തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേര് പറയണമെന്ന് ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പഴാണ് മോന്‍സണ്‍ ആരോപണം ഉന്നയിച്ചത്. കോടതിയില്‍ നിന്നും കൊണ്ടുപോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൊണ്ടു പോയിട്ടാണു ഭീഷണിപ്പെടുത്തിയത്. മോന്‍സണ്‍ ആരോപിച്ചു.
സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയാണ് എം.വി. ഗോവിന്ദനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും പക്ഷേ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് ഗോവിന്ദന്‍ ഇപ്പോള്‍ കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ക്രിമിനല്‍ കുറ്റമാണെന്നും പോലീസ് കേസെടുക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തെ പോലീസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നു കാണാമെന്നും വേണുഗോപാല്‍.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ വ്യാജ ആരോപണം ഉന്നയിച്ച എംവി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ കേസെടുക്കണെമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രൈംബ്രാഞ്ച് പറഞ്ഞെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്? എംവി ഗോവിന്ദന്‍ സൂപ്പര്‍ ഡിജിപി ആണോയെന്നും സതീശന്‍ ചോദിച്ചു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടുറോഡില്‍ വസ്ത്രമില്ലാതെ നില്‍ക്കുന്നതുപോലെയാണെന്ന് കെ മുരളീധരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റപത്രത്തില്‍ ഇല്ലാത്ത കെട്ടുകഥകളും അശ്ലീല കഥകളും ചമച്ചുണ്ടാക്കുകയാണ് സിപിഎം നേതാക്കളെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുലാണ് (13) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കോട്ടയം വിജയപുരത്ത് രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്‌ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തില്‍ ബലി പെരുന്നാള്‍ വ്യാഴാഴ്ച. അറബിമാസം ദുല്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍.
ഇടുക്കി ജലസംഭരണിയുടെ പത്തു ചെയിനിലെ പട്ടയ നടപടികള്‍ക്കു പണപ്പിരിവു നടത്തിയ സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
മദ്യപിച്ച് വിമാനത്തിനകത്ത് ബഹളംവച്ച കോട്ടയം സ്വദേശി അറസ്റ്റില്‍. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസന്‍ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനം കൊച്ചി റണ്‍വേയിലേക്കിറങ്ങമ്പോള്‍ സീറ്റിലിരിക്കാതെ ബഹളം തുടര്‍ന്നപ്പോള്‍ പൈലറ്റ് പരാതി നല്‍കുകയായിരുന്നു.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കി.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ കണ്ടു. വിവാദ ബികോം സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ കാണിച്ചു.
താന്‍ സിഡാക് കോളജിലെ റെഗുലര്‍ വിദ്യര്‍ത്ഥിയാണെന്ന് കാലിക്കട്ട് യൂണിവേഴ്‌സിറ്റി സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട എംഎസ്എഫ് നേതാവ് അമീന്‍ റാഷിദ്. തച്ചനാട്ടുകര പഞ്ചായത്തില്‍ നേരത്തെ ജോലി ചെയ്തിരുന്നു. പഠിക്കുന്ന സമയത്തും ജോലി ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് വരെയാണ് തച്ചനാട്ടുകരയില്‍ ജോലി ചെയ്തത്. കോളേജില്‍ നിന്ന് അവധി എടുത്തും ഒഴിവു ദിവസങ്ങളിലുമാണ് ജോലി ചെയ്തത്. എസ്എഫ്‌ഐ തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കിഴക്കന്‍ രാജസ്ഥാന് മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ബിപോര്‍ജോയ് മാറി. ദക്ഷിണേന്ത്യയാകെ കാലവര്‍ഷം ശക്തിപ്പെടും. കേരളത്തില്‍ അഞ്ചു ദിവസം ഇടി മിന്നലോടുകൂടിയ മഴക്കു സാധ്യത.
ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി. പോത്തോട്ടം കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിയും വനിതാ ഡോക്ടറും വീണ് പരിക്കേറ്റു. പോത്ത് വാര്‍ഡിനകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്ന് വാതിലുകള്‍ അടച്ചു. അഗ്നിരക്ഷാ സേനയാണ് പോത്തിനെ പിടിച്ചുകെട്ടിയത്.
മാട്ടുപ്പെട്ടി എക്കോപോയിന്റില്‍ പെട്ടിക്കടകള്‍ തകര്‍ത്ത് പടയപ്പ എന്ന കാട്ടാന. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ എത്തിയ കാട്ടാന കടകള്‍ തകര്‍ത്ത് വില്പനക്കു വച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ അകത്താക്കി.
മറയൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി മദന്‍കുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണ് മരിച്ചത്. മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്കു പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടയം പൂവന്‍തുരുത്ത് വ്യവസായ മേഖലയില്‍ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ തലയക്കടിച്ചു കൊന്നു. പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ളാക്കാട്ടൂര്‍ സ്വദേശി ജോസി(55)നെയാണ് കൊന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈയില്‍ 27 വര്‍ഷത്തിനിടെ പെയ്ത റെക്കോര്‍ഡ് മഴയാണ് ഇന്നലത്തേത്. ചെന്നൈയടക്കം പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് മഴ ഭീതിയില്‍ അവധി പ്രഖ്യാപിച്ചു.
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം. പത്തു സംസ്ഥാനങ്ങള്‍ക്ക് നാലു ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം. ഛത്തീസ്ഘഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, കോസ്റ്റല്‍ ആന്ധ്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, കിഴക്കന്‍ മധ്യപ്രദേശ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം.
വിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍. കര്‍ണാടക ശിവമോഗ തീര്‍ത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയെയാണ് അറസ്റ്റ് ചെയ്തത്.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ വിവിധ കേസുകളുമായി ബന്ധമുള്ള ഖലിസ്ഥാനി നേതാവാണ് കൊല്ലപ്പെട്ടത്. ആയുധ ധാരികളായ രണ്ട് പേരാണ് നിജ്ജറെ വെടിവച്ചതെന്നാണ് വിവരം.