റോഡ് കാമറകള്‍ ഒരാഴ്ചയ്ക്കകം പിടികൂടിയത് നാലു ലക്ഷം നിയമലംഘനങ്ങള്‍. പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് പരിവാഹന്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാനായത് വെറും 29,800 കേസുകളാണ്. 18,830 കേസുകള്‍ക്കു മാത്രമാണ് ഇ- ചെലാന്‍ അയക്കാനായത്. കാമറ രേഖപ്പെടുത്തിയ എല്ലാ നിയമലംഘനങ്ങളും വാഹന്‍ പരിവാഹന്‍ സൈറ്റില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല.
ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് തെളിവു ഹാജരാക്കണമെന്ന് ഡല്‍ഹി പോലീസ്. ശ്വാസപരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, അമര്‍ത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവു ചോദിച്ചത്. ഇതേസമയം ബ്രിജ് ഭൂഷണ്‍ തന്റെ മണ്ഡലമായ യുപിയിലെ ഗോണ്ടയില്‍ ഇന്നു ശക്തിപ്രകടന റാലി നടത്തും.
സര്‍ക്കാരിനും എസ്എഫ്‌ഐക്കും എതിരേ അടിസ്ഥാനമില്ലാത്ത പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്നു
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെഎസ്യുവിന്റെ ആരോപണം നിജസ്ഥിതി തേടാതെ തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തതിനെ ഗോവിന്ദന്‍ ന്യായീകരിച്ചു. മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസിനെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞു.
എ, ഐ ഗ്രൂപ്പ് നേതാക്കള്‍ സംയുക്തമായി യോഗം ചേര്‍ന്നതു ശരിയായ നടപടിയല്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സീനിയര്‍ മോസ്റ്റ് നേതാക്കള്‍ പങ്കെടുത്തതും ശരിയായില്ല. ഇത്രയും നാള്‍ സൗഭാഗ്യം അനുഭവിച്ചവരാണ് യോഗം ചേര്‍ന്നത്. അണികള്‍ക്കു ഗ്രൂപ്പിസത്തില്‍ താല്‍പര്യമില്ല. സതീശനെതിരെ ഇരു ഗ്രൂപ്പുകളും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കേ, സതീശനെ പിന്തുണച്ചാണ് സുധാകരന്റെ പരാമര്‍ശം.
കോണ്‍ഗ്രസില്‍ ഒറ്റപ്പെടുത്തി കൂട്ടായ ആക്രമണം പുതിയ സംഭവമല്ലെന്നു കെ. മുരളീധരന്‍ എംപി. തന്റെ അച്ഛന്‍ കെ. കരുണാകരനേയും ഒറ്റതിരിഞ്ഞ് ആക്രമിച്ചിട്ടുണ്ട്. വി.ഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരില്‍ മൂന്നിടത്തു മയക്കുമരുന്നു വേട്ട. ഒല്ലൂരില്‍ എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ നേടിയ താരവുമായ മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30), എന്‍ജിനിയറായ കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിന്‍ (32) എന്നിവരെയാണു പിടികൂടിയത്. ബൈക്കില്‍ ഒന്നര കിലോയോളം കഞ്ചാവ് കടത്തിയ തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി മാളക്കാരന്‍ വീട്ടില്‍ റിക്സന്‍ തോമസ് എക്സൈസിന്റെ പിടിയിലായി. നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ എഴുപതുകാരിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവിയാണ് അറസ്റ്റിലായത്.
ഗുണ്ടാ നിയമപ്രകാരം യുവാവിനെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചിലേറെ കേസുകളില്‍ പ്രതിയായ പരുത്തിയൂര്‍ പള്ളിവിളകം വീട്ടില്‍ അഖിന്‍ (23) ആണ് അറസ്റ്റില്‍ ആയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗസംഖ്യ 24 ല്‍ നിന്ന് 36 ആയി ഉയര്‍ത്തും. പുനസംഘടന ഉടനുണ്ടാകും. ശശി തരൂര്‍, രമേശ് ചെന്നിത്തല എന്നിവരെയും രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റിനേയും ഉള്‍പെടുത്തുന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ എഐസിസി റായ്പൂര്‍ സമ്മേളനം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയിരുന്നു.
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈയില്‍ രാത്രി ഒന്‍പതരയ്ക്ക് വിമാനം ഇറങ്ങിയതിന് പിറകേ വിമാനത്താവളം റോഡിലെ തെരുവു വിളക്കുകള്‍ അണഞ്ഞു. 25 മിനിറ്റിനു ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. അമിത് ഷായെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിച്ചു.
പുതുതായി നിര്‍മിച്ച ബെംഗളൂരു- മൈസൂര്‍ എക്സ്പ്രസ് വേയില്‍ അഞ്ചുമാസത്തിനിടെ 570 അപകടങ്ങളിലായി 55 പേര്‍ മരിച്ചു. 52 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇടിച്ചാണ് പല അപകടങ്ങളും. കാറുകളുടെ ചക്രം പൊട്ടിയും അപകടമുണ്ടായി.
ഒരേസമയം ഒരേ വേദിയില്‍ 2,143 ദമ്പതികള്‍ വിവാഹിതരായി ലോക റിക്കാര്‍ഡിട്ടു. രാജസ്ഥാനിലെ ബാരനിലാണ് സംഭവം ആറുമണിക്കൂര്‍ നീണ്ട വിവാഹാഘോഷത്തിനിടെയാണ് ഒരേ വേദിയില്‍ ഇത്രയും ദമ്പതിമാര്‍ വിവാഹിതരായത്. ശ്രീ മഹാവീര്‍ ഗോശാല കല്യാണ്‍ സന്‍സ്ഥാന്‍ എന്ന രജിസ്റ്റേര്‍ഡ് ട്രസ്റ്റാണ് ഹിന്ദു, മുസ്ലീം വിവാഹങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമൂഹവിവാഹം സംഘടിപ്പിച്ചത്.
ഡല്‍ഹി- നോയിഡ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ 801 കോടി രൂപയുടെ സൂപ്പര്‍ റോഡിന് അനുമതി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആറു കിലോമീറ്റര്‍ ചില്ല എലിവേറ്റഡ് റോഡിനാണ് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരേ ആം ആദ്മി പാര്‍ട്ടി രാംലീല മൈതാനിയില്‍ നടത്തുന്ന മഹാറാലി ഇന്ന്. ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയെ കൈകാര്യം ചെയ്യാന്‍ കേന്ദ്രം പോലീസിനു പുറമേ 12 കമ്പനി പാരാമിലിറ്ററി സേനയേയും ഇറക്കിയിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാവരേയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധിച്ചേ അകത്തേക്കു കടത്തിവിടൂവെന്ന് പോലീസ്.
യന്ത്രത്തകരാര്‍ മൂലം ഡല്‍ഹി – ചെന്നൈ ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍തന്നെ തിരിച്ചിറക്കി. വിമാനത്തില്‍ 230 യാത്രക്കാരുണ്ടായിരുന്നു.
