കോട്ടയം ലോക്‌സഭാ സീറ്റില്‍ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ വെട്ടാന്‍ കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫിനെ ഇറക്കാന്‍ യുഡിഎഫ്. കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍നിന്നു മാറി കോട്ടയത്ത് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരിക്കേയാണ് കോരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് ഗ്രൂപ്പ് മരുമകന്‍ ജോസഫിനെ കളത്തിലിറക്കുന്നത്. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ് എം പി ജോസഫ്. ദീര്‍ഘകാലം ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്തേക്കു മാറ്റുന്നതു ഗുണമാകില്ലെന്നു കരുതുന്നവര്‍ എല്‍ഡിഎഫില്‍തന്നെയുണ്ട്.
ന്യൂഡല്‍ഹി കര്‍ത്തവ്യപഥില്‍ വിവിധ സേനാവിഭാഗങ്ങളിലെ വനിതാ ശക്തി പ്രകടമാക്കിയ പ്രൗഡഗംഭീരമായ പരേഡുകളോടെ രാജ്യം എഴുപത്തഞ്ചാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും കര്‍ത്തവ്യപഥില്‍ സന്നിഹിതരായിരുന്നു. രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. പരഡില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും വനിതകളാണ്. 90 അംഗ ഫ്രഞ്ചു സേനയും പരേഡില്‍ പങ്കെടുത്തു. യുദ്ധവിമാനങ്ങളും മിസൈലുകളും സാംസ്‌കാരിക തനിമ വിളംബരം ചെയ്യുന്ന 26 ഫ്‌ളോട്ടുകളും പരേഡിനു പിറകേ നിരന്നു.
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. ഗവര്‍ണറും മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ റിപ്പബ്ലിക് ദിന പരിപാടികളില്‍ മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരേ കുത്തുവാക്കുകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്‌ളിക് ദിന പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര നാളെ കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. ‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. 12 നു തിരുവനന്തപുരത്ത് എത്തുന്ന യാത്ര ഫെബ്രുവരി 27 ന് പാലക്കാടാണ് സമാപിക്കുക.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഒഴികെ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും മത്സരിക്കുമെന്നു കെ.മുരളീധരന്‍. വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധിയാണ് മത്സരിക്കുക. ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണ്. അവരെ തളര്‍ത്തേണ്ടതില്ല. വടകരയില്‍ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെയെന്നും കെ.മുരളീധരന്‍ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്‌യു, ഫ്രറ്റേണിറ്റി, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി. കഴിഞ്ഞ 15 മുതല്‍ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് എട്ടു കേസെടുത്തിട്ടുണ്ട്.
സ്വത്തു തര്‍ക്കം തീര്‍ക്കാന്‍ വിളിപ്പിച്ചതനുസരിച്ച് എത്തിയ കുടുംബാംഗങ്ങളായ വനിതകള്‍ പോലീസ് സ്റ്റേഷനില്‍ കൂട്ടത്തല്ലു നടത്തി. താമരശേരി പൊലീസ് സ്‌റ്റേഷനിലാണു സംഭവം. സ്‌റ്റേഷനിലെത്തിയ രണ്ടു സ്ത്രീകള്‍ തമ്മിലാണ് അടിപിടിയുണ്ടാക്കിയത്. വൈത്തിരി പനച്ചിക്കല്‍ ഹൗസില്‍ മൊയ്തീന്റെ ഭാര്യ കെ.സി. ഹാജറ (50), അടിവാരം വേളാട്ടുകുഴി ഹൗസില്‍ അബൂബക്കറിന്റെ ഭാര്യ നസീറയും (36) എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനു വേണ്ടത്ര ഫണ്ട് പിരിച്ചു കൊടുത്തില്ലെന്ന് ആരോപിച്ച് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ പിരിച്ചു വിട്ടത്.
ബൈക്കപകടത്തില്‍ മരിച്ച വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന് സഹപ്രവര്‍ത്തകരും സേനാ വിഭാഗങ്ങളും നാട്ടുകാരും വികാരനിര്‍ഭരമായ അന്ത്യോപചാരമര്‍പ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കോളനിയില്‍ ആരോഗ്യത്തിന്റെയും പൊന്നമ്മയുടെയും മകനും കോസ്റ്റല്‍ വാര്‍ഡനുമായ ഡയോണി (25 )നാണ് നാട്ടുകാരും സഹപ്രവര്‍ത്തകരുമടങ്ങുന്ന വന്‍ ജനാവലി വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കിയത്.
ആലപ്പുഴയില്‍ കളക്ടറേറ്റ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റു ഗുരുതരാവസ്ഥയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ രഞ്ജിത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. രണ്ട് മാസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വായ്പയെടുത്ത് മേഘ തുടങ്ങിയ സംരംഭത്തിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്.
തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കാറുണ്ടെന്നു പൊലീസ് പറയുന്നു.
കാസര്‍കോട് കളക്കരയില്‍ പിക്കപ്പും ബോര്‍വെല്‍ ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവര്‍ കൊട്ടോടി കള്ളാര്‍ സ്വദേശി ജിജോ ജോസഫ് (29) മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോര്‍വെല്‍ ലോറി വീഴുകയായിരുന്നു.
ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മാനസികാരോഗ്യ വിദഗ്ധന് ഒരു വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചത്.
എന്‍ഡിഎയിലേക്കു പോകാനൊരുങ്ങുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ലാലു പ്രസാദ് യാദവിന്റെ ശ്രമം. സഖ്യത്തിനില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മമതയുമായി സംസാരിച്ചു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മമതയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വീട്ടുജോലിക്കാരിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡിഎംകെ എംഎല്‍എയുടെ മകനും മരുകളും അറസ്റ്റിലായി. ആന്റോ മണിവാണന്‍, ഭാര്യ മെര്‍ലിന്‍ എന്നിവരെ ആന്ധ്രയില്‍നിന്നാണ് പിടികൂടിയത്.