ഇന്നലെ നാല്‍പതോളം ഗോത്രവര്‍ഗക്കാരടക്കം അമ്പതു പോരുടെ കൂട്ടക്കുരുതി നടന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്നു പോലീസുകാരനടക്കം അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഇന്നു മുതല്‍ മൂന്നു ദിവസം അമിത് ഷാ മണിപ്പൂരില്‍ തങ്ങും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വംശഹത്യാ കലാപമെന്ന് ആക്ഷേപം നിലനില്‍ക്കേയാണ് സമാധാന ദൗത്യം എന്ന പേരില്‍ അമിത് ഷാ മണിപ്പൂരില്‍ എത്തുന്നത്.
ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്. ജന്തര്‍ മന്തറിലേക്കുള്ള വഴി അടച്ചു. ഇന്നലെ അറസ്റ്റിലായ ഗുസ്തി താരങ്ങളെ രാത്രി വളരെ വൈകിയാണു വിട്ടയച്ചത്. ഇന്നു വീണ്ടും സമരത്തിനെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. ഇതേസമയം, ഗുസ്തി താരങ്ങള്‍ കേരള ഹൗസില്‍നിന്നു ചെക്ക് ഔട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
കാട്ടാന അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ചുരുളിക്കു സമീപം. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്. ഇന്നലെ രാത്രി മേഘമല ഭാഗത്തേക്കു നീങ്ങിയ കാട്ടാന ഇന്നു തിരികേ ജനവാസ മേഖലയിലേക്കു നീങ്ങുന്നതായാണു സൂചനകള്‍.
ലോക് താന്ത്രിക് ജനതാദള്‍ സാങ്കേതികമായി നിലവിലില്ലാത്ത പാര്‍ട്ടിയാണെന്ന് ആര്‍ജെഡി. സംസ്ഥാന ഘടകം അറിയാതെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ക്ഷണിച്ചുവരുത്തിയതു ശ്രേയംസ്‌കുമാറിന്റെ വഞ്ചനയാണെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍. എല്‍ജെഡി പണ്ടേ ആര്‍ജെഡിയില്‍ ലയിച്ചതാണ്. എല്‍ജെഡിയുടെ ഏക എംഎല്‍എ കെ.പി. മോഹനന്‍ ആര്‍ജെഡി എംഎല്‍എയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. എന്‍ഫോഴ്‌സ്‌മെന്റ് അധികാരമില്ലാത്ത സേനക്ക് നോട്ടിസ് നല്‍കാന്‍ മാത്രമേ കഴിയൂ. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും സന്ധ്യ പറഞ്ഞു. സര്‍വീസില്‍നിന്നു വിരമിക്കുന്ന ബി.സന്ധ്യക്ക് ഫയര്‍ ഫോഴ്‌സ് നല്‍കിയ യാത്രയയപ്പില്‍ പ്രസംഗിക്കുകയായിരുന്നു സന്ധ്യ.
സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 31 ന് രാവിലെ പത്തിന് ആരംഭിക്കും. ഒന്‍പത് ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. 60 സ്ഥാനാര്‍ത്ഥികളില്‍ 29 പേര്‍ സ്ത്രീകളാണ്.
പ്ലസ്ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് ബിജിപി പ്രവര്‍ത്തകനും കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറുമായ നിഖില്‍ മനോഹര്‍ അറസ്റ്റിലായി.
മലപ്പുറം ജില്ലയില്‍ സിപിഎം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാരും പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാഖ് പഴമ്പറോട്ടിന്റെ കുടുംബവും ചേര്‍ന്ന് തടഞ്ഞു. സംഘര്‍ഷം മുന്നില്‍ കണ്ട് പ്ലാന്റ് തത്കാലം അടക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.
കണ്ണൂര്‍ നഗരസഭയുടെ മാലിന്യസംസ്‌കരണ കേന്ദ്രമായ ചേലോറ റൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഓ മോഹനന്‍. തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിംഗ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമുണ്ടായെന്ന് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിയെ കൈമാറിയ കേസില്‍ പരാതിക്കാരിയായ ഭാര്യ ജൂബി ജേക്കബിനെ (28) വെട്ടിക്കൊന്നതിനു പിറകേ, വിഷം കഴിച്ച ഭര്‍ത്താവ് ഷിനോ മാത്യവും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നു രാവിലെയാണു മരിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനിരിക്കേയാണു മരണം.
തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ വാഹനാപകടത്തില്‍ മരിച്ചു. വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കു പരിക്കേറ്റു.
തൃശൂര്‍ വാഴാനിയില്‍ കാട്ടാന വീട്ടുമുറ്റത്തെത്തി. വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്. കൊമ്പന്‍ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുമ്പില്‍ വീണ്ടുമെത്തി. ആനയെ വീണ്ടും വനപാലകര്‍ കാടുകയറ്റി.
തിരുവനന്തപുരത്ത് വെങ്ങാന്നൂരില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ പൊലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി 84,000 രൂപ കവര്‍ന്നു. പശ്ചിമ ബംഗാള്‍ ദിനാപൂര്‍ സ്വദേശി നൂര്‍ അലമിയ(27), ചാല ഫ്രണ്ട്‌സ് നഗറില്‍ ശ്രീഹരി(27) എന്നിവരെ പിടികൂടി.
കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാളെ പോലീസ് തെരയുന്നു. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ദുരനുഭവം വിവരിച്ചു ഫോട്ടോ സഹിതം യാത്രക്കാരി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടാനാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവായ വൈ എസ് ശര്‍മിള കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അഭിനന്ദിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ശര്‍മിളയുടെ പ്രതികരണം.
പാക്കിസ്ഥാനില്‍ അറസ്റ്റിലായ തെഹ് രികെ ഇന്‍സാഫ് വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ഇമ്രാന്‍ ഖാന്റെ അറസ്റ്റിനു പിറകേയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി.