mid day hd 1

 

സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ നല്‍കിയ സ്വകാര്യ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനോട് അതൃപ്തി അറിയിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാനാവില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കും. രാഷ്ട്രീയ കക്ഷികളുടേയുംം വിവിധ സമുദായങ്ങളടേയും നേതാക്കളുമായി കൂടിയാലോചിച്ച് പ്രക്ഷോഭം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത. ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്നും ജാഗ്രത നിര്‍ദേശം. രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ബാഗില്‍ വ്യാജ ലഹരിമരുന്ന് വച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ലഹരി മരുന്ന് സംബന്ധിച്ച വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോളില്‍ നിന്നായിരുന്നെന്ന് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന സതീശന്‍ മൊഴി നല്‍കി. സംശയമുള്ള ബന്ധുവിന്റെ പേര് ഷീല വെളിപ്പെടുത്തിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗനിച്ചിരുന്നില്ല.

ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതിനു ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി വി.സി. ലെനിനാണ് പിടിയിലായത്. കാട്ടിറച്ചിയുമായി ആദിവാസി യുവാവ് സരുണ്‍ സജി എന്ന 24 കാരനെ കള്ളക്കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്.

കേരള ലോട്ടറിയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. ഓണ്‍ലൈന്‍ വഴിയാണു തട്ടിപ്പ്. കേരള മെഗാ ലോട്ടറി എന്ന വെബ് സൈറ്റിലൂടെ വ്യാജ ടിക്കറ്റ് വില്‍പന നടക്കുന്നു. കേരളത്തിനു പുറത്തുള്ളവരെയാണ് ഇങ്ങനെ കബളിപ്പിക്കുന്നത്. ടിക്കറ്റ് വില്‍പന ഇനത്തിലൂടെ മാത്രമല്ല, സമ്മാനത്തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ ടാക്‌സ് അടക്കമുള്ള തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പണം തട്ടിയെടുക്കുന്നുമുണ്ടെന്നാണു റിപ്പോര്‍ട്ട്.

പത്തനംതിട്ട നഗരത്തില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. നിരവധി തവണ കരാര്‍ കാലാവധി നീട്ടിക്കൊടുത്തിട്ടും പണി പൂര്‍ത്തിയാക്കാത്തതാണു കരാറുകാരനെ ഒഴിവാക്കാന്‍ കാരണം. പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ നഗരത്തിലെ റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തൊണ്ടി മുതല്‍ കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്‌ഐ ആര്‍ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

പത്തനംതിട്ട സീതത്തോട്ടില്‍നിന്ന് അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ തിരികെ ഉള്‍വനത്തിലേക്കു തുറന്നുവിട്ടു. കൈയില്‍ പരിക്കും കനെയ്ന്‍ ഡിസ്റ്റംപര്‍ എന്ന അസുഖവും ബാധിച്ച എട്ടുമാസം പ്രായമായ പെണ്‍പുലിയെ വെള്ളിയാഴ്ച രാവിലെയാണ് കൊച്ചുകോയിക്കല്‍ സ്റ്റേഷനിലെ വനപാലകര്‍ കണ്ടെത്തിയത്. ചികില്‍സ നല്‍കി ഭേദമാക്കിയശേഷമാണ് വിട്ടയച്ചത്.

മദ്യവില്‍പനയക്ക് അവധിയുള്ള ദിവസങ്ങള്‍ അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്ന വിമുക്ത ഭടനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 17 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പത്തനംതിട്ട തലയാര്‍ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഇ.എസ്. പത്മകുമാര്‍ തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങള്‍ക്കും ബഹിരാകാശ പേടക പരിപാടികള്‍ക്കുമുള്ള മെക്കാനിക്കല്‍ ഗൈറോകളും ഒപ്റ്റിക്കല്‍ ഗൈറോകളും അടിസ്ഥാനമാക്കിയുള്ള ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റങ്ങള്‍, ആറ്റിറ്റിയൂഡ് റഫറന്‍സ് സിസ്റ്റങ്ങള്‍, ആക്‌സിലറോമീറ്റര്‍ പാക്കേജുകള്‍ എന്നീവയുടെ രൂപകല്‍പനയും വികസനവും ഗഗന്‍യാനില്‍ ആദ്യ സഞ്ചരിയാകുന്ന വ്യോമിത്ര റോബോട്ടിന്റെ വികസനവും ഈ കേന്ദ്രത്തിലാണ്.

ക്രിസ്തു മതവിശ്വാസികള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയതിന് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണനെതിരെ കന്യാകുമാരി പൊലീസ് കേസെടുത്തു. ട്വിറ്ററിലായിരുന്നു കനല്‍ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്.

മദ്യപിച്ച് വീട്ടുകാരെ തല്ലിച്ചതച്ച മകനെ മരത്തില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന പിതാവ് അറസ്റ്റിലായി. ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീപമുള്ള വണിഗരഹള്ളിയിലാണ് സംഭവം. മുപ്പതുകാരനായ ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ജയരാമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ ഓടിച്ചുപോയ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം തുടരുന്നു. പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതുവരെ 1300 പേര്‍ അറസ്റ്റിലായെന്നു പൊലീസ് അറിയിച്ചു. കൊള്ളയും തീവയ്പും തുടരുകയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *