസേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഡ്രോണ്‍ പിടിച്ചെടുക്കാനായില്ല.
നടി തൃഷയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു.
കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ ഫാനില്‍നിന്ന് ഷോക്കേറ്റ് നാലു കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലെ ലാല്‍മന്‍ ഖേദ ഗ്രാമത്തിലാണു സംഭവം. പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. വീട്ടിലെമുതിര്‍ന്നവരെല്ലാം പാടത്തു പണിക്കു പോയിരുന്നപ്പോഴാണ് അപകടമുണ്ടായത്.
സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിനു തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്കുവീണ് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ.
മൈസൂരു ഹാസന്‍ ജില്ലയില്‍ 21 കാരിയായ മുന്‍കാമുകി സുചിത്രയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി തേജസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയത്തില്‍നിന്ന് പിന്‍വാങ്ങിയതിനാണ് കഴുത്തറുത്ത് കൊന്നത്.
മൊള്‍ഡോവ സന്ദര്‍ശിച്ച ഓസ്ട്രിയന്‍ പ്രസിഡന്റിനെ മൊള്‍ഡോവ പ്രസിഡന്റിന്റെ നായ കടിച്ചു. ഓസ്ട്രിയയുടെ പ്രസിഡണ്ട് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനാണ് മൊള്‍ഡോവന്‍ പ്രസിഡന്റ് മയാ സാന്‍ഡുവിന്റെ വളര്‍ത്തു നായയുടെ കടിയേറ്റത്.
ഒരു കുപ്പി സ്‌കോച്ച് വിസ്‌കി ലേലത്തില്‍ വിറ്റത് 22.7 കോടി രൂപ്ക്ക്! 97 വര്‍ഷം പഴക്കമുള്ള മക്കാലന്‍ അദാമി വിസ്‌കിയാണ് റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റത്. 1926 ല്‍ വാറ്റിയ മദ്യമാണിത്.