ജഡ്ജിക്കു നല്‍കാനെന്ന വ്യാജേന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കോഴ വാങ്ങിയെന്നു റിപ്പര്‍ട്ട്. മൂന്ന് ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരിലാണു സിനിമാ നിര്‍മാതാവില്‍നിന്ന് സൈബി പണം കൈപ്പറ്റിയതെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ജഡ്ജിക്കുമാത്രം 50 ലക്ഷം രൂപ നല്‍കണമെന്നാണ് സെബി നിര്‍മാതാവിനോടു പറഞ്ഞ് തുക വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചു.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്നു വൈകുന്നേരം സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചെന്നാണ് രണ്ടാംഭാഗത്തില്‍ വിവരിക്കുന്നത്. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി.
നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ മുതല്‍. നടി മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചിട്ടില്ല.
യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്ക് പുനര്‍നിയമനം ലഭിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീം കോടതിയില്‍. യുജിസി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സിലറായി നിയമിച്ചത്. പുനര്‍ നിയമനത്തിന് വീണ്ടും അതേ നടപടികള്‍ പാലിക്കേണ്ടതില്ലെന്നും അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകള്‍. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രര്‍ശിപ്പിക്കുമെന്ന് അറിയിച്ചു. ഇന്ന് വൈകീട്ട് ആറിനു പൂജപ്പുരയില്‍ പ്രദര്‍ശനം നടത്തും.
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്ത്. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
മാധ്യമ വിലക്കുകൊണ്ട് വംശഹത്യ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സിപിഎം സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.
എക്‌സ്‌റേ മെഷീനിലെ ഉപകരണം വീണു രോഗിയുടെ നടുവൊടിഞ്ഞ സംഭവത്തില്‍ ന്യായീകരണവുമായി ചിറയിന്‍കീഴ് ആശുപത്രി സൂപ്രണ്ട്. അര കിലോ തൂക്കമുള്ള ഉപകരണം വീണതു കൊണ്ട് നട്ടെല്ലിന് പൊട്ടലുണ്ടാകില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാറിന്റെ അവകാശവാദം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കു കണ്ണൂരില്‍ കണ്ടുവച്ച ഭൂമി റെയില്‍വെ പാട്ടത്തിനു നല്‍കിയ നടപടിക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. എല്ലാ വിഭാഗം ബഹുജനങ്ങളെയും സമരത്തില്‍ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പല്‍ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഅവകാശപ്പെട്ടു. ആദ്യ കപ്പല്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് എത്തുക. തുറമുഖം പൂര്‍ണ സജ്ജമാകണമെങ്കില്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60 ശതമാനം പണി പൂര്‍ത്തിയായെന്നും മന്ത്രി അവകാശപ്പെട്ടു.
ആറ്റിങ്ങലില്‍ 200 കിലോ കഞ്ചാവ് പിടിച്ച കേസില്‍ മൂന്നു പ്രതികള്‍ക്കു ജാമ്യം. 180 ദിവസത്തിനകം പൊലീസ് കുറ്റപത്രം നല്‍കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചക്കെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥയാണു ലംഘിച്ചത്.
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് ശങ്കര്‍ മോഹനെതിരെ ജാതിവിവേചന ആരോപണം ഉന്നയിച്ചു സമരമുക്കാക്കിയതെന്ന് രാജിവച്ച അധ്യാപകന്‍ നന്ദകുമാര്‍ തോട്ടത്തില്‍. സ്ഥാപനത്തിലെ അധ്യാപകരില്‍ ചിലരും ഒരു വിഭാഗം വിദ്യാര്‍ഥികളുമായിരുന്നു നീക്കത്തിന് പിന്നിലെന്നും നന്ദകുമാര്‍ തോട്ടത്തില്‍.
കല്‍പ്പറ്റ നഗരത്തില്‍ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. കല്‍പ്പറ്റ റാട്ടക്കൊല്ലി പാടിയില്‍ താമസിക്കുന്ന ജിജിമോന്‍ (പാപ്പന്‍-44) ആണ് മരിച്ചത്.
വെള്ളക്കാര്‍ പറയുന്നതാണ് ഇപ്പോഴും ചിലര്‍ക്ക് വലിയ കാര്യമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇന്ത്യയെക്കുറിച്ചുള്ള വെള്ളക്കാരുടെ നിലപാടാണ് അന്തിമമെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഇവിടുത്തെ സുപ്രീം കോടതിയും ജനങ്ങളുമൊന്നും അവര്‍ക്ക് വിഷയമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ചാണകം ഉപയോഗിച്ച് വീട് നിര്‍മിച്ചാല്‍ ആണവ വികിരണത്തില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്ന് ഗുജറാത്ത് ജഡ്ജി. തപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജിയാണ് വിചിത്രമായ നിരീക്ഷണം നടത്തിയത്.
തെലുങ്ക് യുവ നടന്‍ സുധീര്‍ വര്‍മ ജീവനൊടുക്കി. 33 വയസായിരുന്നു. വിഷം കഴിച്ചാണ് മരിച്ചത്.
അമേരിക്കയിലെ അയോവ സംസ്ഥാനത്തെ ഡി മോയ്ന്‍ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവയ്പ്. രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരനു പരിക്കേറ്റു.