ബില്ലുകളില്‍ ഒപ്പിടാത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്‌നാടും സമാനമായ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ കെഎസ് യു പ്രവര്‍ത്തകന്‍ ശ്രീക്കുട്ടന്‍ ഒരു വോട്ടിനു ചെയര്‍മാനായി വിജയിച്ചതു റീ കൗണ്ടിംഗ് നടത്തിയപ്പോള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയുടെ വിജയമായി മാറി. 11 വോട്ടാണു ഭൂരിപക്ഷം. അര്‍ധരാത്രിവരെ നീണ്ട നാടകീയ വോട്ടെണ്ണലിനിടെ രണ്ടു തവണ കരണ്ടു പോയി. കെഎസ് യു റീ കൗണ്ടിംഗ് ബഹിഷ്‌കരിച്ചിരുന്നു.
കേരളവര്‍മ്മ കോളജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് റീ കൗണ്ടിംഗില്‍ അട്ടിമറി ആരോപിച്ച് കെഎസ് യു ഹൈക്കോടതിയിലേക്ക്. അസാധുവോട്ടുകള്‍ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാന്‍ ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു.
കേരളവര്‍മ്മ കോളേജില്‍ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടു തവണ കരണ്ടു കളഞ്ഞുകൊണ്ടാണ് എസ്എഫ്‌ഐ ജനാധിപത്യത്തെകശാപ്പു ചെയ്തതെന്നും സതീശന്‍.
നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് മകള്‍ അച്ചു ഉമ്മന്‍. നീതി കിട്ടുമെന്നും കാലം അതിന് സാക്ഷിയാകുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഷാര്‍ജ പുസ്തക മേളയില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അച്ചു. ആത്മകഥയില്‍ ഒരാളെ പോലും വേദനിപ്പിക്കരുതെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധംമൂലം ചില സംഭവങ്ങള്‍ ഒഴിവാക്കേണ്ടിവന്നെന്ന് ഗ്രന്ഥകാരനായ മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.
പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനു പൊട്ടലേറ്റ് പതിനേഴുകാരനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപനാണു പരിക്കേറ്റത്. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്.
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് പന്ത്രണ്ടു വയസുകാരന്റെ ഫോണ്‍ ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി ഫോണ്‍വിളി എത്തിയത്. മ്യൂസിയം പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ 12 വയസുകാരനെയും കുടുംബത്തേയും പോലീസ് ചോദ്യം ചെയ്തു.
സംസ്ഥാനത്തെ പൊലീസ് സേന കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സമാനതകളില്ലാത്തവിധം നവീകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ കോടതി ശിക്ഷ വിധിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കേരള പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തില്‍ മാറിയ സേനയാണ് കേരളത്തിലേതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ വ്യവസായി ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്യുവല്ലര്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അഞ്ചാം തീയതി പ്രകാശനം ചെയ്യും. ജോയ് ആലുക്കാസ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും നടിയുമായ കജോള്‍ ദേവ്ഗണ്‍ മുഖ്യാതിഥിയാകും. ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസാധകര്‍. ആമസോണ്‍ ഓണ്‍ലൈനിലൂടെ പുസ്തകം ലഭിക്കും.
ക്ലാസിലെ പെണ്‍കുട്ടിയോടു സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവ് ശിക്ഷ. മണ്ണാര്‍കാട് സ്വദേശി അഫ്‌സലിനെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
ഡല്‍ഹി സാമൂഹ്യ ക്ഷേമവകുപ്പു മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കേയാണ് റെയ്ഡ്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന തെലുങ്കാനയിലെ ബിജെപി പ്രകടനപത്രിക അധ്യക്ഷനും മുന്‍ എംപിയുമായ വവേക് വെങ്കിടസ്വാമി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലുങ്കാനയില്‍ രണ്ടു ശതമാനം വോട്ടുപോലും ബിജെപിക്കു ലഭിക്കില്ലെന്നു രാഹുല്‍ പറഞ്ഞു.
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍സിംഗിന്റെ ഓഫീസിനു സമീപത്തെ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസായിരുന്നു. പ്രമുഖ നടന്‍ ടി.എസ് ബാലയ്യയുടെ മകനാണ്.
ഈജിപ്ത് റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേര്‍ ഗാസാ അതിര്‍ത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലെത്തിയത്. ഇതേസമയം, ജബലിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 200 ആയി. 120 പേരെ കണ്ടെത്താനായിട്ടില്ല.
ഓരോ വര്‍ഷവും 4.85 ലക്ഷം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നു കാനഡ. പുതിയ കുടിയേറ്റ നയത്തിലാണ് ഈ പ്രഖ്യാപനം. ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2024-26 നയത്തില്‍ സാമ്പത്തികം, കുടുംബം, മാനുഷികത എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ മൂന്നു വര്‍ഷത്തേക്ക് സ്ഥിരതാമസക്കാരാകാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്.