മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തര ചര്‍ച്ച അനുവദിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബിജെപി അംഗങ്ങള്‍ പ്രതിപക്ഷത്തെ തിരിച്ചടിച്ചു. കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവര്‍ഗ എംഎല്‍എമാര്‍. മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎല്‍എ ഹയോക്കിപ്പ് ആരോപിച്ചു. ഇതേസമയം, മകളെ കൊല്ലുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണെന്ന് ഇംഫാലില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെയും മണിപ്പൂരില്‍ ഒരു സ്ത്രീക്കു വെടിയേറ്റിരുന്നു.
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. 97 താത്കാലിക ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം തീരുമാനം എടുക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പട്ടികയനുസരിച്ച് നാളെ വൈകുന്നേരം നാലു വരെ പ്രവേശനം നനല്‍കുമെങ്കിലും വളരെ കുറച്ചുപേര്‍ക്കേ പ്രവേശനം ലഭിക്കൂ. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്.
ഇന്നു വൈകുന്നേരം നടക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ച പിണറായിയെ വിളിക്കരുതായിരുന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറുന്നുവച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലെന്ന് പോലീസ് കണ്ടെത്തി. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയത്. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വച്ചെടുത്ത എംആര്‍ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കണ്ടിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡിഎംഒയ്ക്കു കൈമാറി.
കാസര്‍കോട് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെ തടഞ്ഞുവച്ച് ആക്രമിച്ച സംഘത്തിലെ മൂന്നു പേരെ അറസ്റ്റു ചെയ്തു. മൂന്നു പെണ്‍കുട്ടികള്‍ അടക്കം ആറു പേരാണ് കാറിലുണ്ടായിരുന്നത്.
മൈസുരു നഞ്ചന്‍ഗുഡില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകന്‍ അബ്ദുള്‍ നാസര്‍ (46), നാസറിന്റെ മകന്‍ നഹാസ് (14) എന്നിവരാണ് മരിച്ചത്.
തൃശൂരില്‍ വയോധികരായ ദമ്പതികളെ ചെറുമകന്‍ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂര്‍ സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളികളുള്ള ചെറുമകന്‍ അക്മലിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്കു കൊണ്ടുവന്നത്.
ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍ കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) താമസസ്ഥലത്ത് രക്തം ഛര്‍ദിച്ചു മരിച്ചു. ചെറുതോണി പാറേമാവില്‍ വാടക വീട്ടിലാണ് മരിച്ചത്.
തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ഖാനെതിരേ ആസിഡാക്രമണം നടത്തിയ കേസില്‍ പ്രതിക്കായുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. സുഹൃത്തായ സജിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
റാന്നി മോതിരവയലില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവും സഹോദരനും പിടിയില്‍. വേങ്ങത്തടത്തില്‍ ജോബിന്‍ (36) ആണ് മരിച്ചത്. രാത്രി പിതാവിനും സഹോദരനുമൊപ്പം ഇയാള്‍ മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയതാണെന്നു സംശയം.
യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഫര്‍ണിച്ചര്‍ ജോലിക്കാരനായ വിജയരാജിന്റെ കൈ വെട്ടിയത്.
തൃശൂര്‍ വാഴക്കോട്ട് ആനയെ കൊന്ന് കൊമ്പെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ഈച്ച ജോണി എന്നറിയപ്പെടുന്നയാളാണ് പിടിയിലായത്. ആനയെ കുഴിച്ചിടാനെത്തിയ സംഘത്തിലെ അംഗമായിരുന്നു ജോണി. കേസില്‍ ഇതുവരെ അഞ്ചു പേര്‍ പിടിയിലായി.
ഡിജെ പാര്‍ട്ടിയിലേക്കു പ്രവേശനം നിഷേധിച്ചതിന് അക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശികളായ നിതിന്‍ ബാബു (22), സിജോ ജയിംസ് (22) എന്നിവരാണ് പിടിയിലായത്.
സ്ത്രീകള്‍ക്കെതിരായ അക്രമത്തിനെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തില്‍ വിവേചനമെന്ന് ബിജെപി എംപിമാര്‍. മണിപ്പൂരിലേപ്പോലെ രാജസ്ഥാനിലും ബംഗാളിലും അതിക്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ പ്രതിപക്ഷം ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജൂംദാര്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി 11 കോടി ശുചിമുറികളുണ്ടാക്കിയെന്നും സ്ത്രീസുരക്ഷ ഏതു സംസ്ഥാനത്തായാലും പരമ പ്രധാനമെന്നും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എംപി പറഞ്ഞു.
ജ്ഞാന്‍വാപി മസ്ജിദിലെ സര്‍വേ ബുധനാഴ്ച വൈകുന്നേരം അഞ്ചുവരെ നിര്‍ത്തിവയ്ക്കണമെന്നു സുപ്രീംകോടതി. സര്‍വേക്ക് ഉത്തരവിട്ട വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അപ്പീല്‍ ഉടനടി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്കും നിര്‍ദ്ദേശമുണ്ട്.
ഭാര്യയെയും സഹോദര പുത്രനെയും വെടിവച്ചു കൊന്ന് പൊലീസ് സൂപ്രണ്ട് ജീനവനൊടുക്കി. മഹാരാഷ്ട്രയിലെ പുനെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. അമരാവതിയിലെ എസിപിയായ ഭരത് ഗെയ്ക്വാദ് (54) ആണ് ഭാര്യ മോനി (44), സഹോദര പുത്രന്‍ ദീപക്ക് (35) എന്നിവരെ കൊന്നശേഷം വെടിവച്ച് ആത്മഹത്യ ചെയ്തത്.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനില്‍. രാജസ്ഥാനിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖവയില്‍ എത്തിയത്.