ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് തിരുവന്തപുരത്തു ബാങ്കില്‍ ലോക്കര്‍ തുറന്നതെന്ന് ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കി. ലെഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ മൊഴിയെടുക്കാന്‍ ഇഡി അന്വേഷണ സംഘം വിളിച്ചുവരുത്തി.
യുഎഇയിലെ റെഡ്ക്രസന്റിന്റെ പണം ലൈഫ് മിഷനിലേക്കു കൊണ്ടുവരണമെന്നു എം ശിവശങ്കര്‍ സ്വപ്ന സുരേഷിനു നിര്‍ദേശങ്ങള്‍ നല്‍കിയ ചാറ്റ് പുറത്ത്. 2019 സെപ്റ്റംബറിലെ വാട്സ്ആപ് ചാറ്റാണിത്. റെഡ് ക്രസന്റ് സര്‍ക്കാരിനു നല്‍കേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കര്‍തന്നെ നല്‍കി. കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്കു കത്തു നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇരുകത്തുകളും തനിക്കു തരണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു.
ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്നും ശുഹൈബ് വധകേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ച ആകാശിനെ ഉടന്‍ പൊലീസ് പിടികൂടുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ശമ്പളം ഗഡുക്കളായി തരാമെന്നു പറഞ്ഞ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണമെന്നു സിഐടിയു ആവശ്യപ്പെട്ടു. എല്ലാ ഡിപ്പോകളിലും സിഐടിയു പ്രതിഷേധിച്ചു.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെ എതിര്‍ത്ത് ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തള്ളി. വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. തൂങ്ങിമരിച്ച പറമ്പില്‍ നിന്നു കിട്ടിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഏതാനും ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും ഉണ്ടായിരുന്നു.
വിനോദ സഞ്ചാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിനു ലഭിച്ച വരുമാനം 35,168 കോടി രൂ. വരുമാനത്തില്‍ മാത്രം 186.25 ശതമാനം വര്‍ധിച്ചു. വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വര്‍ധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചെന്നൈയില്‍ നടന്ന ട്രാവല്‍ മീറ്റില്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി 200-ലേറെ ടൂറിസം സംരഭകര്‍ പങ്കെടുത്തു.
എംഡിഎംഎയും മയക്കുഗുളികകളുമായി സ്ത്രീയടക്കം മൂന്നു പേരെ പിടികൂടി. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ പരിയാരം എറമ്പന്‍ വീട്ടില്‍ അന്‍ഷാദ് (27), താഴെമുട്ടില്‍ കാവിലപ്പറമ്പ് വീട്ടില്‍ സാജിത (40) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 13 പെണ്‍കുട്ടികള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അവകാശവാദമുന്നയിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും. സമിതിയില്‍ യുവ പ്രാതിനിധ്യം ഉറപ്പ് വേണമെന്ന് സച്ചിനെ പിന്തുണക്കുന്നവര്‍ ആവശ്യപ്പെട്ടു.
രാജസ്ഥാനില്‍നിന്ന് കാണാതായ പശുക്കടത്തുകേസിലെ പ്രതിയേയും കൂട്ടുകാരനെയും ഹരിയാനയിലെ ഭിവാനി ജില്ലയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് കത്തിച്ചു കൊന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ആകാശത്തുനിന്ന് പതിച്ചത് അപൂര്‍വമായ ഉല്‍ക്കാശിലകളെന്ന് ഗവേഷകര്‍. ഇവയ്ക്കു ബുധന്‍ ഗ്രഹത്തിന്റെ ഉപരിതലവുമായി സാമ്യമുണ്ട്. ഗ്രഹപരിണാമത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഈ ഉല്‍ക്കാശിലകള്‍ സഹായകമാകും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 1852 ലാണ് ഇതിനു സമാനമായ ഉല്‍ക്ക ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്.
കര്‍ണാടകയില്‍ മിച്ച ബജറ്റ്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയിലേക്ക് എത്തിയത് ചെവിയില്‍ പൂ വച്ചാണ്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണപക്ഷം ബഹളം വച്ചു.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ആന വൈദ്യുതി വേലിയില്‍ കുടുങ്ങി. ബര്‍ക്കി വനമേഖലയില്‍ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയില്‍ തട്ടി തെറിച്ചുവീണത്.
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം. വാര്‍ത്ത പരന്നതോടെ ലാഹോറിലെ അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ നൂറുകണക്കിന് അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരും ഒത്തുകൂടി.
ട്വിറ്റര്‍ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു.
പാക് അധീന ജമ്മു കാഷ്മീരിലും ജില്‍ജിത് ബലിസ്ഥാനിലും ഭക്ഷ്യധാന്യങ്ങള്‍പോലും കിട്ടാനില്ലാതെ ജനം. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ തൊഴിലും വരുമാനവുമില്ലാതെ ജനം ദുരിതത്തിലായി. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളും ലഭ്യമല്ല.
കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ യെതി എയര്‍ലൈന്‍സ് അപകടം പൈലറ്റ് ലിവര്‍ മാറ്റി വലിച്ചതുമൂലം സംഭവിച്ചതാണെന്നു റിപ്പോര്‍ട്ട്. ലാന്‍ഡിംഗിനായി കോക്ക്പിറ്റിലെ ഫ്‌ലാപ്‌സ് ലിവര്‍ ഉപയോഗിക്കുന്നതിനുപകരം
എന്‍ജിന്‍ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന ലിവര്‍ ഉപയോഗിച്ചു. ഇതോടെ എന്‍ജിനുകളിലേക്ക് വൈദ്യുതി പ്രവാഹം നിലച്ചതാണ് അപകടത്തിനു കാരണമെന്ന് അന്വേഷണ സംഘം.