കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് പത്തിന്. വോട്ടെണ്ണല്‍ മെയ് 13 നാണ്. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കര്‍ണാടകയില്‍ 5.21 കോടി വോട്ടര്‍മാരാണു വിധിയെഴുതുക.
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിനു തുടക്കം. അടുത്ത മുപ്പതു വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം. ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കും.
നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന അടിപിടിയില്‍ വ്യാജപരാതി നല്കി കേസെടുപ്പിച്ചെന്ന് ആരോപിച്ച് അവകാശ ലംഘന നോട്ടീസൂമായി രമേശ് ചെന്നിത്തല. മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി.ഡി. ജിജുകുമാര്‍, നിയമസഭാ സെക്രട്ടറിയേറ്റിലെ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന്, വനിതാ സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു നോട്ടീസ് നല്‍കിയത്.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. ഹൈക്കോടതി കേസ് സ്റ്റേ ചെയ്തിരിക്കേ, എം പി സ്ഥാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് നടപടി.
ദേവികുളം നിയമസഭാ മണ്ഡലത്തിലെ തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നാണ് ഹര്‍ജി.
പൊലീസില്‍നിന്നും വിജിലന്‍സിലേക്ക് ഡെപ്യൂട്ടേഷന് ലഭിക്കണമെങ്കില്‍ യോഗ്യത പരീക്ഷ വിജയിക്കണം. സിലബസും വിജിലന്‍സ് പുറത്തിത്തിറക്കി. അടുത്ത മാസം ഒന്നിന് ആദ്യ പരീക്ഷ നടത്തും. നിലവില്‍ ക്രൈം ബ്രാഞ്ചിലേക്കു മാത്രമാണ് യോഗ്യതാ പരീക്ഷ.
ഇടതു വനിതാ നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് ക്രിമിനല്‍ പരാമര്‍ശമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീയെ രണ്ടാംതരക്കാരായി കാണുന്ന സംഘപരിവാര്‍ സംഘടനകളില്‍ നിന്നുള്ളവര്‍ക്കേ ഇത്തരം മ്ലേച്ഛമായ പരാമര്‍ശം നടത്താന്‍ കഴിയൂ. ആനി രാജ പറഞ്ഞു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടുപേര്‍ തന്നോടു മോശമായി പെരുമാറിയെന്ന് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ്.അയ്യര്‍. ആറുവയസുള്ളപ്പോള്‍ രണ്ടു പുരുഷന്മാര് തന്നെ വാത്സല്യത്തോടെ വിളിച്ച് അടുത്തിരുത്തി. ദേഹത്ത് സ്പര്‍ശിച്ചു. അവര്‍ ആരാണെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും കളക്ടര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ഇങ്ങനെ പറഞ്ഞത്.
ആലപ്പുഴയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. ജോലി കഴിഞ്ഞു നടന്നു പോകുകയായിരുന്ന കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന് മോഹനന് (59) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റെങ്കിലും മോഹനന് വീട്ടിലേക്കു പോയി. വീട്ടിലെത്തിയതിനു പിറകേ, കുഴഞ്ഞ് വീഴുകയായിരുന്നു.
വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് കാടുകയറി വഴിതെറ്റി രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങി സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലു പേരെ രക്ഷിച്ചു. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദില്‍ഷാദ്(17) എന്നിവരെയാണ് വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് രക്ഷിച്ചത്.
എടപ്പാളില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കാര്‍ യാത്രക്കാരുമായുള്ള അടിപിടിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തതിനാണ് പ്രതിഷേധം. പണിമുടക്ക് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരെ വലച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഡോ. ജി. ഗണേഷ്കുമാര് ആണ് പുന്നലത്തുപടിയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ചത്.
ശബരിമല ഇലവുങ്കലില്‍ അയ്യപ്പ ഭക്തരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹമനോടിച്ചതിന് ഡ്രൈവര്‍ ബാലസുബ്രഹ്മണ്യത്തിനെതിരെയാണ് കേസെടുത്തത്.
ഇന്ത്യയിലെ അഴിമതി, കൊള്ള സംഘത്തിന്റെ തലവനാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ ഖാര്‍ഗെയും ആവര്‍ത്തിച്ചു. അദാനിയുടെ ഷെല്‍ കമ്പനിയിലെ 20,000 കോടി ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോസ്കി, വിജയ് മല്യ, ജികിന്‍ മെഹ്ത, തുടങ്ങിയവരുടേതാണോ? അവര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിങ്ങളുടെ പദ്ധതിയിലെ അംഗങ്ങള്‍ ആണോ? മോദിയാണോ ഇതിന്റെ കണ്‍വീനര്‍? -ഖാര്‍ഗെ ചോദിച്ചു. കര്‍ണാടക, മേഘാലയ സര്‍ക്കാരുകളിലെ അഴിമതിയില്‍ നിങ്ങള്‍ക്കും പങ്കില്ലേയെന്നും ഖര്‍ഗെ ചോദിച്ചു.
ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍ വീടൊഴിയണമെന്നുള്ള നോട്ടീസിനു പിറകേ വീടൊഴിയാനുള്ള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ ഗാന്ധി. വീട്ടു സാധനങ്ങള്‍ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം.
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദപ്പിച്ച 18 മരുന്നു കമ്പിനികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു. രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലൈസന്‍സ് ഡ്രഗ് കണ്ട്രോള് ഓഫ് ഇന്ത്യ റദ്ദാക്കി. ഇന്ത്യന്‍ നിര്‍മിത വ്യാജ മരുന്നുകള്‍ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, കേന്ദ്രത്തിനെതിരേ രണ്ടു ദിവസത്തെ ധര്‍ണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തിനുള്ള ധനസഹായങ്ങള്‍ കേന്ദ്രം തടഞ്ഞെന്ന് എന്നാരോപിച്ചാണ് മമത് ധര്‍ണ ആരംഭിച്ചത്.
ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്നായ സാഷയുടെ മരണ കാരണം ‘മാനസിക സമ്മര്‍ദ്ദ’മെന്ന് വിദഗ്ധര്‍. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് ചത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഫ്രിക്കയിലെ നമിബിയയില്‍ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ.
വനിതാ കോളേജിന്റെ മതില് ചാടിക്കടന്ന് വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചെന്ന് പരാതി. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഇന്ദ്രപ്രസ്ഥ വനിതാ കോളേജിലെക്കാണ് ഏഴുപേര്‍ മതില് ചാടിക്കടന്ന് പ്രവേശിച്ചത്. പുറത്തറിയാതിരിക്കാന്‍ കോളേജ് അധികൃതര്‍ ഹോസ്റ്റലിലുള്ളവരെ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ജാജ്പൂരിലാണ് 18 കാരിയായ പോളിടെക്നിക് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മെക്സിക്കോയില്‍ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 40 പേര് മരിച്ചു. വടക്കന്‍ മെക്സിക്കോ-യുഎസ് അതിര്‍ത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് അപകടമുണ്ടായത്.
ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോര്‍ന്നു. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്സ് കോഡ് ചോര്‍ന്നിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.