mid day hd 12

 

ഇരുപത്തയ്യായിരം കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയില്‍ മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് കടലില്‍ മുക്കിക്കളഞ്ഞെന്ന് സ്ഥിരീകരിച്ച് എന്‍സിബി. മയക്കുമരുന്നു കടത്തു സംഘത്തിലുള്ളവര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാവികസേനക്കുമുന്നില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ലഹരി മാഫിയാ സംഘം കപ്പല്‍ മുക്കിയത്. കപ്പലിനായി കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നു രാത്രിയോ നാളെയോ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ പ്രഖ്യാപിച്ചേക്കും. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമയാകാമെന്ന ഫോര്‍മുലയും എഐസിസിയുടെ പരിഗണനയിലുണ്ട്.

റോഡ് കാമറ പദ്ധഥിക്കു കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടോയെന്നു പഠിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടനേ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ഒരു സര്‍ക്കാര്‍ സെക്രട്ടറിക്കും കഴിയില്ലെന്നും ചെന്നിത്തല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് പോലീസ് കമ്മീഷണര്‍ക്കു കത്തു നല്‍കി. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമാണ്. ജീവനക്കാര്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ഇറങ്ങി നടക്കാനാവില്ലെന്നു കത്തില്‍ പറയുന്നു.

ട്രെയിനില്‍ വനിതാ യാത്രക്കാരോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴാണ് പരപ്പനങ്ങാടി സ്വദേശി ദേവനു കുപ്പികൊണ്ടു കുത്തേറ്റത്. ഗുരുവായൂര്‍ സ്വദേശി സിയാദിനെ പോലീസ് പിടികുടി.

വൈദ്യുതി കുടിശിക ഈടാക്കാന്‍ ജപ്തി നടപടികള്‍ ആരംഭിച്ച കെഎസ്ഇബിക്കെതിരേ 130 കോടി രൂപയുടെ ബില്‍ നല്‍കി പൊലീസ്. കെഎസ്ഇബിയുടെ വിവിധ ഓഫീസുകള്‍ക്കും ഡാമുകള്‍ക്കും സംരക്ഷണം നല്‍കിയതിന് 130 കോടി രൂപ അടയ്ക്കണമെന്നാണ് പോലീസ് എഡിജിപി നല്‍കിയ കത്തില്‍ പറയുന്നത്.

ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘം സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ഡര്‍ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണെന്നു തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താന്‍ പ്രദേശത്തു തെരച്ചില്‍ നടത്തുന്നുണ്ട്.

കൊച്ചി മറൈന്‍ഡ്രൈവില്‍ ബോട്ടുകള്‍ പിടിച്ചെടുത്ത കേസില്‍ മാരിടൈം ബോര്‍ഡിന് പൊലീസ് റിപ്പോര്‍ട്ട് കൈമാറും. ബോട്ടിന്റെ ഉടമകളെ വിളിച്ച് വരുത്തും. 13 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകളില്‍ നാല്‍പതോളം പേരെയാണ് കയറ്റിയത്. ബോട്ടുകളിലെ സ്രാങ്കുമാരായ നിഖില്‍, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പൂന്തുറ എസ് ഐ ജയപ്രകാശിന്റെ തലയ്ക്കു പരിക്കേറ്റു. പൂന്തുറ പോലീസ് വാഹന പരിശോധനടത്തുന്നതിടെ പൂന്തുറ ഹുസൈന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.

കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയെന്ന കേസില്‍ രണ്ടു പേരെകൂടി അറസ്റ്റു ചെയ്തു. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടം സ്വദേശികളായ പ്രണുബാബു എന്ന കുട്ടു (36), ശ്രീനിലയം വീട്ടില്‍ ശരത്ത് അന്തോളി (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷന്‍ കട ആക്രമിച്ചു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പന്‍ തകര്‍ത്തത്.

മാനന്തവാടി- കോഴിക്കോട് സംസ്ഥാന പാതയില്‍ പച്ചിലക്കാട്ട് കാറും ടിപ്പറും കൂട്ടിയിടിച്ച് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. പള്ളിപ്പുര അഫ്രീദ് (23), മുനവര്‍ (25) എന്നിവരാണു മരിച്ചത്.

കര്‍ണാടകത്തില്‍ ബിജെപിയില്‍നിന്നു രാജിവച്ച് കോണ്‍ഗ്രസിലെത്തി മല്‍സരിച്ചു തോറ്റ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ എംഎല്‍സിയാക്കി നാമനിര്‍ദേശം ചെയ്ത് മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ നീക്കം. കര്‍ണാടക കോണ്‍ഗ്രസിലെ ഇരുപക്ഷവും ഇക്കാര്യത്തില്‍ യോജിപ്പിലെത്തിയെന്നാണു റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 35 പേരോളം ചികിത്സയിലാണ്. വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. വ്യാജമദ്യം കഴിച്ചു മരിച്ചവരില്‍ മൂന്നു സ്ത്രീകളുമുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ബജറംഗ്ദളിനെ ഭീകര സംഘടനയായി താരതമ്യം ചെയ്തുള്ള പരാമര്‍ശത്തിനാണു പഞ്ചാബ് കോടതി നോട്ടീസ് നല്‍കിയത്. നൂറ് കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

ജമ്മു കാഷ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്. ജമാ അത്തെ ഇസ്ലാമി, പഴയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണു തെരയുന്നത്.

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തിലേറെ വോട്ട് നേടാനായില്ല. നിലവിലെ പ്രസിഡന്റ് എര്‍ദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കെമാല്‍ കിലിദാരോഗ്ലുവിന് 44.38 ശതമാനം വോട്ടുമാണ് നേടാനായത്. വിജയിക്കാന്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടണം. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഈ മാസം 28 ന് രണ്ടാംറൗണ്ട് വോട്ടെടുപ്പ് നടത്തും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *