പാചകവാതക വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണു കൂട്ടിയത്. പുതിയ ഗാര്‍ഹിക സിലിണ്ടറിനു വില 1110 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു.
ബഫര്‍ സോണില്‍ 70,582 നിര്‍മിതികളുണ്ടെന്നു ബഫര്‍സോണ്‍ വിദഗ്ധ പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നതിനേക്കാള്‍ 21,210 നിര്‍മിതികള്‍ അധികമുണ്ടെന്നാണു റിപ്പോര്‍ട്ട്.
ഐജിഎസ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങി പോയി. ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോര്‍ച്ച തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ആരോപിച്ചാണ് അടിയന്തര പ്രമേയത്തിനു ശ്രമിച്ചത്. പ്രതിപക്ഷത്തെ റോജി എം ജോണാണ് നോട്ടീസ് നല്‍കിയത്.
അഴിമതി വ്യക്തമാണെങ്കില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും കുറ്റപത്രം നല്‍കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കി. അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ കുറ്റപത്രം നല്‍കാം. സുപ്രീംകോടതി വിധി ചൂണ്ടികാട്ടിയാണ് പുതിയ സര്‍ക്കുലര്‍.
നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച നാനൂറു ചോദ്യങ്ങള്‍ക്കു ധനമന്ത്രി കെ.എന്‍. ബാലഗോപാന്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാംഗം എ.പി. അനില്‍കുമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. കഴിഞ്ഞ മൂന്നു സമ്മേളന കാലയളവിലായാണ് ഇത്രയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്തതെന്നു പരാതിയില്‍ പറയുന്നു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പിബി നൂഹിന്റെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളില്‍ വ്യക്തതയുണ്ടാക്കാനാണു മൊഴിയെടുക്കുന്നത്. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ലൈഫ് മിഷനില്‍ ചുമതലയേറ്റത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ഏഴാം തീയതി ഹാജരാകണണെന്ന് വീണ്ടും നോട്ടീസ് നല്‍കി.
സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാട്‌സ്ആപ് ചാറ്റ് പുറത്ത്. യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായത് വ്യവസായി എംഎ യൂസഫലി ഇടപെട്ടതുകൊണ്ടാണെന്ന് നോര്‍ക്ക റൂട്‌സില്‍ മുഖ്യമന്ത്രിയും ശിവശങ്കറും വാഗ്ദാനം ചെയ്ത ജോലിയും യൂസഫലി മുടക്കുമെന്നും വിശദീകരിക്കുന്ന വാട്‌സ്ആപ് ചാറ്റ് പുറത്ത്. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ചാറ്റില്‍ രാവിലെ എന്തു കഴിച്ചെന്നു സ്വപ്ന ചോദിക്കുന്നുണ്ട്. കഞ്ഞി കുടിച്ചെന്നു ശിവശങ്കറും സാന്‍ഡ് വിച്ച് കഴിച്ചെന്നു സ്വപ്‌നയും പറയുന്ന ചാറ്റാണ് പുറത്തായത്.
സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് സ്വന്തമാക്കി. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി.
സംസ്ഥാനത്തെ ഹോട്ടലുകളിലും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഒരു മാസത്തെ സാവകാശംകൂടി അനുവദിച്ചുു. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരായ നിയമനടപടികള്‍ ഒരു മാസത്തിനു ശേഷം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എത്രപേര്‍ എടുത്തെന്ന് പരിശോധിക്കും.
ആലപ്പുഴ കാപ്പിക്കോ റിസോര്‍ട്ട് ഈ മാസം 25 നകം പൊളിക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍. റിസോര്‍ട്ടിലെ 54 കോട്ടേജുകളില്‍ 34 എണ്ണം പൊളിച്ചു. ശേഷിക്കുന്ന 20 എണ്ണം 25 നകം പൊളിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മലപ്പുറം തുവ്വൂര്‍ സ്റ്റേഷനില്‍ നിര്‍ത്താതെ പോയ രാജ്യറാണി എക്‌സ്പ്രസ് അല്‍പദൂം പിന്നിട്ടശേഷം റിവേഴ്‌സില്‍ തിരികേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ നിര്‍ത്താത്തതിനാല്‍ പല യാത്രക്കാരും ട്രെയിനിറങ്ങിവരുന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും സ്റ്റേഷന്‍ വിട്ടുപോകുകയും ചെയ്തതിനു പിറകേയാണ് ട്രെയിന്‍ റിവേഴ്‌സായി തിരിച്ചെത്തിയത്. പുലര്‍ച്ചെയാണ് രാജ്യറാണി യാത്രക്കാരെ ഇങ്ങനെ കബളിപ്പിച്ചത്.
എടക്കഴിയൂര്‍ പഞ്ചവടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടില്‍ മുസ്തഫയാണ് മരിച്ചത്.
സ്‌കൂളുകളില്‍ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈക്കോടതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സ്‌കൂളുകളില്‍ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനമാണ്. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്‌കൂളുകളില്‍ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസമോ ആവരുതെന്നും കോടതി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മതില്‍ക്കെട്ടിനപ്പുറത്തുനിന്ന് 120 കഞ്ചാവു ബീഡികള്‍ എറിഞ്ഞുകൊടുത്ത വിരുതന്മാര്‍ പിടിയില്‍. നാട്ടുവയല്‍ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാര്‍ എന്നിവരെയാണ് അറസറ്റു ചെയ്തത്.
ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കാറില്‍ ഉണ്ടായിരുന്ന കുടുംബം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചെന്നു പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്.
താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ച് രാഹുല്‍ ഗാന്ധി ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍. കേബ്രിഡ്ജിലെ എംബിഎ പ്രോഗ്രാമില്‍ പ്രഭാഷണം നടത്താനാണ് രാഹുല്‍ എത്തിയത്.
ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റു ചെയ്തു. പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് ഗാസിയാബാദില്‍ അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്.
ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിനു കേസെടുക്കുമെങ്കില്‍ താനിനിയും അതു തുടരുമെന്ന് ബെംഗളൂൂരു ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച കുട്ടികളെ മതം മാറ്റിയെന്നു തെളിയിക്കാമോയെന്നു അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നതിനിടെയാണ് ഈ പ്രതികരണം.
ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 26 പേര്‍ കൊല്ലപ്പെട്ടു. 85 പേര്‍ക്ക് പരിക്കേറ്റു. ആതന്‍സില്‍നിന്നു തെസലോന്‍സ്‌കിയിലേക്ക് പോയ യാത്രാവണ്ടിയും ലാരിസയിലേക്ക് പോയ ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണരുത്. പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കളെ ആറു മാസത്തേക്ക് ലേബര്‍ ക്യാമ്പുകളില്‍ അടയ്ക്കും. കുട്ടികളെ അഞ്ചു വര്‍ഷം തടവിലിടും.