mid day hd 28

മണിപ്പൂരില്‍ കലാപം ആളിക്കത്തിച്ച ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ചേക്കും. ഉച്ചയ്ക്കു ഗവര്‍ണറെ കാണും. ഇതേസമയം, സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്നു മെയ്‌തെയ് വിഭാഗങ്ങളുടെ ക്യാന്പുകള്‍ സന്ദര്‍ശിച്ചു. റോഡുമാര്‍ഗമുള്ള യാത്ര പോലീസ് വിലക്കിയതിനാല്‍ ഹെലികോപ്റ്ററിലാണു യാത്ര.

ഏകീകൃത സിവില്‍ കോഡ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ബില്‍ തയാറാക്കാന്‍ പാര്‍ലമെന്ററി നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉടനേ ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോര്‍ട്ടും ആധാരമാക്കും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ജൂലൈ ആദ്യവാരത്തോടെ അവസാനിക്കും. ഇതിനിടെ നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസില്‍ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു, എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി. ഇരുവരും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.

സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീനുകള്‍ പണി മുടക്കിയതിനാലാണ് റേഷന്‍ വിതരണം മുടങ്ങിയത്.

വൈദ്യുത ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാടുള്ള ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരി. വൈദ്യുതി ഇല്ലാത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു.

പായയില്‍ കോടികള്‍ കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്ന തന്റെ പരാതിയില്‍ ഡിജിപി ഇതുവരെ മറുപടി തന്നില്ലെന്ന് ബെന്നി ബഹനാന്‍ എംപി. മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ അപ്രിയ സത്യം പറഞ്ഞതിനു തനിക്കു നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുകയാണെന്ന്ന്ന് ദേശാഭിമാനി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ജി ശക്തിധരന്‍. പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയില്ല. കൈതോലപ്പായയില്‍ സൂക്ഷിച്ച വിത്ത് ഇന്ന് വന്‍മരമായി. പോരാട്ടം തുടരും. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അടുക്കള സംഘമാണെന്നും ശക്തിധരന്‍.

കൊല്ലം കടയ്ക്കലില്‍ ചേനയെന്നു തെറ്റിദ്ധരിച്ച് വെട്ടുകത്തികൊണ്ടു വെട്ടിയ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാര്‍ത്ഥിനിയുമായ യുവതിയക്കു ഗുരുതര പരിക്ക്. 35 കാരിയായ രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാല്‍പ്പത്തിയ്ക്കും പരിക്കുണ്ട്. മുടി കത്തിക്കരിഞ്ഞു.

ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷന്‍ ജീവനക്കാരി കുളത്തില്‍ മരിച്ച നിലയില്‍. എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യാണ് മരിച്ചത്. ഫയര്‍ സ്റ്റേഷന് സമീപമുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയഷന്‍ പ്രസിഡന്റായി പിവി ശ്രീനിജന്‍ എംഎല്‍എയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷ പദവിയില്‍നിന്നു നീക്കം ചെയ്യാന്‍ സിപിഎം തീരുമാനിച്ചിരിക്കെയാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ അദ്ധ്യക്ഷനായി ശ്രീനിജന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി സുപ്രീം കോടതിയില്‍ ഹര്‍ജി. ഒരു മൃഗത്ത ആവാസ വ്യവസ്ഥയില്‍ നിന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയോടു ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. മദനിയുടെ ആരോഗ്യനില സംബന്ധിച്ചു വിവരങ്ങള്‍ ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയ്ക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിന്‍ സേവ്യര്‍ എന്നിവരെ മഹാരാഷ്ട്രയില്‍നിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. മുന്നൂറിലേറെ പേരെ കബളിപ്പിച്ചിട്ടുണ്ടെന്നാണു പോലീസ് റിപ്പോര്‍ട്ട്.

പാലായിലെ ബാറില്‍ കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. 22 വയസുകാരായ അനന്തകൃഷ്ണന്‍, അലക്‌സ് പാസ്‌കല്‍ എന്നിവരാണു പിടിയിലായത്. ലഹരിക്കച്ചടം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു.

പെരുമ്പാവൂര്‍ വേങ്ങൂര്‍ മേക്കപ്പാലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കൊടവത്തൊട്ടി വീട്ടില്‍ രാഘവനാണു (66) പരിക്കേറ്റത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൃദ്ധന്‍ പിടിയില്‍. എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് അറസ്റ്റു ചെയ്തത്.

വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഏഴു ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിനു കീഴില്‍ ഉള്‍പ്പെടില്ലെന്ന് ധനമന്ത്രാലയം. ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ സ്രോതസില്‍ നിന്നു ശേഖരിക്കുന്ന നികുതിയായ ടി.സി.എസ് ബാധകമാവില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ നടപടി നാലു മണിക്കൂറിനകം തിരുത്തിയത് കേന്ദ്രമന്ത്രി അമിത് ഷായുടെ ഇടപെടല്‍മൂലം. അറ്റോര്‍ണി ജനറലിന്റെ ഉപദേശമനുസരിച്ചേ മന്ത്രിയെ പുറത്താക്കാവൂവെന്നാണ് അമിത് ഷാ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അറ്റോര്‍ണി ജനറലുമായി സംസാരിച്ച ഗവര്‍ണര്‍ വൈകുന്നേരം ഏഴിന് പുറത്തിറക്കിയ ഉത്തരവ് രാത്രി 11 മണിക്കു പിന്‍വലിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഡല്‍ഹി സര്‍വകലാശാല ശതാബ്ദി ആഘോഷ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേക്ഷണം നിര്‍ബന്ധമായും കാണണമെന്ന് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകള്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വൈസ് ചാന്‍സലറുടെ നിര്‍ദേശാനുസരണമാണ് ലൈവ് സ്ട്രീമിംഗില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചത്. മണിപ്പൂരില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും മോദിക്കെതിരേ പ്രതിഷേധത്തിലാണ്.

ഏക സിവില്‍ കോഡ് ഓഗസ്റ്റ് അഞ്ചിനു നടപ്പാക്കുമെന്ന് വിവാദ ട്വീറ്റുമായി ബിജെപി നേതാവ് കപില്‍ മിശ്ര. രാമക്ഷേത്ര നിര്‍മ്മാണത്തിനു തീരുമാനമെടുത്തത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. ജമ്മു, കാഷ്മീര്‍ പുനസംഘടന തീരുമാനമെടുത്തതും ഓഗസ്റ്റ് അഞ്ചിനാണെന്നും കപില്‍ മിശ്ര പറഞ്ഞു.

അമേരിക്കയില്‍ സര്‍വ്വകലാശാല പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് വംശീയ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന സംവരണം നിര്‍ത്തലാക്കി. യുഎസ് സുപ്രീം കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *