കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരില്‍. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. കുക്കി മേഖലയായ ചുരാന്ദ്പൂരിലാണ് ആദ്യസന്ദര്‍ശനം. മെയ്‌തെയ് അഭയാര്‍ത്ഥി ക്യാമ്പിലേക്കും പോകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്. സാന്ത്വന സന്ദേശവുമായാണ് രാഹുലിന്റെ സന്ദര്‍ശനമെന്ന് എഐസിസി.
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ സ്ഥിതി ഇനിയും മെച്ചപ്പെട്ടില്ല. രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമായില്ല.
എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ പാലാരിവട്ടത്തെ ഏജന്‍സി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരനെ കണ്ടെത്താന്‍ തെരച്ചിലുമായി പോലീസ്. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാള്‍ പൊലീസിന്റെ പിടിയിലായിരുന്നു.
എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യ വ്യാജ പ്രവര്‍ത്തി പരിചയ രേഖയുണ്ടാക്കിയത് സീനിയറായ അപേക്ഷകയെ പിന്തള്ളാനെന്നു പോലീസ്. കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറായിരുന്ന കെ. രസിതയ്ക്കായിരുന്നു. ഉദുമ കോളജിലും ഇരുവരും അഭിമുഖത്തിന് എത്തിയിരുന്നു. തെളിവുകളെല്ലാം നശിപ്പിച്ചതിനാല്‍ കേസ് കോടതിയില്‍ തള്ളിപ്പോകുമെന്നാണു നിയമവിദഗ്ധരുടെ നിലപാട്.
നടി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് മൂന്നു ദിവസമായി നടക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഇന്നു വൈകുന്നേരം നടക്കുന്ന സമാപന പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.
ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏക സിവില്‍ കോഡ് ബഹുസ്വരതക്കു വെല്ലുവിളിയാണ്. ഭരണ ഘടന നല്‍കുന്ന സ്വാതന്ത്രത്തെ ഹനിക്കുന്ന നീക്കങ്ങളില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.
ക്രൈസ്ത ദേവാലയങ്ങളേയും ക്രൈസ്തവരേയും ലക്ഷ്യമിട്ട മണിപ്പൂര്‍ സംഘര്‍ഷം ആസൂത്രിതമായ വംശഹത്യയാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് രാജ്യം ഭരിക്കുന്നവരാണ്. അവര്‍ കലാപത്തിനു കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍കോട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളെ പരിചയപ്പെട്ട് പ്രണയത്തിലായി വിശ്വാസം നേടിയശേഷം കബളിപ്പിച്ച് പണം തട്ടിയകേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സംഷീര്‍ (32) ആണ് കോഴിക്കോട് സൈബര്‍ പോലീസിന്റെ പിടിയിലായത്.
മാവലിക്കരയില്‍ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴുകൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ആത്മഹത്യക്കു ശ്രമിച്ചത് അഭിനയമാണെന്നു നക്ഷത്രയുടെ മുത്തച്ഛനായ ലക്ഷ്മണന്‍. പ്രതിയുടെ മാനസിക നിലയെ സംബന്ധിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.
കാലപ ബാധിതമായ മണിപ്പൂരിലേക്കു പോയ രാഹുല്‍ ഗാന്ധി രാഷ്ട്രീയ അവസരവാദിയാണെന്ന് ബിജെപി. ജനങ്ങളെയോര്‍ത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ മുതലെടുപ്പാണ് സന്ദര്‍ശന ലക്ഷ്യമെന്ന് ബിജെപി വിമര്‍ശിച്ചു.
വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഇന്നു ഡിസ്ചാര്‍ജു ചെയ്യുമെന്ന സഹറണ്‍പൂരിലെ ജില്ലാ ആശുപത്രി അധികൃതര്‍. ചആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ ആറിയിച്ചു.
ഏക സിവില്‍ കോഡിലൂടെ വര്‍ഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പാട്‌നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കി. മണിപ്പൂര്‍ കത്തുമ്പോഴും തിരിഞ്ഞ് നോക്കാത്ത പ്രധാനമന്ത്രിയാണെന്നും കുറ്റപ്പെടുത്തി.
ത്രിപുരയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് ആറു പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റ. കുമാര്‍ഘട്ടില്‍ രഥം വലിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദുരന്തമുണ്ടായത്.
ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇവ കണ്ടെടുത്തത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക രേഖകളില്‍ കൈയെഴുത്തു കുറിപ്പുകള്‍ എഴുതാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉപയോഗിക്കുന്ന പേനയിലെ മഷി മായ്ച്ചാല്‍ മായുന്നവയാണെന്ന് ആരോപണം. ദി ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. മായ്ക്കാവുന്ന മഷിയുള്ള ജപ്പാന്‍ നിര്‍മ്മിത പൈലറ്റ് ഫൗണ്ടന്‍ പേന സുനകിന്റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങളും ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടിരുന്നു.
ലാന്‍ഡിംഗ് ഗിയറുകള്‍ തകരാറിലായതിനാല്‍ നോര്‍ത്ത് കരോലിനയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിംഗ് 717 വിമാനത്തിന്റെ മുന്‍വശം ഭൂമിയിലിടിച്ചു. അറ്റ്‌ലാന്റയില്‍ നിന്ന് പുറപ്പെട്ട ഫ്‌ളൈറ്റ് ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയപ്പോഴാണ് ഗിയറുകള്‍ തകരാറിലാതിനാല്‍ റെണ്‍വേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിന്റെ മുന്‍ഭാഗം നിലത്തിടിച്ചത്. വിമാനത്തില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു.
പാരിസില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ കാറോടിച്ചുപോയ കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊന്നു. പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. വടക്കന്‍ ആഫ്രിക്കന്‍ വംശജനായ എം. നെയില്‍ എന്ന 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പൊലീസ് വെടിവച്ചു കൊന്നത്.
ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ ഒരാള്‍ കോണ്‍സുലേറ്റ് ബില്‍ഡിംഗിനു സമീപം വാഹനം നിര്‍ത്തി കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.