mid day hd 18

 

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കമ്പനിയുടെ പേരിലല്ലാതെ, വ്യക്തിപരമായി സിഎംആര്‍എല്ലില്‍നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് കൈപ്പറ്റിയതിനെ ചോദ്യം ചെയ്ത് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. വീണയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ കണ്ടെത്തല്‍. അതേസമയം, ആര്‍ഒസിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.

ജാമ്യം ലഭിച്ചു പൂജപ്പുര ജയിലില്‍നിന്നു പുറത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാക്കൂട്ടത്തിലുമായി ആഹ്ലാദ പ്രകടനം നടത്തിയതിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്. 13 പേരുള്ള പ്രതിപ്പട്ടികയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാം പ്രതിയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസമുണ്ടാക്കിയെന്നും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചെന്നുമാണ് ആരോപണം.

സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രമണ്യം ആരോപിച്ചെന്നു റിപ്പോര്‍ട്ട്. 2014 ല്‍ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തിയെന്നു ഒരു സെമിനാറിലാണ് സുബ്രഹ്‌മണ്യം വെളിപെടുത്തിയതെന്ന് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് എന്ന മാധ്യമ കൂട്ടായ്മയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യ കമ്മീഷന്‍ വിസമ്മതിച്ചതോടെ സര്‍ക്കാരിന് ബജറ്റ് 48 മണിക്കൂര്‍ കൊണ്ട് മാറ്റേണ്ടി വന്നെന്നാണ് വെളിപ്പെടുത്തല്‍.

തിരുവനന്തപുരം കണിയാപുരം ജംഗ്ഷനില്‍ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കണമെന്ന് മന്ത്രി ജി. ആര്‍ അനിലും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയും കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി ഏഴിനു ഡല്‍ഹിയില്‍ ഇരുവരും കേന്ദ്രമന്ത്രിയെ കാണും. ദേശീയപാത 66 ല്‍ 45 മീറ്ററില്‍ നിര്‍മ്മിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റര്‍ വീതിയില്‍ ഇരുവശവും കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. ഇതുമൂലം കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കപ്പെടും. ഇതു പരിഹരിക്കാനാണ് എലിവേറ്റഡ് കോറിഡോര്‍ ആവശ്യപ്പെടുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിനു വിദഗ്ധ സമിതിയെക്കൊണ്ടു സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താനുള്ള അവകാശം തമിഴ്‌നാടിനാണെന്നാണ് അവകാശവാദം.

ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലീസിന്റെ മര്‍ദനമേറ്റു ചികിത്സയിലുള്ളവരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്രവീണ്‍, മേഘ്ന രഞ്ജിത്ത് തുടങ്ങിയവരെയാണ് സതീശന്‍ സന്ദര്‍ശിച്ചത്. എല്ലാ കാലവും ഏകാധിപതി അധികാരത്തിലുണ്ടാകില്ലെന്നും രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഉദ്യോഗസ്ഥര്‍ അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശൂര്‍ ലോക്‌സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തൃശൂരിലെ സിപിഐയുടെ സീറ്റില്‍ സിപിഎം വോട്ടു മറിക്കാന്‍ സാധ്യതയുണ്ട്. മോദിക്കു മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞെന്നും കെ മുരളീധരന്‍ പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി സ്ഥിരപ്പെടുത്തി. ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടു പരിഗണിച്ചാണ് കോടതിയുടെ നടപടി.

മഹാരാജാസ് കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ അറസ്റ്റില്‍. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂര്‍ സ്വദേശിയായ ഇജിലാല്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിലെ പ്രതികള്‍ ഒളിവിലാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

കോഴിക്കോട്ടെ ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാര്യയെ പ്രതിയാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ടി സിദ്ധിഖ് എംഎല്‍എ. 2023 ലെ നിക്ഷേപത്തിന്റെ പേരിലുള്ള പരാതിയിലാണു 2022 ല്‍ രാജിവച്ച ഭാര്യക്കെതിരേ കേസെടുത്തതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് കൊണ്ടുവന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ട ടഗ്ഗുകളില്‍നിന്നും ബാര്‍ജുകളില്‍ നിന്നും രണ്ടായിരം ഡീസല്‍ ഊറ്റിയ സംഘത്തിലെ നാലു പേര്‍ പിടിയില്‍. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ഡീസല്‍ കരയില്‍ എത്തിച്ച ഫൈബര്‍ ബോട്ടും കടത്താന്‍ ശ്രമിച്ച പിക്കപ്പ് വാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ദിലീപ് (32), റോബിന്‍ (37), ശ്യാം (24), ഷിജിന്‍ (21 ) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.

ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശം തെറ്റാണെന്ന് വി.കെ പ്രശാന്ത് എംഎല്‍എ. തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയതാണെന്നും ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇതിനെ ലാഭകരമാക്കുകയാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടതെന്ന് വികെ പ്രശാന്ത് പറഞ്ഞു.

ശബരിമല മകരവിളക്കിനോടനുബന്ധിച്ചു നടത്തിയ സര്‍വ്വീസ് വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിന്‍ സര്‍വ്വീസുകളും 34,000 ദീര്‍ഘദൂര സര്‍വ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്തത്.

കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്ന സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണു നടപടി.

അതിരപ്പിള്ളി ആനമല മലക്കപ്പാറ റോഡ് നിര്‍മാണത്തിനു ലോറിയില്‍നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സിനാറുല്‍ ഇസ്ലാമാണ് മരിച്ചത്.

ജല്ലിക്കെട്ട് മത്സരത്തിന് എത്തിച്ച കാളയെക്കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച യുട്യൂബര്‍ രഘുവിനെതിരെ കേസ്. സേലം കഴിഞ്ഞ ഡിസംബര്‍ 22 ന് അപ്ലോഡ് ചെയ്ത വീഡിയോ വൈറലായതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്‍ത്തകന്‍ അരുണ്‍ പ്രസന്ന നല്‍കിയ പരാതിയിലാണ് കേസ്.

ചണ്ഡീഗഢില്‍ ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ചണ്ഡീഗഡിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങിലാണ് പ്രവര്‍ത്തകരെ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്.

ആന്ധ്രയില്‍ സമഗ്ര ജാതി സെന്‍സസ് ഇന്ന് ആരംഭിക്കുമെന്ന് ജഗന്‍മോഹന്‍ സര്‍ക്കാര്‍. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടക്കാനിരിക്കേയാണ് ആന്ധ്രയില്‍ ജാതി സെന്‍സസ് നടത്തുന്നത്.

വീട്ടുജോലിക്കാരിയായ 18 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനുള്ള പരിശീലന കോഴ്‌സില്‍ ചേരാന്‍ പണം കണ്ടെത്താനാണു ജോലി ചെയ്തത്. ശരീരത്തില്‍ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അടയാളങ്ങളും ഉണ്ടെന്നാണ് ആരോപണം.

രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ ആസാമിലാണെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അഴിമതിയുടേയും വിദ്വേഷത്തിന്റെ മുടിചൂടാ മന്നനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആസാമിന്റെ തലസ്ഥാനമായ ഗോഹട്ടിയിലേക്കു രാഹുലിന്റെ മാര്‍ച്ച് പ്രവേശിപ്പിക്കില്ലെന്നു കഴിഞ്ഞ ദിവസം ആസാം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മാലിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ഉഗാണ്ടയില്‍ ചര്‍ച്ച ചെയ്തു. ചേരിചേരാ രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുവേയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാലി വിദേശകാര്യ മന്ത്രി മൂസ സമീറുമായി ചര്‍ച്ച ചെയ്തത്.

സമുദ്രത്തിനടിയില്‍ ആണവ ആക്രമണ ഡ്രോണ്‍ പരീക്ഷിച്ചെന്ന് ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും നടത്തിയ സംയുക്ത നാവികാഭ്യാസം നടത്തിയതിനു പിറകേയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനുമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി.

ലൈംഗികാനന്ദം ദൈവത്തിന്റെ വരദാനമാണെന്നും കുടുംബങ്ങളുടെ കെട്ടുറപ്പിന് അത് ആവശ്യവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പക്ഷെ അച്ചടക്കവും ക്ഷമയും വേണം. എന്നാല്‍ ലൈംഗിക വീഡിയോകള്‍ വലിയ അപകടമുണ്ടാക്കും. വത്തിക്കാനില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *