mid day hd 21

 

ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍സാദിഖിനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ. കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ ആരോപിച്ചു.

കരുനാഗപ്പള്ളി ലഹരികടത്തു കേസില്‍ തനിക്കെതിരേ മുന്‍മന്ത്രി ജി. സുധാകരന്‍, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ എന്നിവര്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണ വിധേയനായ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎമ്മുകാരനുമായ എ ഷാനവാസ്. ആരോപണം ഉന്നയിച്ചുള്ള കത്ത് സംസ്ഥാന നേതൃത്വത്തിന്
പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡു ചെയ്ത ഷാനവാസ് അയച്ചു. മന്ത്രി സജി ചെറിയാന്‍ പക്ഷക്കാരനാണ് ഷാനവാസ്.

ബസ് സര്‍വീസ് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. എറണാകുളം വൈപ്പിനില്‍ മന്ത്രി പങ്കെടുത്ത പരിപാടിക്കിടെയാണ് കരിങ്കൊടി പ്രതിഷേധം. വൈപ്പിനില്‍നിന്നു നഗരത്തിലേക്കു നേരിട്ടുള്ള ബസ് സര്‍വീസുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി സമരം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വേദിക്കു സമീപം യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം. രണ്ടു ദിവസത്തിനകം ശക്തി പ്രാപിക്കുന്ന ന്യുന മര്‍ദ്ദം ഈ മാസാവസാനത്തോടെ ശ്രീലങ്ക തീരത്തേക്കു നീങ്ങും. ഈ മാസാവസാനവും ഫെബ്രുവരി ആദ്യ ദിവസങ്ങളിലും തെക്കന്‍ കേരളത്തില്‍ മഴക്കു സാധ്യത.

ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മക്കളിലൊരാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായതിന് മാതാപിതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നത് എന്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. പതിനായിരകണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യുന്നത്. കോടതി വിധി നടപ്പാക്കുന്നതില്‍പോലും പക്ഷപാതിത്വമാണ്. പി.കെ. ഫിറോസിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ കാട്ടൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.

ഇടുക്കി ബിഎല്‍ റാമില്‍ കാട്ടാന വീട് തകര്‍ത്തു. കുന്നത്ത് ബെന്നിയുടെ വീടാണ് തകര്‍ന്നത്. വെളുപ്പിന് രണ്ടു മണിക്കായിരുന്നു ഒറ്റയാന്റെ ആക്രമണം. ബെന്നിയും ഭാര്യയും അദ്ഭുതകരമായാണ് രക്ഷപെട്ടത്.

കരസേനയില്‍ വനിതാ ഉദ്യോഗസ്ഥര്‍ കമാന്‍ഡിംഗ് ഓഫീസര്‍ പദവിയിലേക്ക്. 1992- 2006 ബാച്ചിലെ നിലവില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥരെയാണ് കേണല്‍ റാങ്കിലേക്കായി പരിഗണിക്കുന്നത്. ഇതില്‍ 108 പേരുടെ പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ജഡ്ജ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എഡ്യുക്കേഷന്‍ കോപ്സ് എന്നീ രണ്ടു ബ്രാഞ്ചുകളില്‍ മാത്രമാണ് വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷനും കേണല്‍ റാങ്കും നല്‍കിയിരുന്നത്.

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് ഡല്‍ഹിയില്‍. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കലഹിക്കാത്ത ഗവര്‍ണര്‍ക്കെതിരെ ബംഗാള്‍ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോടു പരാതിപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ സഹകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുന്ന ഗവര്‍ണറോട് മമതാ സര്‍ക്കാരുമായി കലഹിക്കണമെന്നു ആവശ്യപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

മൈസൂരുവിലെ ആളെക്കൊല്ലി പുലിയെ കെണിവച്ചു പിടിച്ചു. ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിലാണ് പുലിയെ വനംവകുപ്പ് പിടിച്ചത്. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ പുലി കൊന്നത്. പുലിപ്പേടി മൂലം രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. പുലിയെ നിരീക്ഷിക്കാന്‍ 40 ഇന്‍ഫ്രാറെഡ്, തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പടെ 158 പേരാണു പുലിയെ നിരീക്ഷിച്ചിരുന്നത്.

അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഷിക്കാഗോ പ്രസിംഗ്ടണ്‍ പാര്‍ക്കിലാണ് ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ നന്ദപ്പു ഡിവാന്‍ഷ (23) കൊല്ലപ്പെട്ടത്. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി പത്തു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. വെടിവയ്പില്‍ ഹൈദരബാദ് സ്വദേശിയായ കൊപ്പള സായ്‌സരണ്‍ എന്ന വിദ്യാര്‍ത്ഥിക്കും വെടിയേറ്റു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *