mid day hd 1

 

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്കു ഭരണത്തുടര്‍ച്ച. മേഘാലയയില്‍ എന്‍പിപി മുന്നേറ്റം. നാഗാലാന്‍ഡ് ബിജെപി മുന്നണി തൂത്തുവാരി. ത്രിപുര വീണ്ടെടുക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പോരാടിയെങ്കിലും ബിജെപിതന്നെ കേവല ഭൂരിപക്ഷം നേടി. തിപ്രമോദ കോണ്‍ഗ്രസ് സിപിഎം സഖ്യത്തോടു ചേരാതിരുന്നതാണു ബിജെപിക്കു ഗുണമായത്. കക്ഷിനില: നാഗാലാന്‍ഡ് – ആകെ സീറ്റ് 60. ബിജെപി 40, എന്‍പിഎഫ്- 3, മറ്റുള്ളവര്‍ – 17.
ത്രിപുര -ആകെ സീറ്റ്- 60. ബിജെപി -33, സിപിഎം, കോണ്‍ഗ്രസ്- 16, തിപ്രമോത -10, മറ്റുള്ളവര്‍- 1.
മേഘാലയ- ആകെ സീറ്റ്- 59. എന്‍പിപി- 25, ബിജെപി- 5, കോണ്‍ഗ്രസ് – 5, ടിഎംസി- 5, മറ്റുള്ളവര്‍ 19.

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണം. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്ധര്‍, കെവി കാമത്ത്, ഇന്‍ഫോസിസ് മുന്‍ സിഇഒ നന്ദന്‍ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുന്‍ ജഡ്ജി അഭയ് മനോഹര്‍ സപ്രെ നയിക്കും. സെബി അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം.

തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ വഴിയാകണമെന്നാണ് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക ക്രമക്കേട് കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച കെടിഡിസി മുന്‍ എംഡി രാജശ്രീ അജിത്തിനെ പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കി. ഗൂഢാലോചനയ്ക്കും വ്യാജ രേഖയുണ്ടാക്കിയതിനും രാജശ്രീയെ ഒന്നാം പ്രതിയാക്കിയാണു കുറ്റപത്രം നല്‍കിയത്. കെടിഡിഎഫ്‌സിയില്‍നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത വിനോദ് എസ് നായര്‍ക്ക് ഒത്താശ ചെയ്ത കേസിലെ പ്രതിയാണ് രാജശ്രീ.
വായ്പയും പലിശയും സഹിതം 64 ലക്ഷം രൂപയുടെ ബാധ്യതയായി. ഈടു നല്‍കിയ ഭൂമിയുടെ രേഖ വ്യാജമായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന് അന്വേഷണം നടത്തിയ വിദഗ്ധ സംഘം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. 2017 ലാണ് ഹര്‍ഷിന എന്ന യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനു വിധേയയാത്. ഉപകരണങ്ങളുടെ രജിസ്റ്ററില്‍ കത്രിക കാണാതായെന്നു റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതിനു മുമ്പ് 2012 ലും 2016 ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്.

വയറില്‍നിന്നു കണ്ടെത്തിയ കത്രിക തങ്ങളുടേതല്ലെന്നു റിപ്പോര്‍ട്ടു നല്‍കിയ അന്വേഷണ സംഘം തന്റെ വയറില്‍ എങ്ങനെ കത്രിക എത്തിയെന്നുകൂടി പറയണമെന്ന് ഹര്‍ഷിന. താന്‍ വിഴുങ്ങിയതാണോയെന്നും ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കു ശേഷമാണു ശാരീരിക പ്രശനങ്ങള്‍ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു. നീതി കിട്ടുംവരെ പോരാടുമെന്നും ഹര്‍ഷിന പറഞ്ഞു.

