ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിന്റെ വാദം കൂടി തിങ്കളാഴ്ച കേട്ടശേഷം ശിക്ഷ വിധിക്കും. ഒന്ന്ുമുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.
എറണാകുളത്തെ സിപിഐ നേതാവ് പി രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിച്ചെന്ന് പരാതി. പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ചെന്ന് ആരോപിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണു പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.
കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം എയറിലായി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വി കെ പ്രശാന്ത് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും തള്ളി. ഇലക്ട്രിക് ബസുകള്‍ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് സിപിഎം നേതാക്കള്‍ മുന്നോട്ടുവച്ചത്. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് ബുധനാഴ്ച മന്ത്രിക്കു നല്‍കും.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. പുലര്‍ച്ചെ 4.40 ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്‌ഫോമിലേക്ക് എത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.
ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 10.35 കോടി രൂപയുടെ (10,35,55,025 രൂപ) വര്‍ധന. അരവണ വില്‍പനയിലൂടെ 146.99 കോടി രൂപയും അപ്പം വില്‍പനയിലൂടെ 17.64 കോടി രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. 10 കോടിയെങ്കിലും ഉണ്ടാകും. 50 ലക്ഷം ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ 44 ലക്ഷം പേരാണു ശബരിമലയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ സിന്‍ഡിക്കേറ്റിലേക്കു റെനി സെബാസ്റ്റ്യനെ നിയമിച്ചതിരേ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കു പരാതി നല്‍കി. വീണ വിജയന് മാസപ്പടി നല്‍കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണു റെനിയെന്നാണ് ആരോപണം. എന്നാല്‍, കുസാറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ റെനിയെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിനിധി എന്ന നിലയിലാണ് നിയമിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തൃശൂര്‍ നഗരത്തില്‍ 150 ബസ് ഷെല്‍റ്ററുകള്‍ ഒരുക്കുന്നു. ആദ്യഘട്ടമായി ഏഴെണ്ണം സ്വരാജ് റൗണ്ടില്‍ തുറക്കും. പരസ്യ വരുമാനവും കിട്ടുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. പരസ്യ വരുമാനത്തില്‍ തട്ടിപ്പു നടത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നു പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ ഭര്‍തൃപിതാവ് പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് തഹ്ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മക്കളുണ്ട്.
രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ 2019 ല്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എസ്എ ബോബ്ഡെ, ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ബെഞ്ചില്‍ അംഗമായിരുന്നു. ഒമ്പത് മുന്‍ സിജെഐമാരും ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ 50-ലധികം നിയമജ്ഞരം ക്ഷണിച്ചിട്ടുണ്ട്.
ശ്രീരാമമന്ദിര്‍ പ്രസാദം എന്ന പേരില്‍ മധുരപലഹാരങ്ങള്‍ വിറ്റതിന് ആമസോണിനെതിരെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നോട്ടീസ് അയച്ചു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ സംബന്ധിച്ചു പാര്‍ട്ടി നിലപാടില്‍ വിയോജിപ്പു പ്രകടിപ്പിച്ച് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ദ എംഎല്‍എ സ്ഥാനം രാജിവച്ചു. വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ അദ്ദേഹം സ്പീക്കര്‍ ശങ്കര്‍ ചൗധരിക്കു രാജിക്കത്തു നല്‍കി.
കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്കിടെ സിഇഒ മുകളില്‍നിന്ന് ഇരുമ്പുകൂടില്‍ സ്റ്റേജിലേക്കിറങ്ങവേ കയര്‍ പൊട്ടിവീണ് മരിച്ചു. അമേരിക്കന്‍ കമ്പനിയായ വിസ്ടെക്സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സഞ്ജയ് ഷാ (56)ആണ് മരിച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അപകടത്തില്‍ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജ് ദത്തിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നൈറ്റ് ക്ലബ്ബില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാലു വര്‍ഷം തടവും ആറു തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. വിദ്യാര്‍ത്ഥി വിസയില്‍ സംഗപ്പൂരിലെത്തിയ 25 വയസുകാരനായ എരുഗുല ഈശ്വര റെഡ്ഡി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.