കാസര്‍കോട് സര്‍ക്കാര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രമയ്‌ക്കെതിരെ നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ. എസ് എഫ് ഐക്കാര്‍ അക്രമം കാണിച്ചെന്ന രമയുടെ ആരോപണം ശരിയല്ല. നേരത്തെ എം എസ് എഫ് പ്രവര്‍ത്തകരെ ഇതേ പ്രിന്‍സിപ്പല്‍ കാലു പിടിപ്പിച്ചെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടെടുത്തതിനു നടപടിയെടുത്തെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സഭയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ ടാര്‍ജെറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിര്‍ബന്ധ വിആര്‍എസ് നടപ്പാക്കില്ലെന്നും മന്ത്രി ആന്റണി രാജു. ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അല്ലാതെ മറ്റാരും എതിരല്ല. കെ എസ് ആര്‍ ടി സി യില്‍ സ്വകാര്യവത്കരിക്കില്ല. യൂണിയനുകള്‍ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്മെന്റിന് നടപ്പാക്കാന്‍ കഴിയുകയെന്നും മന്ത്രി ചോദിച്ചു. ഈ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.

കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്തു വനിതാ ഡോക്ടറെ പീഡിപ്പിച്ചു ഫോട്ടോകള്‍ പ്രചരിപ്പിച്ച നഴ്‌സ് കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബുവി(24)നെയാണ് അറസ്റ്റു ചെയ്തത്. മൈസൂരുവില്‍ ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്‌സായിരുന്നു നിഷാം ബാബു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കാമെന്നു പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ മൂന്നര കോടി രൂപയുടെ വായ്പാ ബാധ്യത തീര്‍ത്ത് കോണ്‍ഗ്രസ്. കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ടാണ് സാമ്പത്തിക ബാധ്യത തീര്‍ത്തതെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ വീക്ഷണവും ജയ്ഹിന്ദും സമാന രീതിയില്‍ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങി എന്ന കേസില്‍ അഡ്വ.സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്തിമ റിപ്പോര്‍ട്ടിനു സാവകാശം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹര്‍ജി തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം ശരിയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സഖ്യം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കോട്ടുകാലില്‍ രണ്ടു കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. മണ്ണക്കല്ല് വാര്‍ഡിലെ ചരുവിള പുത്തന്‍ വീടില്‍ തങ്കരാജന്‍, സരോജം എന്നിവരുടെ വീട്ടിലെ കിണറുകളാണ് ചൊവ്വാഴ്ച രാത്രി പത്തോടെ ഇടിഞ്ഞ് താഴ്ന്നത്.

കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ കാസര്‍കോട് അറസ്റ്റിലായി. തമിഴ്‌നാട് കടല്ലൂര്‍ സ്വദേശി മണികണ്ഠന്‍, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം കിളിമാനൂരില്‍ അച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജന്‍ (60) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുരാജ് എന്ന് വിളിക്കുന്ന രാജേഷിനെ (28) പോലീസ് തെരയുന്നു.

ജോലിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരന്‍ സിമന്റ് മിക്‌സിംഗ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തിരുവനന്തപുരം മാറനല്ലൂര്‍ തേവരക്കോടില്‍ മിക്‌സിംഗ് യൂണിറ്റിലെ ഡ്രൈവര്‍ തൂങ്ങാംപാറ സ്വദേശി റെജിയാണ് നാല് മണിക്കൂറോളം ടവറിനു മുകളില്‍ നിന്നത്. അനുനയിപ്പിച്ചു താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമെല്ലാം എത്തിയിരുന്നു.

ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ്വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11 നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 117 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഒന്നര മണിക്കൂര്‍കൊണ്ട് എത്തിച്ചേരാനാകും. മൈസൂരില്‍ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലക്കാര്‍ക്ക് അഞ്ചു മണിക്കൂറുകൊണ്ട് നാട്ടിലെത്താനാകും.

അമിതാഭ് ബച്ചന്റെയും ധര്‍മേന്ദ്രയുടേയും മുംബൈയിലെ വീടുകളില്‍ ബോംബു ഭീഷണി. നാഗ്പൂര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്‍ വിളിച്ചറിയിച്ചത്. ഇരുവരുടേയും വീടുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്ക്കു പരിക്ക്. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്ക്ക് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെയാണു സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *